മുന്‍പില്ലാത്ത വിധം വികസനം പറഞ്ഞ് സിപിഎം, സകലതിനെയും എതിര്‍ത്ത് കോണ്‍ഗ്രസ്; 'റോളുകള്‍' വച്ചു മാറി പാര്‍ട്ടികള്‍

ഒരുകാലത്ത് നവലിബറല്‍വല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും വക്താക്കളായിരുന്ന കോണ്‍ഗ്രസ് കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തെത്തുന്ന ഏതൊരു നിക്ഷേപ പദ്ധതികളെയും എതിര്‍ക്കുകയെന്ന ഒറ്റ നിലപാടിലേക്ക് ചുരുങ്ങുകയും ചെയ്തു.
മുന്‍പില്ലാത്ത വിധം വികസനം പറഞ്ഞ് സിപിഎം, സകലതിനെയും എതിര്‍ത്ത് കോണ്‍ഗ്രസ്; 'റോളുകള്‍' വച്ചു മാറി പാര്‍ട്ടികള്‍
Updated on
2 min read

കൊല്ലം: കേരളത്തിലെ സിപിഎമ്മിനെ വികസന വിരുദ്ധരെന്നും സ്റ്റാലിനിസ്റ്റ് പാര്‍ട്ടിയെന്നുമാണ് പതിറ്റാണ്ടുകളായി മുഖ്യ എതിരാളികളായ കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കാറുള്ളത്. 2016ല്‍ പിണറായിയുടെ നേതൃത്വത്തിലുള്ള സിപിഎം സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇരുപാര്‍ട്ടികളും തങ്ങളുടെ നിലപാടുകള്‍ പരസ്പരം മാറ്റിയതായി തോന്നും. എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തിന്റെ സുസ്ഥിര വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ രംഗത്തെത്തിയതും ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിച്ചതും, ഇതേചൊല്ലിയുള്ള ചര്‍ച്ചകളും സിപിഎമ്മിനെ വികസന രാഷ്ട്രീയത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കി. ഒരുകാലത്ത് നവലിബറല്‍വല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും വക്താക്കളായിരുന്ന കോണ്‍ഗ്രസ് കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തെത്തുന്ന ഏതൊരു നിക്ഷേപ പദ്ധതികളെയും എതിര്‍ക്കുകയെന്ന ഒറ്റ നിലപാടിലേക്ക് ചുരുങ്ങുകയും ചെയ്തു.

പിണറായി വിജയന്‍ പാര്‍ട്ടി നേതൃത്വത്തിലേക്കും ഭരണ നേതൃത്വത്തിലേക്കും എത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടായെന്നാണ് അതിനുള്ളിലുള്ളവര്‍ തന്നെ പറയുന്നത്. എന്നാല്‍ ഇത് എല്‍ഡിഎഫ് രാഷ്ട്രീയത്തേക്കാള്‍ പിണറായി ഘടകമാണെന്ന് മുതിര്‍ന്ന യുഡിഎഫ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'സംസ്ഥാനത്തെ അടിസ്ഥാന വികസനങ്ങളില്‍ പിണറായി എപ്പോഴും മുന്‍കൈയെടുത്തിരുന്നു. അക്കാര്യത്തില്‍ അദ്ദേഹം വിഎസ് അച്യുതാനന്ദന്റെ എതിര്‍പ്പുപോലും അവഗണിച്ചു. അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും ഒരേ പാതയിലായിരുന്നു. അദ്ദേഹത്തിന്റെ വികസന വീക്ഷണങ്ങള്‍ നടപ്പിലാക്കിയത് തുടര്‍ഭരണത്തിന് സഹായകമായി'അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ കോണ്‍ക്ലേവ്, മിഷന്‍ 1000 കോണ്‍ഫറന്‍സ്, ഓട്ടോമോട്ടീവ് ടെക്‌നോളജി സമ്മിറ്റ്, സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് തുടങ്ങി നിരവധി നിക്ഷേപ സംരംഭങ്ങള്‍ സംഘടിപ്പിച്ചു. ദേശീയപാത വികസനം, തീരദേശ ഹൈവേ, ഹൈറേഞ്ച് ഹൈവേ എന്നിവയും വിജയകരമായി നടപ്പാക്കുന്നു. രാജ്യത്തെ ഒരേ ഒരു ഇടതുകോട്ടയെന്ന നിലയിലും കേന്ദ്ര സര്‍ക്കാരിന്റെ കേരള വിരുദ്ധ സമീപനവും ചൂണ്ടിക്കാട്ടി തന്ത്രപരമായ നയമാണ് സിപിഎം സ്വീകരിക്കുന്നത്. നിലവിലെ ദേശീയ, അന്തര്‍ദേശീയ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യത്തില്‍ പ്രത്യയശാസ്ത്രത്തെക്കാള്‍ നവലിബറല്‍ നയങ്ങളും സ്വകാര്യ നിക്ഷേപവുമാണ് വേണ്ടതെന്ന് മനസിലാക്കിയ സിപിഎം നേതൃത്വം ഇത് ഭരണരംഗത്തും സുഗമമായി നടപ്പാക്കി.

പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തില്‍ തുടരുമെന്ന പ്രതീതിയുണ്ടാക്കിയെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു. പിണറായി വിജയന്‍ അവതരിപ്പിക്കുന്ന 'നവകേരള രേഖ' സിപിഎം സംസ്ഥാന സമ്മേളനം പരിശോധിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുകയും ചെയ്യുമെന്ന് എകെ ബാലന്‍ പറഞ്ഞു.

കഴിഞ്ഞ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസും യുഡിഎഫും അതിന്റെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആര് നേതൃത്വം നല്‍കുമെന്നുള്ള ആശയക്കുഴപ്പമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പുതിയ പാത വെട്ടിത്തുറക്കുന്നതിനെക്കാള്‍ നല്ലത് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ വികസന പദ്ധതികളെയും ശക്തമായി എതിര്‍ത്താല്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് വികസനത്തിന്റെ മുന്നണിപ്പോരാളികളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോണ്‍ഗ്രസ് കെ റെയിലിനെ എതിര്‍ത്തതോടെ കരണം മറിഞ്ഞിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തത് തരൂരിന്റെ രാഷ്ട്രീയ നിലപാടിന്റെ വിജയമായിട്ടാണ് കാണുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടിക്കകത്ത് നടത്തുന്ന നിഴല്‍ യുദ്ധത്തില്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ അതൃപ്തരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com