
വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ അറിയിച്ചതോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെ ട്രോളി സാമൂഹിക മാധ്യമങ്ങള്‍. ജമാ അത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയാണെന്ന് തങ്ങള്‍ ഒരു കാലത്തും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശന്‍( V D Satheesan )പറഞ്ഞതോടെയാണ് ഇത് ചൂടേറിയ ചര്‍ച്ചയായത്. ജമാ അത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെയും മുസ്ലീം ലീഗ് നേതാക്കളുടെയും വീഡിയോ ആണ് വന്‍ തോതില്‍ പ്രചരിക്കുന്നത്. എന്നാല്‍ സതീശന്റെ നിലപാടിനെ എതിര്‍ത്തും അനൂകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി.
ജമാ അത്തെ ഇസ്ലാമിയുടെ വര്‍ഗീയ നിലപാട് തുറന്നുകാണിക്കുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ വിഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. അതില്‍ ജമാ അത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗലനാ മൗദൂദിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്.
'ജമാ അത്തെ ഇസ്ലാമിയുടെ മതരാഷ്ട്രം തീവ്രവാദമാണ്. അത് വര്‍ഗീയമാണ്. മതേതര പാര്‍ട്ടിയായ മുസ്ലീം ലീഗിന് അത് അംഗീകരിക്കാന്‍ കഴിയില്ല' - പികെ ഫിറോസിന്റെതായി പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഇതിലേറെ രൂക്ഷമാണ് കെഎം ഷാജിയുടെ മൗദൂദിയ്‌ക്കെതിരായ വിമര്‍ശനം. 'ഇവിടെ മരിച്ചുപോയാല്‍ സ്വര്‍ഗത്തിലെത്തണമെങ്കില്‍ ഇസ്ലാമിക രാഷ്ട്രം വരണമെന്ന് പറഞ്ഞയാളാണ് മൗദൂദി. മനുഷ്യത്വവിരുദ്ധമായ നിലപാടിന്റെ പേരില്‍ സൗദിയിലെ വിദ്യാലയങ്ങളിലും ലൈബ്രറിയിലും മൗദൂദിയുടെ പുസ്തകങ്ങള്‍ നിരോധിച്ചതാണ്. എന്നാല്‍ കേരളത്തില്‍ ഇഷ്ടം പോല വില്‍ക്കുന്നു. അവര്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ തീ പോലെ അപകടമാണ്. മതവിരുദ്ധമായ ആശയം ആണ് അവര്‍ പ്രചരിപ്പിക്കുന്നത്'.
'ഇന്ത്യാ രാജ്യം ജനാധിപത്യ രാജ്യമാണ്. ന്യനപക്ഷത്തിന്റെ ദുര്‍ബലതയുടെ അകത്തിരുന്നുകൊണ്ട് പറയുന്ന മനുഷ്യസൗഹര്‍ദം കാപട്യമാണ്. ആ കാപട്യം ഉറയില്‍ മറച്ചുവയ്ക്കുന്ന വാളുകാണാത്ത സൗഹൃദമാണ്. നിങ്ങള്‍ക്ക് ഇന്ത്യയോട് ലയിച്ചുചേരണമെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയതുകൊണ്ട് കാര്യമില്ല. മൗലാന മൗദൂദിയെ തള്ളിപ്പറയണം. ജമാ അത്തെ ഇസ്ലാമിക വിരുദ്ധം മാത്രമല്ല, മനുഷ്യത്വ വിരുദ്ധം കൂടിയാണ്'.
വിഡി സതീശന്റെ ജമാ അത്തെ ഇസ്ലാമി അനൂകൂല നിലപാടിനോട് ലീഗിനകത്തും കോണ്‍ഗ്രസിനകത്തുതന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളതായാണ് സൂചന. എന്നാല്‍ ഈ അവസരം തങ്ങള്‍ക്ക് അനുകൂലമാക്കുന്ന രീതിയില്‍ ഉപയോഗിക്കുകയാണ് ഇടതിനെ പിന്തുണയ്ക്കുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പുകള്‍. ബിന്‍ലാദന്‍ ഉണ്ടായിരുന്നെങ്കില്‍ അവനെ വരെ സതീശന്‍ കൂടെക്കൂട്ടുമെന്ന് പറഞ്ഞവരുമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ആവശ്യപ്പെട്ടവര്‍ സിപിഎമ്മാണെന്ന് വാദിക്കുന്നവരും ഉണ്ട്. ഏതായാലും വരും ദിവസങ്ങളിലും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചകള്‍ ചൂടേറും
എന്നാല്‍ തങ്ങളെക്കാള്‍ മുന്‍പേ ജമാ അത്തെ ഇസ്ലാമിയെ പിന്തുണച്ചവര്‍ സിപിഎമ്മാണെന്നാണ് സതീശന്‍ പറയുന്നത്. നേരത്തെ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പറഞ്ഞ പരാമര്‍ശങ്ങളും സതീശന്‍ ഉയര്‍ത്തിക്കാട്ടി. 'മുസ്ലീം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ദേശീയ സാര്‍വദേശീയ രംഗത്തൊക്കെ അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അവരുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നു.' പിണറായി വിജയന്‍ 2009-ല്‍ പറഞ്ഞതാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.
ജമാഅത്തെ ഇസ്ലാമി പിന്തുണ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാഹായിച്ചെന്നാണ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുമായി മുന്‍പും ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും എന്നെ കാണാന്‍ അവര്‍ തലയില്‍ മുണ്ടിട്ടല്ല വന്നതെന്നുമാണ് പിണറായി വിജയന്‍ 2011-ല്‍ വടക്കാഞ്ചേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞത്. 'ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്നു പറയാനുള്ള വിഡ്ഢിത്തം ഞങ്ങള്‍ പറയില്ല. സി.പി.എം നിലപാടുകള്‍ പ്രശ്നാധിഷ്ഠിതമാണ്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നോ അല്ലെന്നോ പറയാന്‍ സി.പി.എം തയാറല്ല. സാമ്രാജ്യത്വ വിരുദ്ധത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സി.പി.എമ്മിനും ജമാഅത്തെ ഇസ്ലാമിക്കും ഒരേ നിലപാടാണ്.' - 2011-ല്‍ പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞതാണ്. ജമാഅത്ത് ഇസ്ലാമിയുമായി ചര്‍ച്ച നടത്തിയതില്‍ കോണ്‍ഗ്രസിന് എന്തിനാണ് ഇത്ര വേവലാതി എന്നതാണ് പിണറായി വിജയന്റെ മറ്റൊരു പ്രസ്താവനയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ