
കൊച്ചി : മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി(High court of kerala). ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന വകുപ്പ് ഭേദഗതി ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം അറിയിക്കാനും ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി എം മനോജ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന 13ാം വകുപ്പ് ദുരന്തനിവാരണ നിയമത്തില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കോടതിയുടെ പ്രതികരണം.
ദുരന്തനിവാരണ നിയമത്തില്‍ നിന്ന് 13-ാം വകുപ്പ് ഒഴിവാക്കിയതോടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളോടു ശുപാര്‍ശ ചെയ്യാനുള്ള നിയമാധികാരം അതോറിറ്റിക്ക് ഇല്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എ ആര്‍ എല്‍ സുന്ദരേശന്‍ കോടതിയില്‍ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള ദുരന്ത നിവാരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചു. എന്നാല്‍ നിയമ തത്വസംഹിതകളെ കുറിച്ച് അണ്ടര്‍ സെക്രട്ടറിയില്‍ നിന്ന് തങ്ങള്‍ക്ക് പാഠം ഉള്‍ക്കൊള്ളാന്‍ പറ്റില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
അതോറിറ്റിക്ക് അധികാരമില്ലെങ്കില്‍ സര്‍ക്കാരിന് അതുണ്ട്. ഒരു കാര്യം ചെയ്യാനുള്ള മടി മനസ്സിലാക്കാം. എന്നാല്‍ അധികാരമുണ്ട്, പക്ഷേ ചെയ്യുന്നില്ല എന്നു പറയാനുള്ള ധൈര്യമെങ്കിലും കാട്ടണമെന്ന് കോടതി അഭിപ്രായപ്പെട്ടു. 13ാം വകുപ്പ് ഒഴിവാക്കിയതിനാല്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്നാണ് അണ്ടര്‍ സെക്രട്ടറിയുടെ നിലപാടെങ്കില്‍ രാജ്യത്തെ നിയമം ഇതാണോയെന്ന് കോടതി ചോദിച്ചു. അതോറിറ്റിക്ക് അധികാരമില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല എന്നാണോ അര്‍ഥമെന്നും കോടതി ചോദിച്ചു. 13ാം വകുപ്പ് ഒഴിവാക്കിയതിന് മുന്‍കാല പ്രാബല്യമുണ്ടോയെന്ന് ഉള്‍പ്പെടെ വ്യാഖ്യാനിക്കേണ്ടതു ഹൈക്കോടതിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയതാണ് കാരണമെന്നും കേന്ദ്രം പറഞ്ഞു. ഓരോ ദുരന്തത്തിലും വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ടെന്നായിരുന്നു ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. ഭരണഘടനയുടെ 73-ാം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാം. വായ്പ എഴുതിത്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന് നടപടി സ്വീകരിക്കാനാകും. ഇല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അശക്തരെന്ന് പറയേണ്ടിവരും. വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച കൂടി സമയം നല്‍കി.
ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാത്തതില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി നേരത്തേയും രംഗത്തെത്തിയിരുന്നു. വായ്പ എഴുതിത്തള്ളാന്‍ തീരുമാനമെടുക്കണമെന്ന് നിര്‍ദേശം നല്‍കികൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവും ഇറക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍നടപടിയുണ്ടായില്ല. ഇതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates