

നിലമ്പൂരിൽ സ്വരാജിന്റെ ഫലം നിശ്ചയിക്കുക ആരുടെ ഭാവിയായിരിക്കും, ആ ചോദ്യത്തിന് ഉത്തരം വ്യക്തിയിലേക്കല്ല സംഘടനയിലേക്കും ഭരണത്തിലേക്കുമാണ് നീങ്ങുന്നത്. സി പി എമ്മിനെ സംബന്ധിച്ചും സർക്കാരിനെ സംബന്ധിച്ചും ഏറ്റവും ശക്തനായ നേതാവാണ് പിണറായി വിജയൻ. ചരിത്രം സൃഷ്ടിച്ച തുടർവിജയം നേടിയ സർക്കാരിനെ നയിച്ച നേതാവിന് അടുത്ത തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കുമ്പോൾ നടക്കുന്ന സിറ്റിങ് സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമായ വിലയിരുത്തലാകും.
കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിലെ പ്രതിപക്ഷം സർക്കാർ എന്ന നിലയിലേക്കാളേറെ വ്യക്തിപരമായി മുഖ്യമന്ത്രി പിണറായി വിജയൻ എന്ന നിലയിലാണ് വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്. സർക്കാരിനെ പൊതുവിൽ പ്രതിസ്ഥാനത്ത് എത്തിക്കുക എന്നതിന് പകരം മുഖ്യമന്ത്രിയെ, കുടുംബത്തെ പ്രതിക്കൂട്ടിലാക്കുക എന്നതാണ് അവർ സ്വീകരിച്ച തന്ത്രം. ഇതേ സമയം മറുതന്ത്രമായി ഭരണപക്ഷവും സി പി എമ്മും എടുത്തത് മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിക്കുക അത് സർക്കാരിനെയും പാർട്ടിയെയും തകർക്കാനുള്ള ശ്രമമാണെന്ന് വരുത്തിത്തീർക്കുക എന്നതായിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചതും മുഖ്യമന്ത്രി പിണറായി വിജയനും നിലമ്പൂരിലെ സി പി എമ്മിന്റെ സ്വതന്ത്ര എം എൽ എയായിരുന്ന പി വി അൻവറിന്റെ പിണക്കമാണ്. ആദ്യം പ്രാദേശികമായി പൊലീസിനെതിരെ ആരോപണം ഉന്നയിച്ച് തുടങ്ങി പിണറായിസത്തിലെത്തിയാണ് അൻവർ, എം എൽ എ സ്ഥാനം ഉപേക്ഷിച്ച് പോകുന്നത്. വളരെ പെട്ടന്നായിരുന്നു പിണറായി വിജയനെകുറിച്ച് പിതൃതുല്യ പരാമർശത്തിൽ നിന്ന് പിണറായിസ വാദത്തിലേക്കുള്ള അൻവറിന്റെ പരിണാമം. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ച യു ഡി എഫിനും അൻവറിനും ബി ജെ പിക്കുമെല്ലാം ആദ്യഘട്ടത്തിൽ പ്രധാന ലക്ഷ്യം എന്നത് പിണറായി വിജയനും സർക്കാരും തന്നെയായിരുന്നു
സർക്കാരിന്റെ ഭരണനേട്ടങ്ങൾ, ജമാഅത്തെ ഇസ്ലാമിയുമായുള്ള യു ഡി എഫ് ബന്ധം ഒക്കെയാണ് ഇടതുപക്ഷം പ്രധാനമായും നിലമ്പൂരിൽ ആയുധമാക്കിയത്. അത് വോട്ടായി മാറിയാൽ വരുന്ന തെരഞ്ഞെടുപ്പിലേക്കുള്ള വഴി എൽ ഡി എഫിന് കുറച്ച് കൂടെ സുഗമമാകും. അല്ലെങ്കിൽ തങ്ങളുടെ തന്ത്രങ്ങളും നയങ്ങളും മാറ്റിപ്പണിയാൻ അവർ നിർബന്ധിതരാകും. സ്വരാജിനെ കാത്തിരിക്കുന്നത് തോൽവിയാണെങ്കിൽ പിണറായിസത്തിനേറ്റ അടിയായി തന്നെയാകും അത് ഉയർന്നുവരിക. അത് സർക്കാരിനും സി പി എമ്മിനും മാത്രമല്ല, പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്കും പുതിയൊരു സമീപനം സ്വീകരിക്കേണ്ടിതിനെ കുറിച്ച് ആലോചിക്കേണ്ടി വരും.
സ്വരാജ് തോറ്റാൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും മാത്രമല്ല പ്രതിക്കൂട്ടിലാകുക, ലക്ഷ്യത്തിന്റെ പടിവാതിക്കൽ കലം കൊണ്ട് ഉടച്ചു എന്ന ചീത്തപ്പേര് എക്കാലവും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന് ചുമക്കേണ്ടി വരും. എവിടെ എന്ത് പറയുക, എങ്ങനെ പറയുക എന്നത് വളരെ പ്രധാനമാണ്. പഴയകാലത്തെ പോലെയല്ല, ടെലിവിഷനും ഡിജിറ്റൽ മീഡിയയും ഉള്ള കാലത്ത്, 90 കിഡ്സ്, ജെൻസിയുമൊക്കെ രാഷ്ട്രീയത്തിൽ അഭിപ്രായം രൂപീകരിക്കുമ്പോൾ അവരോട് രാഷ്ട്രീയവും ചരിത്രവും പറയുമ്പോൾ എങ്ങനെ പറയണം എന്ന് രാഷ്ട്രീയക്കാർക്കുള്ള മുന്നറിയപ്പു കൂടെയായി മാറും പാർട്ടി സെക്രട്ടറിയുടെ നാവുപിഴ. ആർ എസ് എസ്സിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുമ്പോൾ ഇത് കേൾക്കുന്നവർ അടിയന്തരാവസ്ഥ എന്തായിരുന്നുവെന്ന് അറിഞ്ഞിട്ടില്ലാത്തവരാണ് എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും ആലോചിച്ചിട്ടുണ്ടാകില്ല. റീൽസ് കാലത്ത് പൊളിറ്റിക്സ് പറയേണ്ടത് എങ്ങനെ എന്ന് പാർട്ടി സെക്രട്ടറിക്ക് ഉൾപ്പടെ, പാർട്ടിക്ലാസ് വേണ്ടി വരും എന്ന് ഉറപ്പിക്കുന്നതായിരുന്നു ആ അഭിമുഖം.
സ്വരാജ് ജയിച്ചാൽ സി പി എമ്മിനെ സംബന്ധിച്ച് ചരിത്രമാണ്. നിലമ്പൂർ മണ്ഡലത്തിൽ അഞ്ചര പതിറ്റാണ്ടിന് ശേഷം അരിവാൾ, ചുറ്റിക, നക്ഷത്രം ചിഹ്നത്തിൽ ഒരു സ്ഥാനാർഥി ജയിക്കുന്നു. കഴിഞ്ഞ 55 വർഷം നീണ്ടു നിന്ന ചരിത്രത്തെ തിരുത്തിയെഴുതുന്നതായിരിക്കും ആ വിജയം. ആ വിജയം. അത് സർക്കാരിനും സി പി എമ്മിനും മാത്രമല്ല, പിണറായി വിജയനും അത് നൽകുന്ന ഊർജ്ജം ചെറുതല്ല. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ആത്മവിശ്വാസത്തോടെ മത്സരിക്കാൻ കഴിയും. എന്നാൽ തോറ്റാലോ? തോൽവിയെ മറികടക്കാൻ സി പി എമ്മിനും സർക്കാരിനും പിണറായി വിജയനും നന്നായി അദ്ധ്വാനിക്കേണ്ടി വരും.
If Swaraj loses in Nilambur by election, it is defeat of pinarayism, if he wins, he will re write the 55 years of history
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates