തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ( Nilambur By Election 2025 ) സംസ്ഥാനത്തെ ഏതാണ്ട് മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് എത്തിയപ്പോള്‍, പ്രവര്‍ത്തകസമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ താരമുഖമായ ശശി തരൂര്‍ ( Shashi Tharoor ) ഒരിക്കല്‍ പോലും നിലമ്പൂരില്‍ പ്രചാരണത്തിന് എത്തിയില്ല.
നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത മെയ് 26 മുതല്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച ജൂണ്‍ 17 വരെയുള്ള, 22 ദിവസമായി നടന്ന ആവേശകരമായ പ്രചാരണത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ, പാര്‍ട്ടി ദേശീയ നേതൃത്വമോ സമീപിച്ചിട്ടില്ലെന്നാണ് സൂചന. തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 'ശശി തരൂര്‍ നിലമ്പൂരില്‍ വന്നില്ല' എന്നുമാത്രമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചത്.
പാര്‍ട്ടി നേതൃത്വം തരൂരുമായി ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന്, വിദേശ യാത്രയിലായിരുന്നതിനാല്‍ തരൂരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തരൂര്‍ പ്രചാരണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലമ്പൂരില്‍ അദ്ദേഹത്തെ കണ്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം, തരൂരിനെ പാര്‍ട്ടി സംസ്ഥാന നേതൃത്വമോ സ്ഥാനാര്‍ത്ഥിയോ ഒരിക്കലും സമീപിച്ചിട്ടില്ലെന്ന് തരൂരുമായി അടുത്ത നേതാക്കള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട്, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സര്‍വകക്ഷി പ്രതിനിധി സംഘങ്ങളിലൊന്നിന്റെ തലവനായി തരൂരിനെ ഉള്‍പ്പെടുത്താനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെച്ചൊല്ലി തരൂരും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തമ്മിലുള്ള തര്‍ക്കത്തിനിടയിലാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തരൂരുമായി നല്ല ബന്ധം പുലര്‍ത്താത്ത ഗാന്ധി കുടുംബം കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തിരുന്നു.
അതേസമയം തരൂര്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം പരസ്യമായി സ്വീകരിച്ചു. ഇതോടെ കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു. 'മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവകാശപ്പെടുന്നു. എന്നാല്‍ തരൂരിന്റെ കാര്യത്തില്‍ അങ്ങനെയല്ല.' തരൂരിന്റെ അടുത്ത അനുയായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വിദേശപര്യടനം പൂര്‍ത്തിയാക്കി തരൂര്‍ ജൂണ്‍ 10 ന് ഇന്ത്യയില്‍ മടങ്ങിയെത്തി. ജൂണ്‍ 12 ന് ലണ്ടനില്‍ ഒരു പരിപാടി ഉണ്ടായിരുന്നിട്ടും നിലമ്പൂരില്‍ പ്രചാരണം നടത്താന്‍ തയ്യാറാണെന്ന് തരൂര്‍ അറിയിച്ചിരുന്നു. 'കോണ്‍ഗ്രസ് നേതൃത്വമോ ആര്യാടന്‍ ഷൗക്കത്തോ തരൂരിനെ ക്ഷണിച്ചിരുന്നെങ്കില്‍, അദ്ദേഹം തീര്‍ച്ചയായും നിലമ്പൂരിലേക്ക് പോകുമായിരുന്നു. പക്ഷേ ആരും അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ അവഗണിക്കുന്ന ഈ തന്ത്രം കുറച്ചുകാലമായി തുടരുന്നു.' തരൂരിന്റെ അനുയായി പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്തിന് ശശി തരൂരുമായി നല്ല ബന്ധമുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുര്‍ റഹിമാന്‍, മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ ഉയര്‍ത്തിപ്പിടിച്ച ദേശീയ മുസ്ലിം പാരമ്പര്യത്തിന്റെ പതാകാവാഹകനായാണ് ഷൗക്കത്തിനെ അദ്ദേഹം കണക്കാക്കിയിരുന്നത്. നിലമ്പൂര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ഷൗക്കത്തിനും വി എസ് ജോയിക്കും ഇടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും തരൂര്‍ ഇടപെട്ടിരുന്നു.
പലസ്തീന്‍ അനുകൂല പരിപാടികള്‍ സംഘടിപ്പിച്ചതിന് ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ ഘടകങ്ങള്‍ രംഗത്തുവന്നപ്പോള്‍, തരൂര്‍ ഷൗക്കത്തിനെ പരസ്യമായി പിന്തുണച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനുശേഷം ഷൗക്കത്ത് തരൂരുമായി ബന്ധപ്പെട്ടില്ലെന്നും കെപിസിസി ഭാരവാഹി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates