

തിരുവനന്തപുരം: ആര്‍എസ്എസുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞതില്‍ നന്ദിയുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ( Adoor Prakash ). പഴയ കാര്യങ്ങളാണ് പുറത്തു വരുന്നത്. നിലമ്പൂരിലും സിപിഎം ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എം വി ഗോവിന്ദന്‍ ( M V Govindan ) എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ. തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ( V D Satheesan )എം വി ഗോവിന്ദന്റെ പ്രസ്താവനയെ വിമർശിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി എങ്ങനെ വിജയിച്ചു എന്ന് ആലോചിക്കണമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് അത് നടപ്പാക്കിയത്. തൃശൂരില്‍ ചെയ്ത സഹായത്തിന് നിലമ്പൂരില്‍ സിപിഎമ്മിന് പ്രതിഫലം ലഭിക്കും. കള്ള വോട്ടുകള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കള്ളവോട്ടുകള്‍ ഉണ്ടാക്കി എന്ന് ജി സുധാകരന്‍ പറഞ്ഞതിനെ പാര്‍ട്ടി സെക്രട്ടറിയായ എം വി ഗോവിന്ദന്‍ ന്യായീകരിച്ചു. താന്‍ മത്സരിക്കുന്ന കാലത്തും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
ബുദ്ധിപൂര്‍വമായ നീക്കം: സതീശന്‍
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എം വി ഗോവിന്ദന്‍ പഴയ കൂട്ടുകെട്ടിനെക്കുറിച്ചു നടത്തിയ പ്രസ്താവന ബുദ്ധിപൂര്‍വമായുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. അനവസരത്തിലുള്ള പ്രസ്താവന ആണെന്ന് തോന്നാമെങ്കിലും സിപിഎം ബുദ്ധിപൂര്‍വം സെക്രട്ടറിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതാണ്. പണ്ട് നമ്മള്‍ കൂട്ടായിരുന്നുവെന്ന് ഓര്‍മപ്പെടുത്താന്‍ വേണ്ടിയാണിത്. ഒരു പ്രണയിനിയുടെ പ്രണയാര്‍ദ്രമായ അപേക്ഷ പോലെയാണിത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും സഹായത്തിനു വേണ്ടിയുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തലായിരുന്നു ഗോവിന്ദന്റെ പ്രസ്താവനയെന്നും വി ഡി സതീശന്‍ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ ഉണ്ടാക്കിയ കൂട്ടുകെട്ടാണെന്നാണ് എം വി ഗോവിന്ദന്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ 1967ലും സിപിഎമ്മിന് ജനസംഘവുമായി കൂട്ടുകെട്ട് ഉണ്ടായിരുന്നു. 1975 ലെ ബന്ധത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ജനറല്‍ സെക്രട്ടറി സുന്ദരയ്യ രാജിവച്ചത്. അദ്ദേഹത്തിന്റെ മരണശേഷമാണ് രാജിക്കത്ത് പുറത്തുവരുന്നത്. ആര്‍എസ്എസുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നത് ഇടതുപാര്‍ട്ടികളുടെ അന്ത്യത്തിന് ഇടയാക്കുമെന്നാണ് സുന്ദരയ്യ രാജിക്കത്തില്‍ പറഞ്ഞത്. 1989 ല്‍ രാജീവ് ഗാന്ധിയെ പരാജയപ്പെടുത്താന്‍ സിപിഎം ബിജെപിയുമായി കൈകോര്‍ത്തുവെന്നും വി ഡി സതീശന്‍ പറഞ്ഞു
ആര്‍എസ്എസ് വോട്ട് നേടാനുള്ള തന്ത്രം: ചെന്നിത്തല
നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ബിജെപി ആദ്യം തയാറായിരുന്നില്ല. പിന്നീടാണ് പേരിന് ഒരാളെ മത്സരിപ്പിച്ചത്. സിപിഎം എല്ലാ വീടുകളിലും പോയി പച്ചയ്ക്കു വര്‍ഗീയത പറയുകയാണ്. ജമാത്തെ ഇസ്‌ലാമിയുടെ സഹായം സിപിഎം മുന്‍പ് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എം വി ഗോവിന്ദന്റെ പ്രസ്താവന നിലമ്പൂരില്‍ ആര്‍എസ്എസ് വോട്ട് നേടാനുള്ള തന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 സീറ്റില്‍ സിപിഎം-ആര്‍എസ്എസ് ധാരണയുണ്ടായിരുന്നു. പിണറായി വിജയനും ആദ്യം ജയിച്ചത് ആര്‍എസ്എസ് വോട്ട് കൊണ്ടാണ്. അന്‍വര്‍ ഫാക്ടര്‍ യുഡിഎഫിനെ ബാധിക്കില്ല. എം വി ഗോവിന്ദന്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ല: സന്ദീപ് വാര്യര്‍
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജിന് പണി കൊടുക്കാനാണെങ്കിലും, ആര്‍എസ്എസ് കൂട്ടുകെട്ടിനെക്കുറിച്ച് എം വി ഗോവിന്ദന്‍ പറഞ്ഞത് സത്യമാണെന്ന് കോണ്‍്ഗരസ് നേതാവ് സന്ദീപ് വാര്യര്‍ അഭിപ്രായപ്പെട്ടു. എംവി ഗോവിന്ദന്‍ തുറന്നുവിട്ടത് പണ്ടോറയുടെ പേടകമാണ്. ആര്‍എസ്എസുമായി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിപിഎമ്മിന്റെ ബാന്ധവം. 1967ല്‍ സംയുക്ത വിധായക് ദള്‍ എന്ന മുന്നണി ഉണ്ടാക്കി ബീഹാറില്‍ ജനസംഘത്തിനൊപ്പം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സര്‍ക്കാര്‍ ഉണ്ടാക്കി കാബിനറ്റിന്റെ ഭാഗമായി. ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ ആദ്യ കോണ്‍ഗ്രസ് ഇതര ഗവണ്‍മെന്റിന് ജനസംഘത്തിന്റെ ഏക എംഎല്‍എയുടെ പിന്തുണയുണ്ടായിരുന്നു.1989 ല്‍ വി പി സിംഗ് സര്‍ക്കാരിനെ ഒരുമിച്ചുണ്ടാക്കിയത് ബിജെപിയും സിപിഎമ്മും ചേര്‍ന്നല്ലേ?. 2008 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ ബിജെപിയും സിപിഎമ്മും ഒരുമിച്ച് അവിശ്വാസപ്രമേയം കൊണ്ടുവന്നില്ലേ? എന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ഗോവിന്ദന്‍ പറഞ്ഞത് പച്ചയായ സത്യം: പി വി അന്‍വര്‍
പിണറായി വിജയനും ആര്‍ എസ് എസും തമ്മിലുളള ബന്ധം ആറുമാസമായി താന്‍ പറയുന്നതാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. എം വി ഗോവിന്ദന്റെ ഹൃദയത്തിലുള്ളത് വായിലൂടെ വന്നു. പച്ചയായ സത്യമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. ആര്‍എസ്എസ് വോട്ട് ലക്ഷ്യമിട്ട് മനപൂര്‍വ്വമുള്ള പ്രസ്താവനയാണ് ഗോവിന്ദന്റേത്. എം വി ഗോവിന്ദന്‍ പറഞ്ഞതിനെ ആര്യാടന്‍ ഷൗക്കത്ത് ലളിതവല്‍ക്കരിച്ചു. ഒളിഞ്ഞ പിണറായി വക്താവാണ് ഷൗക്കത്ത്. എം ആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാന്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുകയാണെന്നും പി വി അന്‍വര്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates