നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ(Nilambur By Election 2025) പരസ്യപ്രചാരണത്തിന്റെ അവസാനദിനത്തില്‍ നിലമ്പൂരിനെ ഇളക്കിമറിച്ച് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ പതാകകള്‍ നിറഞ്ഞ വര്‍ണപ്പെരുമഴയായി. 
സ്ഥാനാര്‍ഥികളും നേതാക്കളും ഉള്‍പ്പടെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നിലമ്പൂര്‍ ടൗണിലേക്ക് എത്തിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പിവി അന്‍വര്‍ കൊട്ടിക്കലാശത്തിനില്ലായിരുന്നു. ആറുമണിയോടെ പരസ്യപ്രചാരണം അവസാനിച്ചു. 
21 ദിവസം നീണ്ടുനിന്ന പ്രചാരണം കടുത്ത മത്സരമെന്ന പ്രതീതി ഉയര്‍ത്തിയാണ് കൊടിയിറങ്ങുന്നത്. ആറുമണിക്ക് ശേഷം പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവര്‍ത്തകര്‍ മണ്ഡലം വിട്ടുപോകണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമുണ്ട്. ഇനി നാളത്തെ ഒരുദിനം അടിയൊഴുക്കുകളുടെ കളമൊരുക്കലും കൂട്ടിക്കിഴിക്കലിന്റെയും നിശബ്ദപ്രചാരണം. വ്യാഴാഴ്ച നിലമ്പൂര്‍ ജനത വിധിയെഴുതും. 23ന് നിലമ്പൂരിന്റെ പുതിയ എംഎല്‍എ ആരെന്നറിയാം.