

മലപ്പുറം: നിലമ്പൂരിലെ ഇടതു പക്ഷ സ്ഥാനാര്‍ഥി എം സ്വരാജുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് സ്വാരാജിനെന്ന് ഗായകനും സംഗീതജ്ഞനുമായ ഷഹബാസ് അമന്‍ (Shahabaz Aman). ഉപതെരഞ്ഞെടുപ്പില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പക്ഷം പ്രഖ്യാപിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഫെയ്‌സ്ബുക്കിലൂടെ ഷഹബാസ് അമന്റെ പ്രഖ്യാപനം.
നിലമ്പൂരില്‍ നടക്കുന്നത് കേരളരാഷ്ട്രീയത്തിന്റെ വിധി നിശ്ചയിക്കുന്ന അതി നിര്‍ണ്ണായകമായ ഒരു മത്സരമാണ് എന്ന് കരുതുന്നില്ലെന്ന് ഷഹബാസ് അമന്‍ പറഞ്ഞു. പാര്‍ട്ടികളുടെയും വ്യക്തികളുടെയും 'അഭിമാനം' അവിടെ നന്നായി വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന് മാത്രം. എങ്കിലും, എം സ്വരാജിനെ ജയിപ്പിച്ചു കൊണ്ട് ഈ തെരഞ്ഞെടുപ്പിനെ നിലമ്പൂരിലെ വോട്ടര്‍മാര്‍ക്ക് താരതമ്യേന കുറച്ച് കൂടി രാഷ്ടീയമാനമുള്ള ഒന്നാക്കി മാറ്റാന്‍ കഴിയുമെന്ന് ഷഹബാസ് അമന്‍ പറഞ്ഞു. ഇനി തിരിച്ചായാല്‍പ്പോലും നിലവിലുള്ള ഇടതുപക്ഷ സര്‍ക്കാരിനെ സംബന്ധിച്ച് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടാന്‍ (സ്ത്രീകളും ദലിത് വിഭാഗങ്ങളും ആദിവാസികളും ഉയര്‍ത്തുന്ന വിഷയങ്ങളെ കരുണയില്ലാതെയോ, പ്രകോപനപരമായോ, അവഗണനയോടെയോ സമീപിക്കാതിരുന്നാല്‍) വേറെ തടസ്സങ്ങളൊന്നുമുള്ളതായി തോന്നുന്നില്ലെന്ന് പോസ്റ്റില്‍ പറയുന്നു. ''ഒറ്റ കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതി. വെള്ളം കോരിയിട്ടില്ലെങ്കിലും കുടമിട്ടുടക്കരുത്!''
സ്വരാജുമായി യാതൊരു ബന്ധവുമില്ല. ഇന്നേവരെ നേരിട്ട് കണ്ടിട്ടില്ല. ഇനി പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നുമില്ല. പക്ഷേ ഈ തെരഞ്ഞെടുപ്പില്‍ 'എന്റെ വോട്ട്' അയാള്‍ക്കാണ്. ഇതില്‍ കൂടുതല്‍ വിശദീകരണം സ്വന്തം രാഷ്ട്രീയ വോട്ടിനു ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷഹബാസ് അമന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates