

കൊച്ചി: എവിടെ തിരിഞ്ഞാലും വെള്ളം. വേലിയേറ്റത്തിനൊപ്പം ഏറിയും കുറഞ്ഞും നില്‍ക്കുന്ന വെള്ളം. ഉപ്പുരസമുള്ള കായല്‍ വെള്ളവും, തോട്ടിലെ മലിനജലവും കലര്‍ന്ന് നാടാകെ പകര്‍ച്ച വ്യാധികള്‍ പടര്‍ത്തുന്നു. തീരദേശത്തു വൃശ്ചിക കയറ്റത്തോടെ തുടങ്ങിയ ദുരിതം ഒഴിയുന്നില്ല. എവിടെയും ആശങ്ക നിറഞ്ഞ മുഖങ്ങള്‍ മാത്രം. കിടപ്പു രോഗികളായ വൃദ്ധര്‍ക്കും യാതനയുടെ നാളുകള്‍. ആലപ്പുഴയിലെ എഴുപുന്ന മുതല്‍ എറണാകുളത്തെ പുറപ്പള്ളിക്കാവ് വരെ വേമ്പനാട് കായലിന്റെ തീരപ്രദേശം ഒരു കൂട്ടപ്പലായനത്തിനു സാക്ഷ്യം വഹിക്കുന്നു. ദുരിതജീവിതം മടുത്തു സ്വന്തം ഭൂമിയുഎം, ഒരായുഷ്‌കാലത്തെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത വീടുകളും ഉപേക്ഷിച്ചു തീരവാസികള്‍ വാടക വീടുകളിലേക്ക് താമസം മാറ്റുന്നു.
ദക്ഷിണ ആഫ്രിക്കന്‍ തീരത്തു ഉദ്ഭവിക്കുന്ന സമുദ്രജല പ്രവാഹം ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രവാഹവും ആയി കൂടിച്ചേര്‍ന്നു ഉണ്ടാകുന്ന ലാറ്ററല്‍ സ്വെല്‍ അഥവാ കള്ളക്കടല്‍ എന്ന പ്രതിഭാസമാണ് വേമ്പനാട് കായലിലെ ഉയര്‍ന്ന ജലനിരപ്പിനു കാരണമെന്നു വിദഗ്ധര്‍ പറയുന്നു. കായലിന്റെ ജലസംഭരണ ശേഷി കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കി. സാധാരണ വേലിയേറ്റ സമയത്തെയും വേലിയിറക്ക സമയത്തെയും ജലനിരപ്പ് തമ്മില്‍ ഒരു മീറ്റര്‍ വ്യത്യാസം ഉണ്ടാവാറുണ്ട് എന്നാല്‍ ഇക്കുറി ഈ വ്യത്യാസം 1 .6 മീറ്റര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ചെല്ലണം, മുളവുകാട്, ഇടക്കൊച്ചി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ ഒന്നര അടിയോളം ജലനിരപ്പ് ഉയര്‍ന്നു. ഇവിടെ ജനങ്ങള്‍ കഴിഞ്ഞ നാല് മാസമായി മലിന ജലത്തിലാണ് ജീവിതം.
വേലിയേറ്റതോടൊപ്പം ദിവസം രണ്ടു നേരം വീടിനുള്ളില്‍ വെള്ളം നിറയും. ഉപ്പുവെള്ളം കയറി ചുവരുകള്‍ ദ്രവിച്ചു തുടങ്ങി. വെളുപ്പിന് മൂന്നു മണി മുതല്‍ വീടിനുള്ളില്‍ വെള്ളം നിറയും. ദിവസം തുടങ്ങുന്നത് വീടിനുള്ളിലെ വെള്ളം തേവി കളഞ്ഞുകൊണ്ട്. പ്രാഥമിക ആവശ്യം നിറവേറ്റാന്‍ അകലെയുള്ള സുഹൃത്തുക്കളുടെ വീടുകളെ ആശ്രയിക്കണം. കുട്ടികള്‍ രാവിലെ വീട്ടില്‍ നിന്ന് യൂണിഫോമും ഷൂസും പൊതിഞ്ഞു കെട്ടി കൊണ്ട് പുറപ്പെടും. റോഡില്‍ എത്തിയാണ് വേഷം മാറുക. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളും പെണ്‍കുട്ടികളും ബന്ധു വീടുകളില്‍ എത്തി വേഷം മാറിയാണ് ജോലിക്കു പോവുക.
'പുറത്തേക്കിറങ്ങിയാല്‍ കാലിനു അസഹനീയമായ ചൊറിച്ചിലാണ്. ദിവസം പല പ്രാവശ്യം ഡെറ്റോളില്‍ കാല് കഴുകണം. കുളിക്കാനും മറ്റു പ്രാഥമിക ആവശ്യങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ അകലെയുള്ള സുഹൃത്തുക്കളുടെ വീടുകള്‍ ആണ് ആശ്രയം. നാടാകെ സാംക്രമിക രോഗങ്ങള്‍ പടരുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടുപേരാണ് ഡെങ്കി വന്നു മരിച്ചത്. പലരും വീട് ഉപേക്ഷിച്ചു പോയി. വര്‍ഷങ്ങള്‍ അധ്വാനിച്ചു ഉണ്ടാക്കിയ വീടല്ലേ, എങ്ങനെ ഉപേക്ഷിച്ചു പോകും?,' വില്ലജ് ഓഫീസില്‍ മാര്‍ച്ചിന്റെ തിരക്കിനിടെ ഷൈനി പറഞ്ഞു.
'ജോലിക്കു പോകുന്ന മകള്‍ രാവിലെ മിഡിയും ധരിച്ചാണ് ഇവിടന്നു പുറപ്പെടുന്നത്. സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് വേഷം മാറും. സന്ധ്യക്ക് മുന്‍പ് വീട്ടില്‍ എത്തണം ഇല്ലെങ്കില്‍ കരയെത്താന്, തോടേതാണ് എന്ന് തിരിച്ചറിയാനാവില്ല. പലരും വാഹനങ്ങള്‍ മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ടു നടന്നാണ് വരുക. സ്‌കൂട്ടര്‍ ഉപ്പുവെള്ളം കയറി നശിച്ചു. പുതുതായി വച്ച വീടും ദ്രവിച്ചു തുടങ്ങി. ഇതെല്ലം വിറ്റിട്ട് എവിടേക്കെങ്കിലും മാറി താമസിക്കണം എന്ന ആഗ്രഹം ഉണ്ട്. പക്ഷെ ഭൂമി വാങ്ങാന്‍ ആളില്ല,' സുജാത പറയുന്നു.
''ഏകദേശം 8 .5 ചതുരശ്ര കിലോമീറ്റര്‍ ആണ് ഇടക്കൊച്ചിയുടെ വിസ്തീര്‍ണം. കായലോരത്ത് കരിങ്കല്‍ ഭിത്തികെട്ടി തൊടുകളിലേക്കു വെള്ളം കയറുന്ന ഭാഗത്തു പത്താഴം സ്ലൂസ് ഗേറ്റ് വച്ചാല്‍ ജലനിരപ്പ് നിയന്തിരക്കാന്‍ സാധിക്കും. ഇതിനായി 2022 ല്‍ 4 .85 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കരാറുകാര്‍ ആരും പണി ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നില്ല. വര്‍ക്ക് സ്പ്ലിറ്റ് ചെയ്തു കൊടുക്കണം എന്ന് ഞങ്ങള്‍ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടു അപേക്ഷിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഞങ്ങളുടെ വീടുകളും സമ്പാദ്യങ്ങളും ഈ വെള്ളക്കെട്ടില്‍ നശിക്കുകയാണ്. ഇതണലായിട്ടും ഒരു ജനപ്രതിനിധി പോലും ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. അതിനാല്‍ ഞങ്ങള്‍ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്,' ഇടക്കൊച്ചി ജനകീയ സമിതി ജനറല്‍ കണ്‍വീനര്‍ ശിവപ്രസാദ് പറഞ്ഞു.
ഇടക്കൊച്ചി മേഖലയില്‍ ഏകദേശം 500 കുടുംബങ്ങള്‍ വെള്ളക്കെട്ടിന്റെ ദുരിതത്തിലാണ്. ചെല്ലണതാകട്ടെ അഞ്ചു വാര്‍ഡുകളില്‍ പെട്ട ഏകദേശം 1500 കുടുംബങ്ങള്‍ ദുരിതത്തില്‍ ആണ്. പുഴയോരത്തെ ചില വീടുകളില്‍ അരയ്ക്കൊപ്പം വെള്ളം കയറിയിട്ടുണ്ട്. രാത്രിയായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റുക അസാധ്യം.
'ചെല്ലാനം - തോപ്പുംപടി റോഡില്‍ വരെ വെള്ളം കയറി തുടങ്ങി. ഉള്‍പ്രദേശങ്ങളില്‍ വീട്ടുകാര്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നീന്തിയാണ് ജോലിക്കു പോകുക. സ്‌കൂള്‍ കുട്ടികളുടെ കാര്യമാണ് പരിതാപകരം. പ്രായമായവര്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. എത്രനാള്‍ അന്യരെ ആശ്രയിച്ചു കഴിയാനാവും,' ചെല്ലണം പഞ്ചായത്ത് മെമ്പര്‍ കെ ഡി പ്രസാദ് ചോദിക്കുന്നു.
കടലിലെ ജലനിരപ്പില്‍ ഉണ്ടായ വര്‍ധനയും, ചെളിയാടിഞ്ഞു വേമ്പനാട് കായലിന്റെ ആഴം കുറഞ്ഞതുമാണ് പ്രതിസന്ധിക്കു കാരണമെന്നു കേരളം യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് പ്രൊഫസര്‍ വി എന്‍ സഞ്ജീവന്‍ പറയുന്നു. 'ലാറ്ററല്‍ സ്വെല്‍ എന്ന കള്ളക്കടലിനൊപ്പം, അറബിക്കടലിലെ ഉപരിതല ജലം ചൂട് പിടിച്ചു വികസിക്കുന്ന തെര്‍മല്‍ എക്‌സ്പാന്‍ഷന്‍ എന്ന പ്രതിഭാസവും ജലനിരപ്പ് ഉയരാന്‍ കാരണം ആയിട്ടുണ്ട്. കടലിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കായലിലെ വെള്ളത്തിന് കടലിലേക്ക് ഒഴുകിപ്പോകാന്‍ കഴിയുന്നില്ല. അതിനിടെ ഉപ്പു വെള്ളത്തിന്റെ കടന്നു കയറ്റം ശുദ്ധജല ലഭ്യതയ്ക്കു ഭീഷണിയാവാം. ഉപ്പുവെള്ളം കോട്ടയം ജില്ലയില്‍ വരെ എത്തി എന്നാണ് റിപ്പോര്‍ട്ട്,' അദ്ദേഹം പറഞ്ഞു.
വേമ്പനാട് കായലിന്റെ വിസ്തീര്‍ണം 1900 ത്തില്‍ 365 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നത് ഇപ്പോള്‍ 206 .4 ചതുരശ്ര മീറ്റര്‍ ആയി ചുരുങ്ങി. കായലിന്റെ ആഴം 8 മീറ്ററില്‍ നിന്ന് 2 .87 മീറ്റര്‍ ആയി കുറഞ്ഞു. തടാകത്തിന്റെ ജലസംഭരണ ശേഷി 1930 ല്‍ 2677 .5 ദശലക്ഷം മീറ്റര്‍ ക്യൂബ ആയിരുന്നത് ഇപ്പോള്‍ 384 .66 എം സി എം ആയി കുറഞ്ഞു. ഏകദേശം 399 .5 എം സി എം ചെളി കായലിന്റെ അടിത്തട്ടില്‍ അടിഞ്ഞു കിടക്കുന്നു.
'കപ്പല്‍ ചാനലിന്റെ ആഴം കൂട്ടാനായി കൊച്ചി പോര്‍ട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് കടല്‍ഭിത്തിക്ക് ഉള്ളില്‍ നിക്ഷേപിച്ചു ഭൂമിയുടെ ഉയരം കൂട്ടണം. അതുപോലെ കായല്‍ ഡ്രഡ്ജ് ചെയ്ത എടുക്കുന്ന മണ്ണും കരയില്‍ നിക്ഷേപിച്ചാല്‍ ഭൂനിരപ്പു ഉയര്‍ത്താം. കാലാവസ്ഥ വ്യതിയാനം മൂലം കൊച്ചിയുടെ താഴ്ന്ന പ്രദേശങ്ങള്‍ കടല്‍ കയറ്റ ഭീഷണിയില്‍ ആണ്. അതിനെ നേരിടാനുള്ള പദ്ധതികള്‍ നടപ്പാക്കണം,' പ്രൊഫസര്‍ സഞ്ജീവന്‍ പറയുന്നു.
കൊച്ചി തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ്, കൊച്ചി ചാനലില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത അവശിഷ്ടങ്ങള്‍ പോര്‍ട്ട് ട്രസ്റ്റ് നിക്ഷേപിക്കുന്നത്. ഈ മണ്ണ് കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള താഴ്ന്ന തീരപ്രദേശങ്ങളില്‍ നിക്ഷേപിച്ചാല്‍ അത് കരയെ ഉയര്‍ത്താന്‍ സഹായിക്കും. സര്‍ക്കാര്‍ വേമ്പനാട് തടാകം ശുദ്ധീകരിക്കുകയാണെങ്കില്‍, കരയുടെ ഉയരം വര്‍ദ്ധിപ്പിക്കുന്നതിന് തീരപ്രദേശങ്ങളില്‍ മണ്ണ് നിക്ഷേപിക്കുകയെന്നതാണ് ഏക പരിഹാരം. സഞ്ജീവന്‍ പറഞ്ഞു.
പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായതിനാല്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് താമസം മാറാന്‍ നിര്‍ബന്ധിതമായതായി പ്രദേശവാസിയായ എം ഡി ധനേഷ് പറയുന്നു. ഇടക്കൊച്ചിയിലെ 350 ഓളം വീടുകളെയാണ് വെള്ളക്കെട്ട് ബാധിച്ചിട്ടുള്ളത്. 20 കുടുംബങ്ങള്‍ ഇതിനോടകം പ്രദേശം വിട്ട് വാടക വീടുകളിലേക്ക് മാറി. ആവശ്യക്കാര്‍ ആരും വരാത്തതിനാല്‍ തങ്ങളുടെ ഭൂമി വില്‍ക്കാനും കഴിയാത്ത അവസ്ഥയാണ്. ജനകീയ കമ്മിറ്റി രൂപീകരിച്ചതായും, സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി ധര്‍മ്മജന്റെ മകനായ ധനേഷ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
