

നിലമ്പൂരിലൂടെ നിയമസഭാംഗമായവരൊക്കെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. വെടിയേറ്റു മരിച്ച ആദ്യ എം എൽ എ കുഞ്ഞാലി, ഏറ്റവും കുറച്ചു കാലം എം എൽ എ യായിരുന്ന സി ഹരിദാസ്, മുതൽ വിവാദങ്ങളുണ്ടാക്കി രാജിവച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയ പി വി അൻവർ വരെ ഇതിൽ ഉൾപ്പെടുന്നു. നിലമ്പൂരിന് നേരിട്ട് ബന്ധമില്ലെങ്കിലും നിലമ്പൂരിൽ നിന്ന് തെരഞ്ഞെടുപ്പ് Nilambur Election)രാഷ്ട്രീയത്തിലേക്ക് വലതുകാൽ വച്ച് കയറിയ നേതാവ് കേരളത്തിൽ സമാനതകളില്ലാത്ത കേസിൽ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അത്. മണ്ഡലം വിട്ടുപോയ ശേഷം ക്രിമിനൽ കേസിൽ പ്രതിയായി രാജിവെക്കേണ്ടി വന്ന മന്ത്രി എന്ന നിലയിലാണ് എം പി ഗംഗാധരൻ ചരിത്രത്തിൽ ഇടം പിടിച്ചത്.
നിലമ്പൂരിൽ എം എൽ എ ആയിരുന്ന കെ കുഞ്ഞാലി വെടിയേറ്റ് മരിച്ചതിനെ തുടർന്ന് 1970 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആദ്യമായി എം പി ഗംഗാധരൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. കുഞ്ഞാലിയുടെ വധവുമായി ബന്ധപ്പെട്ട കേസിൽ ആര്യാടൻ മുഹമ്മദ് പ്രതിയായതോടെയാണ് പുതിയ സ്ഥാനാർത്ഥിക്കായി കോൺഗ്രസ് അന്വേഷണം ആരംഭിച്ചത്. അത് മഞ്ചേരിയിൽ അഭിഭാഷകനായിരുന്ന എം പി ഗംഗാധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാവുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പിൽ ജയിച്ച അദ്ദേഹം, തൊട്ടടുത്ത പൊതുതെരഞ്ഞെടുപ്പിലും അതേ മണ്ഡലത്തിൽ നിന്ന് ജയിച്ചു.നിലമ്പൂർ മണ്ഡലത്തെ കോൺഗ്രസിന് വേണ്ടി പിടിച്ചെടുത്ത നേതാവാണ് എം പി ഗംഗാധരൻ. എന്നാൽ, 1977 ആയപ്പോൾ അദ്ദേഹം പൊന്നാനി മണ്ഡലത്തിലേക്ക് മാറി. 1982 ൽ പൊന്നാനിയിൽ നിന്ന് ജയിച്ചപ്പോൾ മന്ത്രി സ്ഥാനം ലഭിച്ചു. എന്നാൽ, കാലാവധി പൂർത്തിയാക്കും മുമ്പ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു അദ്ദേഹത്തിന്. ബാലവിവാഹ നിരോധന നിയമപ്രകാരമുള്ള കേസിനെ തുടർന്നായിരുന്നു ആ രാജി.
കേരളത്തിലെ കെ കരുണാകരൻ മന്ത്രിസഭയിൽ ജലസേചന വകുപ്പ് മന്ത്രിയായിരുന്നു 1982 ൽ എം പി ഗംഗാധരൻ. അക്കാലത്താണ് കേരളത്തിൽ ഏറ്റവും വലിയൊരു അഴിമതിയാരോപണം ഉയർന്നു വന്നത്. പൈപ്പ് കുംഭകോണം എന്ന് അറിയപ്പെട്ട ആ കുംഭകോണത്തിൽ പ്രതിപക്ഷം ജലസേന മന്ത്രിയായിരുന്ന എം പി ഗംഗാധരന് നേരെ അഴിമതിയാരോപണവുമായി രംഗത്തു വന്നു.
ജലവിതരണവുമായി ബന്ധപ്പെട്ട് ആവശ്യത്തിലധികം പൈപ്പുകൾ വലിയ വില കൊടുത്തു വാങ്ങി എന്നായിരുന്നു ആരോപണം. കേരളത്തിൽ പലയിടത്തും അനാവശ്യമായി ആ പൈപ്പുകൾ കുഴിച്ചിട്ടുവെന്നും വാർത്തകൾ വന്നു. അഴിമതിയാരോപണം നിയമസഭയ്ക്കത്തും പുറത്തും അതിശക്തമായി. ഈ വിവാദം കത്തിപ്പടരുന്നതിനിടെയാണ് കേരളത്തിൽ ചരിത്രത്തിൽ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ കേസ് വന്നത്.
കേരളത്തിൽ അഴിമതിക്കാരുടെ പേടിസ്വപ്നമായിരുന്ന നവാബ് രാജേന്ദ്രൻ 1985 മാർച്ചിൽ കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കേസാണ് കേരള രാഷ്ട്രീയത്തിലും നിയമരംഗത്തും ഒട്ടേറെ ഒച്ചപ്പാടുണ്ടാക്കുകയും എം പി ഗംഗാധരന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുകയും ചെയ്തത്. മന്ത്രിയായിരിക്കെ എം പി ഗംഗാധരൻ 1984 ഡിസംബറിൽ, പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസിലെ ആരോപണം. കേസ് കോടതിയിൽ എത്തിയതോടെ സംഭവം വാർത്തയായി.
ഈ കേസിനെ കുറിച്ച് കമൽ റാം സജീവ് എഴുതിയ നവാബ് രാജേന്ദ്രൻ, മനുഷ്യാവകാശ പോരാട്ടത്തിന്റെ ചരിത്രം എന്ന പുസ്തകത്തിൽനവാബ് രാജേന്ദ്രനെ ഉദ്ധരിച്ച് പറയുന്നത് ഇങ്ങനെയാണ് :
കേസ് കോടതിയിൽ വന്നപ്പോൾ എം പി ഗംഗാധരന്റെ വക്കീൽ പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ജാതകം ഹാജരാക്കാമെന്നായിരുന്നു പറഞ്ഞത്. 25 രൂപ കൊടുത്താൽ ആർക്കും ജാതകം കിട്ടും എന്നായിരുന്നു നവാബിന്റെ വാദം. ഗുരുവായൂർ ടൗൺഷിപ്പിൽ വിവാഹം രജിസ്റ്റർ ചെയ്തു. അതിൽ പ്രായം 18 എന്നായിരുന്നു. എന്നാൽ, കുട്ടിയുടെ സ്കൂൾ അഡ്മിഷൻ രജിസ്റ്റർ ഹാജരാക്കണമെന്നായിരുന്നു നവാബിന്റെ വാദം. മഞ്ചേരി എൻ എസ് എസ് സ്കൂളിൽ പെൺകുട്ടിയെ ചേർത്ത രേഖയും എസ് എസ് എൽ സി സർട്ടിഫിക്കറ്റും എടുക്കണം എന്നും ആവശ്യപ്പെട്ടു. കേസ് നടക്കുന്നതിനിടയിൽ പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച രേഖ തിരുത്തുന്നതിനായി എം പി ഗംഗാധരൻ വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം അപേക്ഷ നൽകി. ഈ രേഖകളെല്ലാം കോടതി മുഖേന സമൻസ് അയച്ചു വരുത്തി.
മിച്ച ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏറനാട് താലൂക്ക് ഓഫീസിൽ എം പി ഗംഗധരൻ സ്വന്തം കൈപ്പടയിൽ എഴുതിയ രേഖയാണ് അവസാനം നവാബ് കോടതിയിൽ ഹാജരാക്കിയ രേഖകളിലൊന്ന്. അതോടെ പ്രഥമദൃഷ്ടാ കേസുണ്ടെന്ന് മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. ഇതിനെതിരെ എം പി ഗംഗാധരൻ ഹൈക്കോടതിയെ സമീപിച്ചു.
വിവാഹം നടന്നിട്ടുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. വിവാഹം നടന്നിട്ടുണ്ട് എന്ന് പ്രതിഭാഗം (എം പി ഗംഗാധരനും മറ്റുള്ളവരും) മറുപടി നൽകി. ഇതോടെ കീഴ്ക്കോടി രേഖകൾ വച്ച് പ്രഥമദൃഷ്ടാ കേസുള്ളതായി ഹൈക്കോടതിയും വിധിച്ചു. കീഴ്ക്കോടതിക്ക് തുടർവിചാരണയ്ക്കുള്ള അനുമതിയും നൽകി. ഹൈക്കോടതിയുടെ ഈ നിരീക്ഷണത്തെ തുടർന്ന് 1986 മാർച്ച് 12 ന് എം പി ഗംഗാധരൻ മന്ത്രി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates