അട്ടപ്പാടി ഭൂമി തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് പകരം ഉപയോഗശൂന്യമായ ഭൂമി നല്‍കിയെന്ന പരാതിയിലാണ് നടപടി
Human Rights Commission
Kerala State Human Rights Commission - മനുഷ്യാവകാശ കമ്മീഷന്‍File
Updated on
1 min read

പാലക്കാട്: അട്ടപ്പാടിയില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ വാങ്ങിയ ഭൂമി തട്ടിയെടുത്തെന്ന പരാതി‍യില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് (Human Rights Commission ) മനുഷ്യാവകാശ കമ്മീഷന്‍. ഭൂമിയും വീടുമില്ലാത്ത പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് പകരം ഉപയോഗശൂന്യമായ ഭൂമി നല്‍കിയെന്ന പരാതിയിലാണ് നടപടി. വിഷയം ഡി വൈ എസ്പി റാങ്കില്‍ കുറയാത്ത ഒരു പൊലീസുദ്യോഗസ്ഥനെ നിയോഗിച്ച് പ്രാഥമികമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

10 പട്ടികജാതി കുടുംബങ്ങള്‍ക്ക് തീറാധാരപ്രകാരം അനുവദിച്ച് നല്‍കിയ സ്ഥലം സര്‍വേ നടത്തി അളന്ന് തിരിച്ച് ഉടമസ്ഥര്‍ക്ക് യഥാസമയം നല്‍കുന്നതില്‍ പട്ടികജാതി വകുപ്പിന് വീഴ്ച സംഭവിച്ചതായി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പരാതിക്കാരന്റെയും ഇരയാക്കപ്പെട്ട മറ്റുള്ളവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയും രേഖകള്‍ പരിശോധിച്ചും പ്രാഥമിക അന്വേഷണം നടത്തണം. അന്വേഷണത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കുറ്റകൃത്യം കണ്ടെത്തിയാല്‍ നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നല്‍കിയ ഭൂമി ഉപയോഗശൂന്യമാണെങ്കില്‍ഉപയോഗയോഗ്യമായ ഭൂമി നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അഗളി ഭൂതിവഴി ഭൂപതി നിവാസില്‍ ഭൂപതിക്ക് അനുവദിച്ച സ്ഥലം കുഴിയായതിനാല്‍ വേണ്ടെന്ന് പറഞ്ഞ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം പകരം ഭൂമി കണ്ടെത്തി 6 മാസത്തിനകം നല്‍കണമെന്ന് കമ്മീഷന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വീകരിച്ച നടപടികള്‍ ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിക്കണം.

2016-17 ലാണ് 6 സെന്റ് സ്ഥലം വീതം ഒരാള്‍ക്ക് 3,75,000 രൂപക്ക് ഗോവിന്ദരാജ് എന്നയാളില്‍ നിന്നും പട്ടികജാതി വകുപ്പ് വിലകൊടുത്ത് വാങ്ങിയത്. എന്നാല്‍ ഇതേ സ്ഥലം ഗോവിന്ദരാജിന്റെ മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് മറ്റൊരാള്‍ക്ക് മറിച്ചു വിറ്റുവെന്നാണ് ആരോപണം. പട്ടികജാതി വിഭാഗക്കാരായ ഭൂരഹിതരുടെ അജ്ഞത മുതലെടുത്താണ് മറുകച്ചവടം നടത്തിയതെന്ന് കമ്മീഷന്റെ അന്വേഷണവിഭാഗം കണ്ടെത്തി. എന്നിട്ട് ഉപയോഗശൂന്യമായ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് കൃത്യവിലോപമുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. സംസ്ഥാനത്ത് ഒട്ടാകെ പട്ടികജാതി പട്ടികവര്‍ഗത്തിലെ അതിദുര്‍ബല വിഭാഗത്തിലുള്ള ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ ക്രയവിക്രയത്തിലുംഭവനനിര്‍മ്മാണത്തിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കമ്മീഷന്‍ അന്വേഷണവിഭാഗം ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് 10 പട്ടികജാതി കുടുംബങ്ങള്‍ക്ക് നേരത്തെ അനുവദിച്ച സ്ഥലം അളന്ന് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് കമ്മീഷന്റെ പുതിയ ഉത്തരവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com