

തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 4 ഇടങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ (Food street )സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കി വരുന്നത്. വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ മാതൃകാ പദ്ധതിയാണ് ഇത്. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ച ആധുനിക ഫുഡ് സ്ട്രീറ്റുകളാണ് ഇവയെന്നും മന്ത്രി വ്യക്തമാക്കി.
ഫുഡ് സ്ട്രീറ്റുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ശുചിത്വവും ഉറപ്പാക്കുകയാണ് മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് സ്ട്രീറ്റുകള്‍ പദ്ധതിയിലൂടെ കൂടുതല്‍ മികവുറ്റതാക്കും. ഭക്ഷ്യജന്യ രോഗങ്ങള്‍ കുറച്ച് പൊതുജനാരോഗ്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക തൊഴില്‍ മേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങള്‍ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.
തിരുവനന്തപുരം ജില്ലയില്‍ ശംഖുമുഖത്തുള്ള ഫുഡ് സ്ട്രീറ്റാണ് നവീകരിച്ചത്. നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണച്ചുമതല. എറണാകുളത്ത് കസ്തൂര്‍ബ നഗറില്‍ ജിസിഡിഎ സഹകരണത്തോടെയും മലപ്പുറത്ത് ഡിടിപിസിയുടെ സഹകരണത്തോടെയും കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയുമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്.
ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഫോസ്ടാക് പരിശീലനം ലഭിച്ച ജീവനക്കാരുടെ സേവനം ഉറപ്പാക്കും. ഭക്ഷ്യ സുരക്ഷയോടൊപ്പം പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കും. ടോയിലറ്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും കൃത്യതയോടെയുള്ള മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനവും കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും.
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സഹകരണം പദ്ധതിക്കുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
