
തിരുവന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. എകെജി സെന്ററില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആര്‍എസ്എസ് ബന്ധ വിവാദ പരാമര്‍ശത്തിലാണ് എംവി ഗോവിന്ദനെതിരെ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് സിപിഎം നേതാക്കളുടെ യോഗം ചേര്‍ന്നത്. യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു എംവി ഗോവിന്ദനെതിരായ മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥ നമ്മുടെ നേതാക്കന്‍മാരുടെ ഭാഗത്തു നിന്നുണ്ടാകുന്നു. അത്തമൊരു പ്രവണത നല്ലതല്ല. അത് പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും തെരഞ്ഞെടുപ്പുകാലത്ത് പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അവസാനദിവസങ്ങളില്‍ ആര്‍എസ്എസുമായി അടിയന്തരാവസ്ഥക്കാലത്ത് സിപിഎം സഹകരിച്ചുവെന്ന എംവി ഗോവിന്ദന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ എംവി ഗോവിന്ദനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തുകയും ഒരുകാലത്തും സിപിഎം ആര്‍എസ്എസുമായി സഹകരിച്ചില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ജയപരാജം പാര്‍ട്ടി കാര്യമായി കാണുന്നില്ല. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് അതെന്ന് പിണറായി പറഞ്ഞു. എന്നാല്‍ ഉപതെരഞ്ഞടുപ്പില്‍ യോജിച്ച പ്രവര്‍ത്തനം നടത്താനായെന്നും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Latest News: Chief Minister Pinarayi Vijayan indirectly criticized CPM state secretary MV Govindan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates