

തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉണ്ടാവില്ല. ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടി ആവില്ല പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച വിളിച്ച് ചേര്‍ത്ത മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും യോഗത്തില്‍ അര്‍ഥശങ്കക്ക് ഇടയില്ലത്തെ വ്യക്തമാക്കി.
'കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരെന്നു തെരഞ്ഞെടുപ്പിന് ശേഷം ഒരു മുറിക്കുള്ളില്‍ ഇരുന്ന് തീരുമാനിക്കും. നിരവധി യോഗ്യരായ നേതാക്കള്‍ നമുക്കിടയില്‍ ഉണ്ട്. മുഖ്യമന്ത്രി ആരെന്ന് നേരത്തെ തീരുമാനിക്കാനാവില്ല. അതൊക്കെ അധികാരം ലഭിച്ചശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ്. ഞാനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞു ആരും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. മാധ്യമങ്ങള്‍ക്കു ദുര്‍വ്യാഖ്യാനം ചെയ്യാനേ അത് ഉപകരിക്കൂ,' -രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ഒളിഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കുന്ന ഒരു വിഭാഗം മുതിര്‍ന്ന നേതക്കള്‍ക്കുള്ള താക്കീത് കൂടിയായായാണ് രാഹുലിന്റെ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്. അതേസമയം, യോഗത്തില്‍ സംസാരിച്ച കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രസംഗത്തില്‍ തിരുവനന്തപുരം എംപി ശശി തരൂരിനോടുള്ള അനിഷ്ടം ഒട്ടും മറച്ചു വെച്ചില്ല. മോദി സ്തുതി ഇനി വെച്ചുപൊറുപ്പിക്കാനാവില്ലെന്നു
തരൂരിന്റെ പേര് പറയാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. 'കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റിലും തെരുവിലും പ്രധാനമന്ത്രി മോദിക്ക് എതിരായ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തുമ്പോള്‍ മോദിയെ പുകഴ്ത്തുന്നത് അനുവദിക്കാന്‍ പാര്‍ട്ടിക്ക് ആവില്ല. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന സ്ഥിതി ഉണ്ടാവരുത്,' ഖാര്‍ഗെ പറഞ്ഞു.
ഹൈക്കമാന്‍ഡ് നയം വ്യക്തമാക്കിയതോടെ മുതിര്‍ന്ന നേതാക്കള്‍ അച്ചടക്കത്തിന്റെ പരിച അണിഞ്ഞായിരുന്നു പിന്നീട് സംസാരിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ താനൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയേ അല്ലെന്ന് യോഗത്തില്‍ പ്രഖ്യാപിച്ചു. 'യുഡിഎഫ് ഒറ്റക്കെട്ടായാണ് കേരളത്തില്‍ മുന്നോട്ട് പോകുന്നത്. ഇക്കഴിഞ്ഞ മുന്നണി യോഗവും ഇടത് സര്‍ക്കാരിന് എതിരെ പ്രക്ഷഭ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. യുഡിഎഫിനെ അധികാരത്ത്ില്‍ എത്തിക്കുകയാണ് എന്റെ മുന്നിലുള്ള ലക്ഷ്യം. ഞാനൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല. അതൊക്കെ എഐസിസി തീരുമാനിക്കും'- അദ്ദേഹം പറഞ്ഞു.
തരൂരും രമേശ് ചെന്നിത്തലയും പാര്‍ട്ടിയുടെ ഐക്യത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പാര്‍ട്ടിക്കൊപ്പം താന്‍ നില്‍ക്കും എന്ന് പറഞ്ഞ തരൂര്‍, താനുമായി ബന്ധപ്പെട്ട വന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാപരമായി ശരിയല്ലെന്ന് വ്യക്തമാക്കി.
പാര്‍ട്ടി ഐക്യത്തില്‍ മുന്നോട്ടു പോകണം എന്ന് ആഹ്വാനം ചെയ്ത ചെന്നിത്തല, കേരളത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കും എന്ന് പറഞ്ഞു. അതേസമയം, ലോകസഭാ ചീഫ് വിപ്പും മുതിര്‍ന്ന നേതവുമായ കൊടിക്കുന്നില്‍ സുരേഷ്, കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം കൈവരിക്കുക ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി അടയുകയാണെന്നു ചൂണ്ടിക്കാട്ടി. '2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 19 സീറ്റില്‍ വിജയിച്ചു. എന്നാല്‍ 2020 ലേ തദ്ദേശ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന ന്യൂനപക്ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഫിനെ പിന്തുണക്കുന്നു. കോണ്‍ഗ്രസിലെ അനൈക്യം കാരണം ബിജെപി ജയിക്കുമെന്ന ഭയത്താല്‍ അവര്‍ ഇടത് പക്ഷത്തെ പിന്തുണക്കൂകയാണ്,' സുരേഷ് പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസില്‍ പട്ടിക വിഭാഗത്തിന് നേതൃ പദവികളില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടികാട്ടി. 'രാഹുല്‍ജി എസ്സ്.സി എസ്. റ്റി വിഭാഗത്തിന്റെ പ്രതിനിധ്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നല്‍ കേരളത്തില്‍ കെപിസിസി, ഡിസിസി പ്രസിഡന്റ് തലത്തില്‍ നാമമാത്ര പരിഗണന മാത്രമേ ലഭിക്കുന്നുള്ളൂ. ബ്ലോക്ക് പ്രസിന്റുമാറില്‍ ആരും ഈ വിഭാഗങ്ങളില്‍ നിന്നില്ല,' അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പുനഃസംംഘടനയില്‍ താല്‍ക്കാലിക ആശ്വാസം ലഭിച്ച കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഏറ്റവും മികച്ച സംഘടനാ പ്രവര്‍ത്തനം കേരളത്തില്‍ ആണെന്ന് അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates