'മഴയുടെ തീവ്രത മുതല്‍ എല്ലാം കൃത്യമായി അറിയാം'; കാലാവസ്ഥ നിരീക്ഷണത്തിന് വയനാട്ടില്‍ എക്‌സ്-ബാന്‍ഡ് റഡാര്‍

തമിഴ്‌നാട്, കര്‍ണാടകം സംസ്ഥാനങ്ങള്‍ക്കും റഡാറിന്റെ സഹായം ലഭിക്കും. കാര്‍മേഘങ്ങള്‍ എത്രദൂരത്തിലാണെന്നും ജലബാഷ്പത്തിന്റെ അളവെത്രയെന്നുമെല്ലാം കണ്ടെത്തും.
Wayanad weather radar
X-band radarപ്രതീകാത്മക ചിത്രം
Updated on

കല്‍പ്പറ്റ: സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വയനാട് പുല്‍പ്പള്ളിയില്‍ 'എക്‌സ്-ബാന്‍ഡ് റഡാര്‍' (X-band radar) സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പിടും. പഴശ്ശിരാജാ കോളജിന്റെ ഭൂമിയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നാണ് വിപുലമായ കാലാവസ്ഥാ നിരീക്ഷണ സംവിധാനം ഒരുക്കുന്നത്.

ബംഗളൂരുവിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡില്‍ (ബിഎച്ച്ഇഎല്‍) റഡാര്‍ തയ്യാറാക്കിയിട്ടുണ്ട്. കരാര്‍ അന്തിമമാക്കി പുല്‍പ്പള്ളിയില്‍ റഡാര്‍ സ്ഥാപിച്ച് ജൂലൈയ്ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. പുല്‍പ്പള്ളി പഴശ്ശിരാജാ കോളജ് പദ്ധതിക്ക് ആവശ്യമായ 9687.52 ചതുരശ്രയടി ഭൂമി 30 വര്‍ഷത്തേക്ക് സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണത്തിനും മഴമുന്നറിയിപ്പ് നല്‍കുന്നതിനും സംസ്ഥാനത്തിനാകെ പ്രയോജനപ്പെടുംവിധമാണ് റഡാര്‍ യാഥാര്‍ഥ്യമാക്കുക. തമിഴ്‌നാട്, കര്‍ണാടകം സംസ്ഥാനങ്ങള്‍ക്കും റഡാറിന്റെ സഹായം ലഭിക്കും. കാര്‍മേഘങ്ങള്‍ എത്രദൂരത്തിലാണെന്നും ജലബാഷ്പത്തിന്റെ അളവെത്രയെന്നുമെല്ലാം കണ്ടെത്തും. ഏതെല്ലാം പ്രദേശങ്ങളില്‍ എത്രമണിക്കൂര്‍ മഴയുണ്ടാകുമെന്നും തീവ്രത എത്രത്തോളമെന്നുമെല്ലാം മുന്‍കൂട്ടി മനസ്സിലാക്കാം. തിരുവനന്തപുരത്തെയും കൊച്ചിയിലെയും റഡാര്‍ ഉപയോഗിച്ചാണ് സംസ്ഥാനത്ത് പ്രധാനമായും മഴമുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കുന്നത്.

ബുധന്‍ രാവിലെ 10.30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ് എന്നിവരും പങ്കെടുക്കും. പഴശ്ശിരാജ കോളജിന് വേണ്ടി ബത്തേരി രൂപതയുടെ വികാരി ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ കീപ്പള്ളി, കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വേണ്ടി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി നീതാ ഗോപാല്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് വേണ്ടി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് എന്നിവര്‍ ധാരണപത്രത്തില്‍ ഒപ്പുവയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com