
കൊച്ചി: എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ കേരളം കേന്ദ്രത്തിന് നല്‍കിയിട്ടുള്ളൂ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ( Suresh Gopi ). മൂന്ന് ഓപ്ഷനുകളാണ് നല്‍കേണ്ടത്. എന്നാല്‍, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങള്‍ മാധ്യമങ്ങള്‍ അന്വേഷിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കേരളത്തില്‍ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തര്‍ക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചോദിക്കാന്‍ വരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ കാര്യകാരണ സഹിതം വിശദമാക്കിയിട്ടുണ്ട്. പിന്നീട് കേരള സര്‍ക്കാര്‍ പല തവണ അതില്‍ പല കറക്ഷനുകള്‍ വരുത്തി. ഒടുവില്‍ ഇ ശ്രീധരന്‍ നല്‍കിയ പ്രൊപ്പോസല്‍ ലിങ്ക് ചെയ്ത് കേരള സര്‍ക്കാര്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ മുന്നിലെത്തിയിട്ടുണ്ട്. അതിന്റെ ക്ലിയറിന്‍സിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് അദ്ദേഹം പറയണം. അതു ഫൈനലൈസ് ചെയ്തിട്ടില്ലേയെന്ന ചോദ്യത്തിന്, ഇല്ല എന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.
2019-ല്‍ താന്‍ മെട്രോ നീട്ടുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും അവഹേളിച്ചെന്നും എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. 2019-ല്‍ മെട്രോയെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും അവഹേളിച്ചതാണ്. അത് വാഗ്ദാനമേ അല്ലായിരുന്നു. കോയമ്പത്തൂര്‍ വരെ, അല്ലെങ്കില്‍ പാലക്കാട്, പാലിയേക്കര, അല്ലെങ്കില്‍ ചാലക്കുടി, നെടുമ്പാശ്ശേരി... എന്ന് പറയുന്നത് സ്വപ്നമാണ്. ഒരു സ്വപ്നമായിട്ടാണ് അന്ന് അത് അവതരിപ്പിക്കാന്‍ കഴിഞ്ഞത്. 2024-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ വീണ്ടും അത് ഉന്നയിച്ചു. ഇപ്പോഴും ആ സ്വപ്നം സ്വപ്നമായി നിലനില്‍ക്കുന്നു. പക്ഷെ, യാഥാര്‍ത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യം ഉണ്ട്. സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര ഭവന, നഗരകാര്യവകുപ്പ് മന്ത്രി മനോഹര്‍ ലാലുമായി മെട്രോ കാര്യം ചര്‍ച്ചചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത്, കേരളത്തില്‍ ആര്‍ആര്‍ടിഎസ് (റാപ്പിഡ് റെയില്‍ ട്രാന്‍സ്ഫര്‍ സിസ്റ്റം) പദ്ധതിയാണ് യോജിച്ചത് എന്നായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന കപ്പലപകടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിത്. നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കില്‍ കേന്ദ്രം തീര്‍ച്ചയായും ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മ്മാണം അന്വേഷണ വിധേയമാക്കേണ്ടതാണ്. വയല്‍ക്കിളികളുടെ സമരത്തിനൊപ്പം നിന്നപ്പോള്‍, പദ്ധതി പൊളിക്കാന്‍ നിന്നവരുടെ കൂട്ടത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞവരുണ്ടായിരുന്നു. ഇന്നും താന്‍ വയല്‍ക്കിളികള്‍ക്കൊപ്പമാണ്. നിര്‍മ്മിക്കപ്പെടുന്ന റോഡില്‍ പരിരക്ഷ ഉറപ്പുവരുത്തിയിട്ടാണോ ഡിപിആര്‍ 3 യിലേക്ക് പോയത്. എങ്കില്‍ പിന്നെ ഡിപിആര്‍ 1 എന്തിനാണ്? ആ ഡിപിആര്‍ 1 ആണ് സേഫ് ആയിരുന്നതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുകയാണ്. അതിനാല്‍ ശശി തരൂരിനും പുകഴ്ത്താം. തരൂരിന്റെ നിലപാടില്‍ സംഘ ചായ് വുണ്ടെങ്കില്‍ അതില്‍ വ്യക്തത വരുത്തേണ്ടത് അദ്ദേഹം തന്നെ ആണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ