സി പി ഐ സ്ഥാനാർത്ഥിയുടെ കെട്ടിവച്ച കാശ് കളഞ്ഞ സി പി എമ്മി​ന്റെ ഇഷ്ടക്കാരൻ;അൻവർ വന്ന വഴികൾ ഇങ്ങനെ

ഒറ്റയാൻ എന്തു ചെയ്യുമെന്ന് അതിന് പോലും ഉറപ്പുണ്ടാകില്ലെന്നാണ് ആനനോട്ടക്കാരുടെ മതം. അൻവറും അതുപോലെയാണ്. വഴിയിൽ തടയുന്നതിനെ തട്ടിമാറ്റാനുള്ള വീര്യമാണ് കാണിക്കുക. അതുണ്ടാക്കുന്ന ഫലമെന്തെന്നോ ഭവിഷ്യത്ത് എന്തെന്നോ ആലോചിക്കാറില്ല.
PV Anwar, Nilambur by election
Nilambur By Election പിവി അൻവർ എംഎൽഎഫെയ്സ്ബുക്ക്
Updated on
6 min read

കേരള രാഷ്ട്രീയത്തിൽ വിവാദനായക‍ർക്ക് കുറവൊന്നും ഒരിക്കലും ഉണ്ടായിരുന്നില്ല. ഇടവേളകനുസരിച്ച് അവർ എത്തിക്കൊണ്ടിരിക്കും. പേരിനും നാടിനും മാത്രമേ മാറ്റമുണ്ടാകയുള്ളൂ. മുൻകാലങ്ങളിൽ പാ‍ർട്ടി ചട്ടക്കൂടിലായിരുന്നു വിവാദങ്ങൾക്ക് വഴിമരുന്ന് ഇട്ടിരുന്നതെങ്കിൽ ഇപ്പോഴത് മാറി. ഒറ്റയാൾ പാർട്ടിയായോ അല്ലെങ്കിൽ സ്വതന്ത്രവേഷത്തിലോ ഒക്കെയാവും അവരുടെ വരവ്. മുന്നണി സ്വാഭവമനുസരിച്ച് മുന്നണികൾക്ക് തലവേദനകൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കളും ഇടയ്ക്കിടെ പൊന്തിവരും. ഏതെങ്കിലും മുന്നണിയുടെ ഭാ​ഗമായി അവർ മുളച്ചു പൊന്തും. അവിടെ തെറ്റുമ്പോൾ മറുവശത്തേക്ക് ചേരും. രണ്ടിടത്തും ഇടം കിട്ടാതെ വരുമ്പോൾ മൂന്നാമിടം അന്വേഷിക്കും. അവർ ഏത് രൂപത്തിലും വരും എന്നതാണ് രാഷ്ട്രീയത്തിലെ കാര്യം.

അങ്ങനെ കേരള രാഷ്ട്രീയത്തിൽ കുറേ നാളുകളായായി വിവാദനായകനായി തുടർന്ന് ഇപ്പോൾ മാധ്യമങ്ങളിൽ വലിയ ഇടമൊന്നുമില്ലാതെ പോയ ഒരാളാണ് പി സി ജോർജ്. ജോർജി​ന്റെ വിവാദനായക വേഷം ഏതാണ്ട് കുറഞ്ഞു വരുന്ന കാലത്താണ് ഇടതുമുന്നണിയിൽ നിന്ന് പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് തവണ തുട‍ർച്ചയായി ഇടതുമുന്നണിക്ക് വേണ്ടി സി പി എം സ്വതന്ത്രനായി നിലമ്പൂരിൽ നിന്ന് ജയിച്ചു വന്ന പി വി അൻവ‍ർ ആയിരുന്നു പുതിയ നായകവേഷം എടുത്തത്. എം എൽ എ ആയിരിക്കുമ്പോൾ വ്യക്തിപരമായ നിലപാടുകളുടെ പേരിലും രാഷ്ട്രീയ നിലപാടുകളുടെ പേരിലും ഒട്ടേറെ വിവാദങ്ങൾ അൻവ‍ർ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴും അൻവ‍ർ വിവാദനായകനായി തുടരുകയാണ്. എൽ ഡി എഫിൽ നിന്നിറങ്ങി,പക്ഷേ യു ഡി എഫിലൊട്ട് എത്തിയതുമില്ല എന്ന നിലയിലാണ് അൻവറി​ന്റെ ഇപ്പോഴത്തെ അവസ്ഥ.

അൻവ‍റി​ന്റെ രാഷ്ട്രീയ വഴികൾ

ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തി​ന്റെ പോരാട്ടവീര്യമുള്ള മലബാറിലെ പുരാതന കുടുംബമായ പുത്തൻ വീട്ടിൽ 1967 മെയ് 26 ന് ജനിച്ച പി വി അൻവർ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂ‍ർത്തിയാക്കി. മലപ്പുറം മമ്പാട് എം ഇ എസ് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അൻവർ കുടുംബപരമായ കോൺ​ഗ്രസ് പാരമ്പര്യത്തി​ന്റെ പിന്തുർച്ച ഏറ്റെടുക്കുന്നത്. കോളജ് വിദ്യാഭ്യാസകാലത്ത് കോളജ് യൂണിയൻ ചെയർമാനായിരുന്നു പി വി അൻവ‍ർ.

കെ എസ് യു വിലൂടെ രാഷ്ട്രീയത്തിൽ സജീവമായി എത്തിയ അൻവർ പിന്നീട് യൂത്ത് കോൺ​ഗ്രസിലേക്ക് മാറി. അന്ന് കോൺ​ഗ്രസിൽ കേരളത്തിൽ കത്തി നിന്ന എ, ഐ ​ഗ്രൂപ്പുകളിൽ ഐ ​ഗ്രൂപ്പ് അഥവാ കരുണാകരൻ വിഭാ​ഗത്തിനൊപ്പമായിരുന്നു അൻവ‍ർ നിലയുറപ്പിച്ചിരുന്നത്. അൻവർ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത് കെ. മുരളീധരനെ കോൺ​ഗ്രസ് രാഷ്ട്രീയത്തിൽ ഇറക്കുന്നതിന് മുൻകൈ എടുത്ത കോൺ​ഗ്രസിലെ സജീവ പ്രവർത്തകർക്കൊപ്പം അദ്ദേഹവുമുണ്ടായിരുന്നുവെന്നാണ്. ആര്യാടൻ മുഹമ്മദും എ ​ഗ്രൂപ്പും അടക്കിവാഴുന്ന മലപ്പുറത്തും മലബാറിലും ഐ ​ഗ്രൂപ്പിന് ശക്തനായ നേതാവ് വേണമെന്ന ആ​ഗ്രഹമായിരുന്നു അതെന്നാണ് അദ്ദേഹം അഭിമുഖത്തിൽ അതേ കുറിച്ച് വിശദീകരിക്കുന്നത്.

കോൺ​ഗ്രസിൽ എ, ഐ ​ഗ്രൂപ്പുകളുടെ പടലപ്പിണക്കം മൂർദ്ധന്യത്തിലെത്തുകയും 2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് കനത്ത തോൽവി നേരിടേണ്ടി വരുകയും ചെയ്തു. മന്ത്രിയായി ചുമതലേയേറ്റ ശേഷം നിയമസഭാ​ഗംമാകാൻ മത്സരിച്ച കെ. മുരളീധരൻ കോൺ​ഗ്രസി​ന്റെ സിറ്റിങ് സീറ്റായ വടക്കാഞ്ചേരിയിൽ തോറ്റു. ഇതോടെ കോൺ​ഗ്രസിനുള്ളിൽ കലാപം രൂക്ഷമായി. കരുണാക​ന്റെ അനുയായികൾ 2005 മെയ് ഒന്നിന് ഡെമോക്രാറ്റിക് ഇന്ദിരാ കോൺ​ഗ്രസ് ( കെ) -( ഡി ഐ സി ) രൂപീകരിച്ചു. അൻവർ ഡി ഐ സി ക്കൊപ്പം പോയി. എന്നാൽ, ഡി ഐ സിക്ക് ഇടതുമുന്നണിയിൽ ഇടം കിട്ടിയില്ല. ഡി ഐ സി പിന്നീട് എൻ സി പിയിൽ ലയിക്കും കുറച്ചുപേർ കോൺ​ഗ്രസിലേക്ക് തിരികെ പോവകുയും ചെയ്തു. അങ്ങനെ അധികം വൈകാതെ ആ പാർട്ടി ഇല്ലാതായി.

ഡി ഐ സി ഇല്ലാതായതോടെ സ്വതന്ത്രനായ അൻവർ തെരഞ്ഞടുപ്പ് രം​ഗത്തേക്ക് ചുവടുവച്ചു. അവിടെ നിന്ന് സ്വതന്ത്രവേഷമായിരുന്നു അദ്ദേഹത്തിന്. ആദ്യത്തെ രണ്ട് തോൽവി, പിന്നെ രണ്ട് ജയം. ഇപ്പോൾ രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ പുതിയ പാർട്ടിയുടെ ലേബലിലാണ്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുക.

സിപി എമ്മി​ന്റെ സ്വതന്ത്ര എം എൽ എ സ്ഥാനം രാജിവച്ച് ഡി എം കെയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. അത് നടക്കാതെ വന്നപ്പോൾ ഡെമോക്രാറ്റിക് മൂവ്മെ​ന്റ് കേരള എന്ന സംഘടനയുണ്ടാക്കി. പിന്നീട് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു.

PV Anvar,Nilambur By Election
PV Anvarspecial arrangement

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അൻവർ

യൂത്ത് കോൺ​ഗ്രസ് പ്രവർത്തനത്തിനൊപ്പം ക്രഷർ ബിസിനസിൽ സംരഭകനായിരുന്ന അൻവ‍ർ രാഷ്ട്രീയ കേരളത്തിലെ ശ്രദ്ധാകേന്ദ്രമാകുന്നത് 2011 ലെ തിരഞ്ഞെടുപ്പോടുകൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അൻവർ കാലെടുത്തു വച്ചത് തന്നെ വിവാദത്തിലേക്കായിരുന്നു. 2008 ലെ മണ്ഡല പുനർനിർണ്ണയത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ രൂപം കൊണ്ട പുതിയ നിയമസഭാ മണ്ഡലമാണ് ഏറനാട്. 2011 ൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വേണ്ടി മുസ്ലിം ലീ​ഗിലെ പി കെ ബഷീർ മത്സരിക്കാനെത്തുന്നു. എൽ ഡി എഫ് സീറ്റ് സി പി ഐയക്കാണ്. അവിടെ പി വി അൻവറിനെ സ്വതന്ത്രനെ മത്സരിപ്പിക്കാമെന്ന് സി പി എം നി‍ർദ്ദേശം മുന്നോട്ട് വെക്കുന്നു. പ്രാദേശിക തലത്തിൽ സി പി ഐ , സി പി എം പ്രവർത്തകർ അൻവറിനെ സ്ഥാനാർത്ഥിയാക്കണം എന്ന് ആ​ഗ്രഹം മുന്നോട്ട് വെക്കുന്നു. എന്നാൽ, സി പി ഐ സംസ്ഥാന നേതൃത്വം ഈ ആവശ്യം തള്ളിക്കളയുന്നു. അവസാനം സി പി ഐ സ്ഥാനാർത്ഥി എൽ ഡി എഫ് ഔദ്യോ​ഗിക സ്ഥാനാ‍ർത്ഥിയായി അഷ്റഫലി കാളിയത്ത് നാമനിർദ്ദേശ പത്രിക നൽകി. എൽ ഡി എഫിലെ അസ്വാര്യസ്യങ്ങൾക്കിടയിൽ അൻവർ സ്വതന്ത്രനായി പത്രിക നൽകി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പി കെ ബഷീർ ജയിച്ചു. അൻവർ 47,452 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. സി പി ഐയുടെ അഷ്റഫലി കാളിയത്ത് വെറും 2,700 വോട്ടുമായി നാലാം സ്ഥാനത്തായി. സി പി ഐ സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശുപോലും കിട്ടിയില്ല.

അൻവർ തെരഞ്ഞെടുപ്പ് മോഹങ്ങൾ ഇവിടെ അവസാനിപ്പിച്ചില്ല. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിിൽ സ്വതന്ത്രനായി മത്സരിച്ചു. എം ഐ ഷാനവാസ് രണ്ടാമൂഴത്തിലും ജയിച്ച ആ തെരഞ്ഞെടുപ്പിൽ 37,123 വോട്ട് നേടി അൻവർ നാലാം സ്ഥാനത്തെത്തി. അൻവറിന് മുന്നിൽ എൽ ഡി എഫ്, എൻ ഡി എ സ്ഥാനാർത്ഥികളായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങളിൽ എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, ആം ആദ്മി പാർട്ടി എന്നിവരൊക്കെ അൻവറിന് പിന്നിലായി എന്ന് മാത്രമല്ല, അൻവർ സ്വതന്ത്രനായി പിടിച്ചതി​ന്റെ പകുതി വോട്ട് പോലും അവർക്ക് പിടിക്കാനുമായില്ല.

ഈ രണ്ട് മത്സരങ്ങളോടെ അൻവറിന് എൽ ഡി എഫിലേക്കുള്ള വഴി തുറന്നു. 2016ൽ സി പി എം നിലമ്പൂരിൽ നടത്തിയ സ്വതന്ത്ര പരീക്ഷണത്തിൽ നറുക്ക് വീണത് അൻവറിനായിരുന്നു. 1987 മുതൽ 2011 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ജയിച്ചു വന്ന ആര്യാടൻ മുഹമ്മദ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. ആര്യാടൻ മുഹമ്മദി​ന്റെ മകനും കോൺ​ഗ്രസ് യുവനേതാവും നിലമ്പൂർ ന​ഗരസഭാ അദ്ധ്യക്ഷനുമായിരുന്ന ആര്യാടൻ ഷൗക്കത്തായിരുന്നു കോൺ​ഗ്രസ് സ്ഥാനാർത്ഥി. വിജയം അൻവറിനൊപ്പം. 11,504 വോട്ടായിരുന്നു അൻവർ നേടിയ ഭൂരിപക്ഷം. 2021 ൽ വീണ്ടും അൻവർ മത്സരിച്ചു. വി പി പ്രകാശ് ആയിരന്നു കോൺ​ഗ്രസ് സ്ഥാനാർത്ഥി. അൻവർ ജയിച്ചുവെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞ് 2,700 ആയി. ഇപ്പോൾ സി പി എമ്മുമായും സർക്കാരുമായും തെറ്റി എം എൽ എ സ്ഥാനം രാജിവച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ (Nilambur By Election) മത്സരിക്കാനൊരുങ്ങു കയാണ് അൻവർ.

വിവാദങ്ങൾക്കൊപ്പം

വിവാദങ്ങൾക്കൊപ്പം അൻവറാണോ അൻവറിനൊപ്പം വിവാദങ്ങളോ എന്ന് ചോദിച്ചാൽ കഴിഞ്ഞ കുറച്ചുകാലമായി ആർക്കും ഉത്തരം പറയാൻ സാധിക്കില്ല. എവിടെ അൻവറുണ്ടോ അവിടെ വിവാദമുണ്ട്, അല്ലെങ്കിൽ എവിടെ വിവാദമുണ്ടോ അവിടെ അൻവറുണ്ട് എന്നതാണ് സ്ഥിതി. അൻവർ രാഷ്ട്രീയം വ്യവസായം തുടങ്ങിയ വിവാദങ്ങളിലൊക്കെ കഴിഞ്ഞ കുറച്ചു കാലമായി അൻവറുണ്ട്. കേരളത്തിൽ ആദ്യ അൻവറി​ന്റെ വാക് പ്രയോ​ഗങ്ങൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും ഇരയായത് കോൺ​ഗ്രസും ചില മാധ്യമ സ്ഥാപനങ്ങളുമാണ്. ഒരുപക്ഷേ, നിയമസഭയിലും മറ്റും സി പി എമ്മുകാരേക്കാൾ വാശിയോടെ കോൺ​ഗ്രസുകാരെ ആക്രമിക്കുന്നതിൽ അൻവർ മടിച്ചില്ല.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ നിയമസഭയില്‍ ഉയര്‍ത്തിയ 150 കോടിയുടെ അഴിമതി ആരോപണമാണ് അൻവർ ഉന്നയിച്ചത്.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്തായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരേ ഏറെ വിവാദമായ ഡി എന്‍ എ പരാമര്‍ശം. രാഹുല്‍ ഗാന്ധിയുടെ ഡി എന്‍ എ പരിശോധിക്കണമെന്നും നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ലെന്നുമായിരുന്നു എടത്തനാട്ടുകരയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അന്‍വറി​ന്റെ പ്രസം​ഗം. എൽ ഡി എഫ് വിട്ടശേഷം ഇതിനെല്ലാം അൻവർ മാപ്പ് പറഞ്ഞു. മുന്നണി വിട്ടശേഷം ചേലക്കരയിൽ നടത്തിയ ചില അധിക്ഷേപ പരമാർശങ്ങളും അൻവറിനെ വീണ്ടും വിവാദങ്ങളുടെ ചിത്രത്തിലേക്ക് കൊണ്ടു വന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തുമ്പോൾ ആര്യാടൻ ഷൗക്കത്തിനെ ഒഴിവാക്കി വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് അൻവർ ആ​ഗ്രഹിച്ചു. എന്നാൽ കോൺ​ഗ്രസ് ആ ആ​ഗ്രഹം മുഖവിലയ്ക്കെടുത്തില്ല. യു ഡി എഫിൽ ഘടകകക്ഷിയാക്കണെന്ന ആവശ്യവും അവർ പരി​ഗണിച്ചില്ല. അസോസിയേറ്റ് മെമ്പറാക്കാമെന്ന തീരുമാനം എടുത്തെങ്കിലും യു ഡി എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അത് പ്രഖ്യാപിച്ചില്ല. അടുത്ത നിയമസഭാ സീറ്റിൽ കൊടുവള്ളി സീറ്റിൽ അൻവർ ആ​ഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും അതിൽ യു ഡി എഫ് തീരുമാനം പറഞ്ഞില്ല. ഇടതുവിട്ട് വലതുമാറിയ അൻവറിന് നിരാശയുടെ ദിവസങ്ങളായിരുന്നു ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതലിങ്ങോട്ട്. അതൊക്കെ തന്നെ വിവാദങ്ങളിലൂന്നി, തനിക്കാക്കാൻ അൻവറിന് സാധിച്ചു.

vd satheesan
വിഡി സതീശന്‍ഫയൽ ചിത്രം

ഭരണപക്ഷ എം എൽ എ ആയി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കേയാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പൊടുന്നനെ അൻവർ ഭരണപക്ഷത്തിനെതിരെ തിരിഞ്ഞുനിന്നത്. ആദ്യം മലപ്പുറത്തെ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ തുടങ്ങിയ പടയൊരുക്കം പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും താൻ പിതൃതുല്യനായി കാണുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനുമെതിരായി ആക്രമണം. മലപ്പുറം എസ് പിയായിരുന്ന സുജിത് ദാസിനെതിരായ തുടങ്ങിയ ആരോപണങ്ങൾ. എസ് പി ഓഫീസിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നതെങ്കിലും പിന്നീടത് സ്വർണ്ണക്കള്ളക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം എന്നിങ്ങനെ ആരോപണങ്ങൾ, ആരോപണവിധേയരും ഉയർന്നു വന്നു.

എസ് പി സുജിത് ദാസുമായുള്ള സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ചു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപണം എ ഡി ജി പിയായിരുന്ന എം ആർ അജിത് കുമാറിലേക്ക് നീണ്ടു. താൻ ആരോപണം ഉന്നയിക്കുന്ന പലരുടെയും ഫോൺസംഭാഷണങ്ങളുടെ രേഖ കൈവശം ഉണ്ടെന്ന് അൻവർ അവകാശപ്പെട്ടു. ഈ വിവാദങ്ങൾ അവിടെയും തീർന്നില്ല. പിന്നീടത് മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി. ശശിക്കെതിരായി. പിന്നീട് അത് മുഖ്യമന്ത്രിക്ക് നേരെയായി.

അൻവറിൽ നിന്നുള്ള തിരിഞ്ഞു കുത്ത് സി പിഎമ്മിലെ നേതാക്കളേക്കാൾ സൈബർ പോരാളികളെയാണ് അമ്പരിപ്പിച്ചത്. എന്നാൽ, കോൺ​ഗ്രസിന് അതു വീണുകിട്ടിയ അവസരമായി. അവർ അതിൽ പിടിച്ചു. അൻവർ പുതിയ പാർട്ടിയിൽ ചേരാനുള്ള തീരുമാനമെടുക്കുമ്പോൾ ത​ന്റെ നിയമസഭാം​ഗത്വം റദ്ദാക്കിയേക്കുമോ എന്ന ആശങ്ക ഉണ്ടായി. അതിനാൽ അതിന് തൊട്ടുമുമ്പ് തന്നെ അദ്ദേഹം രാജിവച്ചു.

ജനുവരി മാസം ആദ്യം ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതിനെ തുടർന്ന് അന്ന് അൻവർ രൂപീകരിച്ച സംഘടനയായ ഡി എം കെയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസ് മാർച്ച് നടന്നു. ഈ മാർച്ചിൽ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അൻവറിനെ അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്തു.

photo of kerala CM Pinarayi Vijayan
Pinarayi VijayanThe New Indian Express

ക്രഷർ ബിസിനസുമായി ബന്ധപ്പെട്ടാണ് അൻവർ മറ്റൊരു വിവാദത്തിൽ കുടുങ്ങുന്നത്. മംഗളൂരു ബൽത്തങ്ങാടിയിൽ ക്രഷറിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് കാണിച്ച് മലപ്പുറം പട്ടർക്കടവ് സലിമിന്റെ പരാതിയിൽ 2017 ഡിസംബറിൽ അൻവറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. 2016ൽ ജയിച്ച് എം എൽ എ ആയി രണ്ട് വർഷം തികയാറുകമ്പോഴാണ് ഈ വിവാദം വരുന്നത്.

പി വി അൻവറി​ന്റെ റിസോ‍ർട്ടിൽ കാട്ടരുവി തടഞ്ഞ് നാല് തടയണകൾ നിർമ്മിച്ചതാണ് ഏറെ വിവാദം സൃഷ്ടിച്ച മറ്റൊരു സംഭവം. ഈ തടയണകൾ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസിൽ അൻവറിനെതിരായി കോടതി വിധി വന്നു. ഉടമകൾ പൊളിച്ചു നീക്കുന്നുല്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്തിന് ഇവ പൊളിച്ചു നീക്കാമെന്നും ഇതിന് ചെലവാകുന്ന തുക റിസോർട്ട് ഉടമകളിൽ നിന്നീടാക്കമെന്നും വിധിയിൽ വ്യക്തമാക്കി.

കാട്ടരുവിൽ തടയണ കെട്ടി നീരൊഴുക്ക് തടയുന്നത് സംബന്ധിച്ച് പരാതിയും വാർത്തയും കേസുമൊക്കെ ആയതോടെ ഇവ പൊളിച്ചു മാറ്റാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. തടയണകള്‍ പൊളിച്ചുനീക്കാത്തതിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് തടയണകള്‍ പൊളിച്ചുനീക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

അൻവർ ഇന്നത്തെ അൻവറായി മാറുന്നതിലേക്ക് സ്വയം വെട്ടിയ രാഷ്ട്രീയ വഴികളിലൂടെയുള്ള നടത്തമായിരിന്നു. കെ എസ് യു രാഷ്ട്രീയത്തിലൂടെയാണ് വരവെങ്കിലും കഴിഞ്ഞ പതിനാല് വർഷമായി അൻവറിന് "തനിവഴി"യാണ്. മലയോര മേഖലയായ നിലമ്പൂരിൽ നിന്ന് എം എൽ എയായ അൻവറി​ന്റേത് ഒറ്റയാൻ ശൈലിയാണ്. ഒറ്റയാൻ എന്തു ചെയ്യുമെന്ന് അതിന് പോലും ഉറപ്പുണ്ടാകില്ലെന്നാണ് ആനനോട്ടക്കാരുടെ മതം. അൻവറും അതുപോലെയാണ്. വഴിയിൽ തടയുന്നതിനെ തട്ടിമാറ്റാനുള്ള വീര്യമാണ് കാണിക്കുക. അതുണ്ടാക്കുന്ന ഫലമെന്തെന്നോ ഭവിഷ്യത്ത് എന്തെന്നോ ആലോചിക്കാറില്ല. പത്ത് വ‍ർഷത്തോളം എൽ ഡി എഫി​ന്റെ നാവായിരുന്ന അൻവർ പിന്നീട് കുറച്ചു കാലമായി യു ഡി എഫ് നാവായി. ഇപ്പോഴത് സ്വന്തം നാവായി അൻവർ പ്രഖ്യാപിച്ചു. ഇന്നലെ വരെ നൻപനായിരുന്ന അൻവർ ഇന്ന് എതിരിയാണ്, എൽ ഡി എഫിനും യു ഡി എഫിനും. ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com