യാത്രകളില്‍ കോമഡി ക്ലിപ്പുകളും പാട്ടുകളും ആസ്വദിക്കാം; കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ എല്‍ഇഡി ടിവികള്‍ വരുന്നു

സര്‍വീസ് ഇതര വരുമാന വര്‍ധന കൂടി ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയുടെ നടപടി
ksrtc
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളില്‍ എല്‍ഇഡി ടിവികള്‍ വരുന്നുഎക്സ്പ്രസ്
Updated on
2 min read

കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളിലെ ദീര്‍ഘദൂര യാത്ര ഇനി ദുരിതപൂര്‍ണവും വിരസവുമാകില്ല. കോമഡി ക്ലിപ്പുകളും പാട്ടുകളുമെല്ലാം കണ്ട് യാത്ര ആനന്ദകരമാക്കാം. ഡ്രൈവര്‍ കാബിന് പിന്നില്‍ സ്ഥാപിക്കുന്ന 28 ഇഞ്ച് എല്‍ഇഡി ടിവികളിലൂടെയാകും പ്രദര്‍ശനം. ദീര്‍ഘദൂര സ്വിഫ്റ്റ് ബസുകളിലെ യാത്ര വിനോദ അനുഭവമാകുക എന്നതോടൊപ്പം, സര്‍വീസ് ഇതര വരുമാന വര്‍ധന കൂടി ലക്ഷ്യമിട്ടാണ് കെഎസ്ആര്‍ടിസിയുടെ നടപടി.

സ്വിഫ്റ്റ് ബസുകളില്‍, പ്രത്യേകിച്ച് സൂപ്പര്‍ ഫാസ്റ്റ്, ഉയര്‍ന്ന ക്ലാസ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനുകളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതു വഴി കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി നഷ്ടത്തിലായ കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സഹായകവുമാകും. യാത്രയ്ക്കിടെ, യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ സുരക്ഷിതമായി ലഭിക്കുകയും ചെയ്യും.

'തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് ഇലക്ട്രിക് ബസുകളില്‍ എല്‍ഇഡി ടിവികള്‍ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പരസ്യദാതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇതേത്തുടര്‍ന്ന്, സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റിലും ഉയര്‍ന്ന വിഭാഗത്തിലുള്ള ബസുകളിലും എല്‍ഇഡി ടിവികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.' കെഎസ്ആര്‍ടിസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ബസില്‍ ഡ്രൈവര്‍ ക്യാബിന് പിന്നില്‍ അനുയോജ്യമായ ഉയരത്തില്‍ രണ്ട് എല്‍ഇഡി ടിവികള്‍ ഘടിപ്പിക്കും, അതുവഴി എല്ലാ യാത്രക്കാര്‍ക്കും തടസ്സമില്ലാതെ അവ കാണാന്‍ കഴിയും. അങ്ങനെ യാത്രക്കാര്‍ക്ക് യാത്രയിലുടനീളം വിനോദം ആസ്വദിക്കാനും വിരസതയും ക്ഷീണവും ഒഴിവാക്കാനും കഴിയും. പുറത്തിറങ്ങുന്ന എല്ലാ പുതിയ സ്വിഫ്റ്റ് ബസുകളിലും ഈ സൗകര്യം ഉണ്ടായിരിക്കും. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

386 സ്വിഫ്റ്റ് ബസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ടിവികള്‍ വഴി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് ലിമിറ്റഡ് ഇതിനകം ക്ഷണിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗജന്യ വൈഫൈ സേവനങ്ങള്‍ ആദ്യം 13 പ്രീമിയം എസി സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് അവതരിപ്പിക്കുക, തുടര്‍ന്ന് മറ്റ് ഉയര്‍ന്ന ക്ലാസ് ബസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിന് ഡിമാന്റ് ഏറുന്നു

കെഎസ്ആര്‍ടിസിയുടെ മറ്റൊരു നൂതന സംരംഭമായ ഡ്രൈവിങ് സ്‌കൂളുകളുടെ വിജയത്തിന് തൊട്ടുപിന്നാലെയാണ് എല്‍ഇഡി സംരംഭവും വരുന്നത്. ഡ്രൈവിങ് ടെസ്റ്റില്‍ സംസ്ഥാനത്തെ മൊത്തം ശരാശരിയായ 55 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ച് വിജയിച്ചവരുടെ എണ്ണം 80 ശതമാനമാണ്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകളില്‍ ഒരു പ്രത്യേക ആപ്പ്, സിമുലേറ്ററുകള്‍, മോക്ക് പരീക്ഷകള്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്.

പ്രായോഗിക ക്ലാസുകള്‍ക്ക് പുറമേ, വാഹന ഭാഗങ്ങളെക്കുറിച്ചുള്ള തിയറി ക്ലാസുകളും ഇവിടെ നല്‍കുന്നുണ്ട്. ഡ്രൈവിങ് പരിശീലിപ്പിക്കുക മാത്രമല്ല, സുരക്ഷിതവും അച്ചടക്കമുള്ളതുമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കുക കൂടി ലക്ഷ്യമിടുന്നു. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കോളജിന്റെ ചുമതലയുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളുകള്‍ ഈടാക്കുന്ന ഫീസ് മറ്റുള്ളവര്‍ ഈടാക്കുന്നതിനേക്കാള്‍ കുറവാണ്. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിംഗ് കോളേജ്, എടപ്പാള്‍, ആറ്റിങ്ങല്‍, വിതുര, ചാത്തന്നൂര്‍, ചടയമംഗലം, മാനന്തവാടി, ചിറ്റൂര്‍, ചാലക്കുടി, ആനയറ എന്നിവിടങ്ങളിലായി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിലവില്‍ ഒമ്പത് ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തുന്നുണ്ട്. നെടുമങ്ങാട്, കാട്ടാക്കട, മാവേലിക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പൊന്നാനി, എടത്വാ, പാറശ്ശാല, പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്സ്, പൂവാര്‍ തുടങ്ങിയ 10 സ്ഥലങ്ങളില്‍ കൂടി ഡ്രൈവിങ് സ്‌കൂളുകള്‍ ഉടന്‍ തുറക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com