
കൊച്ചി: ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങിയ ഇന്ത്യന്‍ നാടന്‍ വാറ്റായ 'മണവാട്ടി(manavaTTy)'ക്ക് ആഗോളതലത്തില്‍ അംഗീകാരം. ലോക മദ്യ വിപണിയിലെ ഏറ്റവും പ്രധാനപ്പെട്ട ശൃംഖലകളില്‍ ഒന്നായ ബീവറേജ് ട്രേഡ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച ലോകത്തെ വിവിധ മദ്യ ബ്രാന്‍ഡുകള്‍ മത്സരിച്ച ലണ്ടന്‍ സ്പിരിറ്റ്‌സ് കോമ്പറ്റീഷന്‍ 2025ല്‍ വെങ്കല മെഡല്‍, ഇന്റര്‍നാഷണല്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് കോമ്പറ്റിഷന്‍ വാര്‍ഷിക പുരസ്‌കാര വേദിയില്‍ 'സ്പിരിറ്റ് ബ്രോണ്‍സ് 2025' തുടങ്ങിയ സുപ്രധാനമായ രണ്ട് പുരസ്‌കാരങ്ങളാണ് 'മണവാട്ടി' സ്വന്തമാക്കിയത്. കൃത്രിമ നിറമോ കൊഴുപ്പോ മധുരമോ ഇല്ലാത്തതും ഉന്നത ഗുണനിലവാരവും കണക്കിലെടുത്താണ് 'മണവാട്ടി പുരസ്‌കാരത്തിന് അര്‍ഹയായത്.
കൊച്ചി കടവന്ത്ര സ്വദേശിയായ ജോണ്‍ സേവ്യര്‍ യുകെയില്‍ സ്ഥാപിച്ച ലണ്ടന്‍ ബാരണ്‍ എന്ന കമ്പനിയാണ് 'മണവാട്ടി' നിര്‍മിക്കുന്നത്. നിരവധി വിദേശ മദ്യബ്രാന്‍ഡുകളെ പിന്തള്ളിയാണ് നേട്ടം.
പ്രിസര്‍വേറ്റീവുകളോ കൃത്രിമ നിറങ്ങളോ ചേര്‍ക്കാതെ തീര്‍ത്തും സ്വാഭാവികമായ രുചിയും ഗന്ധവുമാണ് 'മണവാട്ടി'യെ വിദേശികള്‍ക്കിടയില്‍ ജനകീയമാക്കിയത്. അന്നജം, കൊഴുപ്പ്, മധുരം എന്നിവ അടങ്ങിയ മണവാട്ടിക്ക് മധുരം ഒട്ടും ഇല്ലെന്ന പ്രത്യേകതയും ഗുണകരമായി. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ വാറ്റിയെടുക്കുന്ന 'മണവാട്ടിയില്‍ 44% ആണ് ആല്‍ക്കഹോളിന്റെ അളവ്. നൂറ്റാണ്ടുകളായി ചാരായം വാറ്റുന്നതിന് പ്രാദേശിക തലത്തില്‍ ഉപയോഗിക്കുന്ന രീതി തന്നെയാണ് നിര്‍മാണത്തിന് അവലംബിക്കുന്നത്. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ്ഡന്‍ ബി. ആര്‍. ഐ എന്ന മുന്‍നിര സ്ഥാപനമാണ് 'മണവാട്ടി'ക്ക് ഫുള്‍ മാര്‍ക്ക് നല്‍കിയിട്ടുള്ളത്.
പുരസ്‌കാര നിര്‍ണയത്തില്‍ മദ്യങ്ങളുടെ രുചി ഒരു പ്രധാന ഘടകമായിരുന്നു. മത്സരിക്കാനെത്തുന്ന ഓരോ മദ്യവും രുചിച്ചു നോക്കിയ ശേഷമാണ് വിദഗ്ധരായ ജഡ്ജുമാര്‍ വിധിയെഴുതുന്നത്. ഇതിനെല്ലാം പുറമെ മദ്യത്തിന്റെ ഗുണമേന്മ, വിലനിലവാരം, പാക്കേജിങ്, വിപണന സാദ്ധ്യതകള്‍, ഈടാക്കുന്ന വിലയ്ക്ക് കിട്ടുന്ന മൂല്യം എന്നീ ഘടകങ്ങളും കൂടി പരിഗണിക്കും.
മദ്യനിര്‍മാണത്തില്‍ പരമ്പരാഗതമായ നാടന്‍ രീതികള്‍ ആഗോളതലത്തില്‍ എത്തിച്ചതിനുള്ള പ്രതിഫലമായിട്ടാണ് ഈ നേട്ടത്തെ കാണുന്നതെന്ന് ലണ്ടന്‍ ബാരണ്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍ ജോണ്‍ സേവ്യര്‍ പറഞ്ഞു. ബാറുടമകളും മിക്‌സോളജിസ്റ്റുകളും ഉപഭോക്താക്കളും ഒരുപോലെ തെരഞ്ഞെടുക്കയും ആസ്വദിക്കുകയും ചെയ്യുന്ന ജനകീയ ബ്രാന്‍ഡായിട്ടാണ് 'മണവാട്ടി'യെ വിഭാവനം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates