

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ( Binoy Viswom ) പാര്‍ട്ടി നേതാക്കളുടെ വിമര്‍ശന ശബ്ദരേഖയില്‍ നേതൃത്വം ഇടപെടുന്നു. ജൂണ്‍ 24 ന് ചേരുന്ന പാര്‍ട്ടിയുടെ ( CPI ) അടുത്ത സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം, ആരോപണങ്ങളുടെ ഗൗരവവും പൊതുജനശ്രദ്ധയും കണക്കിലെടുത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശബ്ദരേഖയിലുള്ള രണ്ട് പാര്‍ട്ടി നേതാക്കളില്‍ നിന്നും സംസ്ഥാന നേതൃത്വം വിശദീകരണം തേടും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ, പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കമല സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ എം ദിനകരനും നടത്തിയ വിമര്‍ശനങ്ങളുടെ ഓഡിയോ ക്ലിപ്പുകളാണ് പുറത്തു വന്നത്. ഇത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു.
നേതാക്കളുടേതെന്ന് ആരോപിക്കപ്പെട്ട് പുറത്തുവന്നിട്ടുള്ള ഓഡിയോ ക്ലിപ്പില്‍, ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുള്ള കഴിവില്ലെന്നും, അദ്ദേഹത്തിന്റെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും വിമര്‍ശിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം അപമാനകരമായി ഒഴിയേണ്ടി വന്നേക്കാമെന്നും ഓഡിയോ ക്ലിപ്പില്‍ സൂചിപ്പിക്കുന്നു.
സിപിഐ സമ്മേളനം നടക്കുന്ന കാലയളവിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാറിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍, അദ്ദേഹത്തെ അടുത്ത സംസ്ഥാന സെക്രട്ടറിയായി നിയമിക്കണമെന്ന നിര്‍ദ്ദേശവും ഓഡിയോ ക്ലിപ്പിലുണ്ട്. പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ ഇഷ്ടപ്പെട്ട ചോയ്‌സ് ആയിരുന്നു സന്തോഷ് കുമാറെന്നും ക്ലിപ്പില്‍ അഭിപ്രായപ്പെടുന്നുണ്ട്.
സിപിഐ എറണാകുളം ജില്ലാ ഘടകത്തിലെ വിഭാഗീയതയാണ് ഓഡിയോ ക്ലിപ്പ് ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സിപിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കെ എം ദിനകരനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും, പുരത്തു വന്ന തരത്തിലുള്ള ഈ പ്രത്യേക സംഭാഷണം നടന്നിട്ടില്ലെന്ന് കമല സദാനന്ദന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. വിഭാഗീയത മൂലം എറണാകുളം ജില്ലയില്‍ ചില ലോക്കല്‍ സമ്മേളനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് ആളുമാറിയതാകാനാണ് വഴിയെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
