
കോഴിക്കോട്: യുഎഇയില്‍ തടവിലാക്കപ്പെട്ട മകന്‍ മുഹമ്മദ് റിനാഷിനെ രക്ഷിക്കാന്‍ അമ്മ ലെല എട്ട് മാസത്തോളം പല വാതിലുകളില്‍ മുട്ടി. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പ് മുഹമ്മദ് റിനാഷ് അമ്മയെ വിളിച്ചിരുന്നു. തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങമുണ്ടോയെന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു, ജീവനുവേണ്ടി അപേക്ഷിച്ചു. ഇത് അവരുടെ അവസാന സംഭാഷണമാകുമെന്ന് അറിയാതെ ലൈല മകനെ ആശ്വസിപ്പിച്ചു, മകനെ തിരികെ കൊണ്ടുവരാന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ഉറപ്പ് നല്‍കി.
എന്നാല്‍ അടുത്ത ദിവസം തന്നെ റിനാഷിന്റെ വധശിക്ഷ നടപ്പാക്കി. മകന് കൊടുത്ത വാക്ക് പാലിക്കാന്‍ ആ അമ്മയ്ക്ക് കഴിഞ്ഞില്ല. വ്യാഴാഴ്ച, റിനാഷിനെ അബുദാബിയില്‍ സംസ്‌കരിച്ചു, അമ്മയും മൂന്ന് സഹോദരന്മാരും അന്ത്യകര്‍മങ്ങള്‍ക്ക് സന്നിഹിതരായിരുന്നു.
ഫെബ്രുവരി 28 നാണ് വധശിക്ഷയെക്കുറിച്ചുള്ള ഔദ്യോഗിക വിവരം ഇന്ത്യന്‍ എംബസിക്ക് ലഭിച്ചത്. മകനെ രക്ഷിക്കാനായി ലൈല, പ്രധാനമന്ത്രി മുതല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരെയും, പാണക്കാട് തങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെടുന്നു. കരുണയ്ക്കായി യാചിച്ച വാതിലുകള്‍ ഒന്നും തുറന്നില്ല. ഓരോ നിമിഷവും മകന്റെ മോചനത്തിനായി ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു.
'കേസിനായി ഞാന്‍ രണ്ടുതവണ ദുബായില്‍ പോയി. എങ്ങനെയെങ്കിലും മകനെ രക്ഷിക്കാന്‍ ആഗ്രഹിച്ച ലൈലയുടെ വേദന ഞാന്‍ കണ്ടിട്ടുണ്ട്. മകനെ കാണാന്‍ ദുബായിലേക്കുള്ള വിമാന ടിക്കറ്റിനുള്ള പണത്തിനായി ലൈല പലരോടും അപേക്ഷിച്ചു. ഞാന്‍ ദുബായിലേക്ക് പോകുമ്പോഴെല്ലാം ലൈല ഒപ്പം വരാന്‍ ആഗ്രഹിച്ചിരുന്നു. അറബ് അഭിഭാഷകര്‍ക്ക് മാത്രമേ അവിടെ കക്ഷികള്‍ക്കായി കേസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളു. ലക്ഷങ്ങള്‍ ഈടാക്കുന്ന അറബ് അഭിഭാഷകന്റെ ഫീസ് താങ്ങാന്‍ കഴിയില്ലായിരുന്നു' ലൈലയെ സഹായിച്ചിരുന്ന കെ എ ലത്തീഫ് പറഞ്ഞു.
'റിനാഷിനെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ വഴികളും കണ്ടെത്തി ഞങ്ങള്‍ പരമാവധി ശ്രമിച്ചു. കേസ് വളരെ വേഗത്തില്‍ നീങ്ങി, ആദ്യ വാദം കേള്‍ക്കലിന് ശേഷം വിധി പ്രഖ്യാപിച്ചു. അടുത്ത സിറ്റിങ്ങില്‍ ശിക്ഷ സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍, കോടതി വിധിയും വധശിക്ഷാ ഉത്തരവും പ്രഖ്യാപിച്ചു. എന്തെങ്കിലും സഹായം കണ്ടെത്താന്‍ എല്ലാവരുടെയും അടുത്തേക്ക് ഓടിയെത്തിയ ഒരു അമ്മയായിരുന്നു ലൈല. മകനെ തിരികെ കൊണ്ടുവരാന്‍ ലൈലയെ സഹായിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ എല്ലാവരും അഗാധമായ ദുഃഖത്തിലാണ്,' അഭിഭാഷകന്‍ പറഞ്ഞു.
ലൈലയുടെ നാല് മക്കളില്‍ മൂന്നാമനായ റിനാഷ് 2021 മുതല്‍ അല്‍ ഐനില്‍ ജോലി ചെയ്തു വരികയായിരുന്നു.ശിക്ഷയ്ക്ക് കാരണമായ കൊലപാതകം 2023 ഫെബ്രുവരി 8 നാണ് നടന്നത്. വാക്കുതര്‍ക്കത്തിനിടെ അറബ് പൗരനായ അബ്ദുല്ല സിയാദ് റാഷിദ് അല്‍ മന്‍സൂരിയെ കൊലപ്പെടുത്തിയതിനാണ് റിനാഷ് ശിക്ഷിക്കപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക