ഉപതെരഞ്ഞെടുപ്പിൽ ലീ​ഗി​ന്റെ കോണി ഇറങ്ങിപ്പോയ വോട്ട്, കോട്ട പിടിച്ചെടുത്ത സിനിമാക്കാരൻ

ലീ​ഗ് തങ്ങളുടെ കോട്ടയിൽ നിന്നു ജയിച്ചു കയറാൻ ആരെ നിർത്തിയാലും സാധിക്കുമെന്ന ഉറപ്പുണ്ടായിരുന്നുവെങ്കിലും നിർത്തിയത് എതിരാളിക്കൊത്ത പോരാളിയെയായിരുന്നു. കേരളത്തിൽ പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിനിടയിൽ ഏറെപ്രശസ്തനായ പ്രഭാഷകനും സാമൂഹിക സാംസ്കാരിക മേഖലകളിൽ ഏറെ സ്വാധീനമുള്ള ഡോ. അബ്ദുൾ സമദ് സമദാനിയാണ് നിയമസഭയിലേക്ക് കോണി കയറാൻ ​ഗുരുവായൂരെത്തിയത്.
PT Kunji Muhammed, Guruvayoor by election, Film maker
Nilambur by election:പി ടി കുഞ്ഞിമുഹമ്മദ് ഫേസ് ബുക്ക്
Updated on
3 min read

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ (Nilambur by election)ആര്യാടൻ ഷൗക്കത്ത് എന്ന രാഷ്ട്രീയക്കാരനെക്കാളേക്കാൾ കൂടുതൽ കേരളത്തിൽ അറിയപ്പെടുക, ആര്യാടൻ ഷൗക്കത്ത് എന്ന സിനിമാക്കരനാകും. രാഷ്ട്രീയത്തിൽ പിതാവ് ആര്യാടൻ മുഹമ്മദി​ന്റെ നിഴലിലാണിന്നും ഷൗക്കത്ത്. എന്നാൽ ഷൗക്കത്ത് ഉപതെരഞ്ഞെപ്പിൽ മത്സരിക്കുന്ന ആദ്യത്തെ സിനിമാക്കരനല്ല, കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ എതിരാളിയുടെ കോട്ട പിടിച്ചെടുത്ത ഒരു സിനിമാക്കാരനുണ്ട്. സ്ഥാനാർത്ഥിയായതും വിജയിച്ചതുമൊക്കെ സിനിമാക്കഥയിൽ എതിരാളിയെ നിലംപരിശാക്കുന്ന നായകന്മരാരുടെ കഥ പോലെയായിരുന്നു ആ ഉപതെരഞ്ഞടുപ്പ്.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഏറെ വീറും വാശിയുമോടെ നടന്ന ഒന്നാണ് 1994 ലെ ​ഗുരുവായൂർ ഉപതെരഞ്ഞെടുപ്പ്. 1977 മുതൽ മുസ്‌ലിം ലീഗ് സ്ഥിരമായി ജയിച്ചിരുന്ന മണ്ഡലമായിരുന്നു ഗുരുവായൂർ.മുസ്ലീം ലീ​ഗി​ന്റെ പ്രമുഖരായ നേതാക്കൾ മത്സരിച്ച് ജയിക്കുന്ന മണ്ഡലമായിരുന്നു അന്ന് ​ഗുരുവായൂർ. കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായിരുന്നു പി.എം. അബൂബക്കറാണ് 1991 ലെ തെരഞ്ഞെടുപ്പിൽ ആ മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭയിലേക്ക് എത്തിയത്. മുസ്ലിം ലീ​ഗി​ന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തി​ന്റെ ന്യൂസ് എഡിറ്റർ കൂടിയായിരുന്നു അബൂബക്കർ.

1992 ഡിസംബർ ആറിന്, ബാബറി മസ്ജിദ് തകർത്തതിനെ തുടർന്ന് ലീഗിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉടലെടുത്തു. കോൺഗ്രസ് മുന്നണിയിൽ ലീഗ് തുടരുമ്പോൾ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് പ്രധാനമന്ത്രിയായ നരസിംഹ റാവു നൽകിയ മൗനാനുവാദം ബാബറി മസ്ജിദ് തകർക്കുന്നതിന് സഹായകമായി എന്നും കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. അന്ന് ഇബ്രാഹിം സുലൈമാൻ സേഠും അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ലീഗിൽ നിന്നും വിട്ടു. അതിൽ സ്ഥാനമുണ്ടായിരുന്ന ഒരാൾ പി എം അബൂബക്കറാണ്. അദ്ദേഹം ആ സ്ഥാനം രാജിവച്ചു. തുടർന്നാണ് ​ഗുരുവായൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ 1994 ഒക്ടോബർ 17ന് ഇദ്ദേഹം നിര്യാതനായി

അവിടെ നിന്ന് ഇടതുപക്ഷത്തി​ന്റെ ഒരാൾ ജയിക്കുക എന്നത് അന്ന് സ്വപ്നത്തിൽ പോലും ആരും വിചാരിക്കാത്ത കാലം കൂടെയായിരുന്നു അത്. 1991 ൽ ജില്ലാ കൗൺസിലിൽ ഇടതുപക്ഷത്തിന് കേരളത്തിൽ വലിയ ജയം നേടാനായെങ്കിലും തുടർന്ന് നടന്ന നിയമസഭ , ലോകസഭ തെരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങി പ്രതിപക്ഷത്തിരിക്കുകയായിരുന്നു എൽ. ഡി എഫ്. ​ഗുരുവായൂർ മണ്ഡലത്തിൽ ആര് മത്സരിക്കുന്നു എന്നതിനേക്കാൾ ലീ​ഗി​ന്റെ ചിഹ്നം കണ്ടാൽ വോട്ട് കോണി കയറി വരും എന്നാണ് യു ഡി എഫി​ന്റെ മാത്രമല്ല പൊതുവിശ്വാസം പോലും അങ്ങനെയായിരുന്നു. വിജയം ഉറപ്പിച്ച് ലീ​ഗും യു ഡി എഫും മുന്നോട്ട് പോകുമ്പോഴാണ് ഇടതുമുന്നണിയിൽ സി പി എമ്മി​ന്റെ സീറ്റായാ ​ഗുരുവായൂരിൽ അപ്രതീക്ഷിതമായി ഒരു സ്ഥാനാ‍ർത്ഥി വരുന്നത്.

പ്രവാസ ജീവിതത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തി വീണ്ടും സിനിമാ സാംസ്കാരിക രം​ഗത്ത് സജീവമായയി നിന്നിരുന്ന പി ടി കുഞ്ഞിമുഹമ്മദിനെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാൻ സി പി എം തീരുമാനിച്ചു. ​ഉപ്പ് എന്ന പവിത്ര​ന്റെ സിനിമയിൽ അഭിനയിക്കുകയും അശ്വത്ഥാമാവ്, സ്വരൂപം, പുരുഷാർത്ഥം എന്നീ സിനിമകളുടെ നിർമ്മാതാവുകയും ചെയ്ത ശേഷം അദ്ദേഹം 1993 ൽ അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത മ​ഗരിബ് സിനിമ പുറത്തുവരുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത കാലമായിരുന്നു അത്. അദ്ദേഹത്തെ സിപി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ സി പി എമ്മിലെ മറ്റ് പ്രദേശങ്ങളിലുള്ളവർ പോലും ഞെട്ടി. ലീ​ഗി​ന്റെ കോട്ടയിൽ രാഷ്ട്രീയമണ്ഡലത്തിൽ ഏറെയൊന്നും കേട്ടിട്ടില്ലാത്ത സ്ഥാനാർത്ഥി.

ലീ​ഗ് തങ്ങളുടെ കോട്ടയിൽ നിന്നു ജയിച്ചു കയറാൻ ആരെ നിർത്തിയാലും സാധിക്കുമെന്ന ഉറപ്പുണ്ടായിരുന്നുവെങ്കിലും നിർത്തിയത് എതിരാളിക്കൊത്ത പോരാളിയെയായിരുന്നു. കേരളത്തിൽ പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിനിടയിൽ ഏറെപ്രശസ്തനായ പ്രഭാഷകനും സാമൂഹിക സാംസ്കാരിക മേഖലകളിൽ ഏറെ സ്വാധീനമുള്ള ഡോ. അബ്ദുൾ സമദ് സമദാനിയാണ് നിയമസഭയിലേക്ക് കോണി കയറാൻ ​ഗുരുവായൂരെത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ആ സീറ്റ് യു ഡി എഫ് പാട്ടും പാടി ജയിച്ചു എന്ന് തന്നെ കേരളത്തിലെ രാഷ്ട്രീയ പണ്ഡിതന്മാരും നിരീക്ഷരും മാധ്യമങ്ങളും വിലയിരുത്തി. ‌

എന്നാൽ, കാര്യങ്ങൾ ജനം മറ്റൊരുവിധത്തിൽ തീരുമാനിച്ചു. ചാവക്കാട് ഏനമാവുകാരനായ പി ടി കുഞ്ഞിമുഹമ്മദ് ചെണ്ട ചിഹ്നത്തിൽ ഇടതുമുന്നണി സ്വതന്ത്രനായി മത്സരിച്ചു. ഫലം വന്നപ്പോൾ നിരീക്ഷകരും എതിരാളികളും മാത്രമല്ല, ഇടതുപക്ഷ ക്യാമ്പ് പോലും ഞെട്ടി. യു ഡി എഫിനെ ചെണ്ട കൊട്ടിച്ച ജയമായിരുന്നു പി ടി കുഞ്ഞിമുഹമ്മദി​ന്റേത്. പിന്നീട്, 1996 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും ചെണ്ട ചിഹ്നത്തിൽ അദ്ദേഹം അവിടെ നിന്നും ജയിച്ചു. 1994 ലെ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ ​ഗതിമാറ്റത്തി​ന്റെ സൂചനയായിരുന്നു എന്ന് പിന്നീട് പലരും വിലയിരുത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു പാർട്ടിക്കോ ചിഹ്നത്തിനോ ഒപ്പം നിൽക്കുന്ന കാലത്ത് നിന്നുള്ള മാറ്റത്തി​ന്റെ ആദ്യ കാറ്റ് വീശിയത് ​ഗുരുവായൂരിലായിരന്നു. 2001 ൽ യു ഡി എഫ് 100 സീറ്റ് നേടി വിജയിച്ചപ്പോൾ ആ മണ്ഡലത്തിൽ നിന്ന് ലീ​ഗി​ന്റെ പ്രമുഖ നേതാവായ പി കെ കെ ബാവ, പി ടി കുഞ്ഞിമുഹമ്മദിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. പക്ഷേ, പിന്നീട് നടന്ന നാല് തെരഞ്ഞെടുപ്പിലും (2006 മുതൽ 2021 വരെ) സി പി എമ്മി​ന്റെ സ്വന്തമാണ് ​ഗുരുവായൂർ മണ്ഡലം.

എങ്ങനെയാണ് തന്നിലേക്ക് ആ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാ‍ർത്ഥിത്വം എത്തിയത് എന്ന് ഇന്നും അത്ഭുതകരമാണെന്ന് പി ടി കുഞ്ഞിമുഹമ്മദ് പറഞ്ഞു. സിപി എമ്മിലെ പ്രാദേശികമായ ചില നേതാക്കളെ അറിയാം എന്നല്ലാതെ വലിയ ബന്ധങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. പി ജിയെയും (പി. ​ഗോവിന്ദപിള്ള) ഇ എം ശ്രീധരനെയും തൃശൂരിലെ ബേബി ജോൺ മാഷെയും ആണ് അറിയാമായിരുന്ന വലിയ നേതാക്കൾ. പക്ഷേ, ഒരു ദിവസം പാർട്ടിക്കാർ വന്ന സ്ഥാനാർത്ഥിയാകുന്ന കാര്യം പറഞ്ഞു. പത്ത് വർഷം വിദേശത്ത് ഫ്രഞ്ച് കമ്പനിയിൽ ജോലി ചെയ്ത ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്ന് സാംസ്കാരിക പ്രവർത്തനങ്ങളും സിനിമയുമൊക്കെയായി മുന്നോട്ടുപോകുകയായിരുന്നു ഞാൻ. ഇടതുപക്ഷത്തോടുള്ള താൽപ്പര്യം കൊണ്ട് മത്സരത്തിന് തയ്യാറായി. അത് ​ഗുരുവായൂറി​​ന്റെ ചരിത്രം മാറ്റിയെഴുതുമെന്ന് അന്നൊന്നും അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com