

കൊച്ചി: '16 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ എവിടെയും എത്തിക്കും' കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ ആന്റ് പാഴ്‌സല്‍ സംരംഭത്തിന്റെ ടാഗ്‌ലൈന്‍ ഇതാണ്. പാഴ്‌സല്‍ സര്‍വീസ് ക്ലിക്ക് ആകാന്‍ ഈ ടാഗ് ലൈന്‍ സഹായിച്ചതോടെ, പച്ചക്കറികള്‍, മത്സ്യം തുടങ്ങി പെട്ടെന്ന് കേടാകുന്ന വസ്തുക്കളുമായി പാഴ്‌സല്‍ കൗണ്ടറിന് മുന്നില്‍ ഉപഭോക്താക്കള്‍ ക്യൂ നില്‍ക്കുന്നതിന് ഇത് കാരണമായി. പെട്ടെന്ന് കേടാകുന്ന വസ്തുക്കള്‍ വേഗത്തില്‍ ഡെലിവറി ചെയ്യുമെന്ന പ്രതീക്ഷയാണ് ഉപഭോക്താക്കളെ കെഎസ്ആര്‍ടിസിയുടെ പാഴ്‌സല്‍ സര്‍വീസിലേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഇത്തരം പാഴ്‌സല്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നതോടെ പെട്ടെന്ന് കേടാകുന്ന വസ്തുക്കളുടെ ഡെലിവറി ഓര്‍ഡര്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.
കഴിഞ്ഞ 11 മാസത്തിനുള്ളില്‍ പാഴ്‌സല്‍ സര്‍വീസിലൂടെ എട്ടു കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിസി നേടിയത്. അതിനിടെ എളുപ്പം കേടാകുന്ന വസ്തുക്കളുടെ ഡെലിവറിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നതോടെയാണ് ഇവയുടെ ഓര്‍ഡര്‍ സ്വീകരിക്കുന്നത് കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചത്. '2023 മധ്യത്തിലാണ് കൊറിയര്‍ സേവനം ആരംഭിച്ചത്. കുറച്ചുനാളുകള്‍ക്ക് ശേഷമാണ് കൂണ്‍, മത്സ്യം, പച്ചക്കറികള്‍ തുടങ്ങി പെട്ടെന്ന് കേടാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഡെലിവറി ആരംഭിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ ഡെലിവറി നടത്തുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ഡെലിവറി നടത്താന്‍ ഞങ്ങള്‍ ഞങ്ങളുടെ പാസഞ്ചര്‍ ബസുകളെയാണ് ആശ്രയിച്ചത്. മതിയായ സൗകര്യങ്ങളുള്ള ലഭ്യമായ ബസില്‍ മാത്രമേ ചരക്ക് അയയ്ക്കാന്‍ കഴിയൂ. യാത്രയ്ക്ക് കൂടുതല്‍ സമയം വേണ്ടി വന്നത് അടക്കമുള്ള കാരണങ്ങളാല്‍ ചരക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പരാതികള്‍ ഉയര്‍ന്നു. ഇതൊന്നും പൂര്‍ണമായി തങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ അല്ലല്ലോ'- കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
'ഇപ്പോള്‍ ഞങ്ങള്‍ കേടാകുന്ന സാധനങ്ങള്‍ കൊണ്ടുപോകുന്നത് നിര്‍ത്തി. ആളുകള്‍ അത് വേഗത്തില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉദാഹരണത്തിന് ഒരു മീന്‍ പെട്ടി ആലപ്പുഴയിലേക്ക് കൊണ്ടുപോകാന്‍ രണ്ട് മണിക്കൂര്‍ സമയമാണ് വേണ്ടത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അടുത്ത ബസില്‍ അവ അയയ്ക്കാന്‍ കഴിയൂ. ഗതാഗതക്കുരുക്ക്, സ്റ്റോപ്പുകളില്‍ നിര്‍ത്തല്‍ മൂലമുള്ള വൈകല്‍ തുടങ്ങിയ കാരണങ്ങളാല്‍ പാസഞ്ചര്‍ ബസുകള്‍ ഓടിയെത്താന്‍ കൂടുതല്‍ സമയമെടുക്കും,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കോര്‍പ്പറേഷന് മിക്ക ചരക്കുകളും 16 മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ശരാശരി ഡെലിവറി സമയം ഏകദേശം 10 മണിക്കൂറാണ്. അഞ്ചു ശതമാനം കേസുകളില്‍ മാത്രമാണ് സമയത്തിന് എത്തിക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടായത്. അതും ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ആണ് സംഭവിച്ചത്. ഞങ്ങളുടെ വിശ്വാസ്യത കാരണം പ്രൊഫഷണല്‍ കൊറിയര്‍ ഏജന്‍സികള്‍ പോലും ഞങ്ങളുടെ സേവനം ഉപയോഗിച്ചു,'- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാഴ്‌സല്‍ സര്‍വീസിലൂടെ ശരാശരി പ്രതിമാസ വരുമാനം 50 ലക്ഷമായി വര്‍ദ്ധിച്ചു. വൈറ്റില ഹബ്ബിലെ പാഴ്സല്‍ കൗണ്ടര്‍ ആണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. പ്രതിമാസം 30 ലക്ഷം രൂപയുടെ വരുമാനമാണ് ഈ കൗണ്ടറില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡെലിവറി ചെയ്യുന്നത് മെഷീന്‍ പാര്‍ട്‌സുകളാണ്. ഇപ്പോള്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘദൂര ബസുകളുടെ സമയം അറിയാം. ഉദാഹരണത്തിന് കല്‍പ്പറ്റ ബസ് എത്തുന്നതിന് തൊട്ടുമുമ്പ് ചരക്കുകള്‍ കൈമാറുന്നത് ഇതിന്റെ ഭാഗമായാണ്. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ ഡെലിവറി ഉറപ്പാക്കും,'- അദ്ദേഹം പറഞ്ഞു.
'കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവയാണ് സംസ്ഥാനത്തിന് പുറത്തുള്ള രണ്ട് പാഴ്സല്‍ കൗണ്ടറുകള്‍. ഇതിന് പുറമേ സംസ്ഥാനത്ത് മാത്രമായി ഇപ്പോള്‍ 46 പാഴ്സല്‍ കൗണ്ടറുകളുണ്ട്. കര്‍ണാടകയിലും കൗണ്ടറുകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. അതേസമയം, പാഴ്സല്‍ സര്‍വീസിന്റെ ആവശ്യകത വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 10 മുതല്‍ പാഴ്‌സല്‍ നിരക്കില്‍ കോര്‍പ്പറേഷന്‍ നേരിയ വര്‍ധന വരുത്തി.'- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൗണ്ടറുകളില്‍ സ്ഥലക്കുറവും ജീവനക്കാരുടെ അഭാവവുമാണ് ഒരു പ്രധാന വെല്ലുവിളിയായി നില്‍ക്കുന്നത്. കൂടുതല്‍ ജീവനക്കാരെ വിന്യസിക്കുമെന്ന് മാനേജ്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇത് വരെ നടപ്പായിട്ടില്ല. വാഗ്ദാനം ചെയ്ത ഇന്‍സെന്റീവുകള്‍ തൊഴിലാളികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഒരു തൊഴിലാളി പറയുന്നു. ഇന്‍സെന്റീവുകള്‍ നല്‍കുന്നത് ബിസിനസ്സ് വ്യാപ്തിക്ക് കാരണമാകും. കാരണം പ്രചോദിതരായ ജീവനക്കാര്‍ കൂടുതല്‍ പരിശ്രമിക്കുമെന്നും തൊഴിലാളി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates