
പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സമരഭൂമികയില്‍ മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം സിപിഎം സമ്മേളനത്തിന് ചെങ്കൊടിയുയര്‍ന്നു. വിഭാഗീയതയുടെ കനലുകള്‍ കത്തിജ്വലിച്ച മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉള്‍പ്പാര്‍ട്ടി ശാന്തതയോടെയാണ് സിപിഎം സമ്മേളനം നടക്കുന്നത്. ജീവിച്ചിരിക്കെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്ത രണ്ടാമത്തെ സംസ്ഥാന സമ്മേളനം കൂടിയാണിത്.
വിഭാഗീയതയുടെ നിഴല്‍ അശേഷം ഇല്ലാതെയാണ് ഇത്തവണ സിപിഎം സമ്മേളനം കൊല്ലത്ത് നടക്കുന്നത്. വികസനത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പ്രായോഗിക രാഷ്ട്രീയ സമീപനത്തിലേക്കുള്ള നയപരമായ മാറ്റത്തിന്റെ വേദി കൂടിയാണ് ഈ സമ്മേളനം. കേരളത്തെ വികസന കുതിപ്പിലേക്ക് നയിക്കാന്‍ ഉതകുന്ന സമഗ്ര നിര്‍ദേശങ്ങള്‍ അടങ്ങിയ നവകേരള രേഖയ്ക്ക് സമ്മേളനം അംഗീകാരം നല്‍കും.
സംസ്ഥാനത്ത് മറ്റൊരു പാര്‍ട്ടിയുടെയും സമ്മേളനത്തിന് കിട്ടാത്തത്ര കവറേജാണ് എല്ലാ കാലത്തും സിപിഎം സമ്മേളനങ്ങള്‍ക്ക് ലഭിക്കാറുള്ളത്. അതിനു കാരണം പാര്‍ട്ടിക്കകത്തെ ഉള്‍പ്പാര്‍ട്ടി പോരാട്ടങ്ങളും നയരൂപീകരണങ്ങളും വിഭാഗീയതയുമെല്ലമാണ്. കഴിഞ്ഞ നാല്‍പ്പതുവര്‍ഷത്തെ സിപിഎം സമ്മേളനത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.
1985 നവംബര്‍ 20 മുതല്‍ 24 വരെ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് എംവി രാഘവന്റെ ബദല്‍രേഖ ചര്‍ച്ചയ്ക്ക് വന്നത്. രേഖ സമ്മേളനത്തില്‍ വയ്ക്കാന്‍ പിബി ആദ്യം അനുവദിച്ചില്ലെങ്കിലും എതിര്‍പ്പ് ശക്തമായതോടെ ഇഎംഎസ് ആണ് വിയോജനക്കുറിപ്പ് അവതരിപ്പിക്കാന്‍ സമ്മതിച്ചത്. സമ്മേളനം നടക്കുമ്പോള്‍ തന്നെ സമ്മേളനവേദിയില്‍ എന്തുനടക്കുന്നുവെന്ന വാര്‍ത്ത ഒരു വിഭാഗം പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതോടെ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യാന്‍ വച്ച രേഖ മാധ്യമങ്ങളില്‍ ബദല്‍ രേഖ എന്ന നിലയില്‍ പരസ്യമായി. വിഎസ് അച്യുതാനന്ദന്‍ സെക്രട്ടറിയായും എംവി രാഘവന്‍ ഉള്‍പ്പടെ 71 അംഗ സംസ്ഥാന സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു. പിന്നീട് എംവി രാഘവനും കൂട്ടാളികളും സിപിഎമ്മില്‍ നിന്ന് പുറത്തുപോയി സിഎംപി എന്ന പാര്‍ട്ടി രുപീകരിച്ചു.
1988ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനം വിഎസിനെ മൂന്നാമതും സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബദല്‍ രേഖ പൂര്‍ണമായി തള്ളി വര്‍ഗീയ കക്ഷികളുടെ പിന്തുണയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയ ശേഷമുള്ള സമ്മേളനമായിരുന്നു അത്. ഈ സമ്മേളനത്തിലാണ് കെആര്‍ ഗൗരിയമ്മയും പിണറായിയും സെക്രട്ടേറിയറ്റ് അംഗങ്ങളാകുന്നത്.
സെക്രട്ടറി സ്ഥാനത്തേക്ക് ഒരു നേതാവിനെ തെരഞ്ഞെടുക്കുന്ന രീതിക്ക് മാറ്റം വന്നത് 1991ല്‍ കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിലാണ്. സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിഎസിനെ രണ്ട് വോട്ടിന് പരാജയപ്പെടുത്തി ഇകെ നായനാര്‍ സെക്രട്ടറിയായി. 1992 വരെ കാലാവധിയുള്ള നിയമസഭ പിരിച്ചുവിട്ടത് വിഎസിന് മുഖ്യമന്ത്രിയാകാനുള്ള മോഹമാണെന്ന ആരോപണവും സമ്മേളനം ചര്‍ച്ച ചെയ്തു. തന്നെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് സിഐടിയു ലോബിയാണെന്ന് കരുതിയ വിഎസ് അതിന് കാരണക്കാരായവരെ ഒതുക്കാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുള്ള സമ്മേളനങ്ങള്‍ അതിനുള്ള വേദിയാകുന്നു.
1995ല്‍ കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ സംസ്ഥാന സമിതിയിലേക്ക് വാശിയേറിയ തെരഞ്ഞെടുപ്പ്. 89 അംഗ സംസ്ഥാന കമ്മിറ്റിയിലേക്കു നായനാര്‍ അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ 17 പേര്‍ മത്സരിച്ചു.സിഐടിയു നേതാവ് എന്‍ പദ്മലോചനന്‍ പരാജയപ്പെടുന്നു. വിമത പാനലില്‍ നിന്ന് കൊല്ലത്തെ യുവനേതാവ് പി രാജേന്ദ്രന്‍ ജയിച്ചു കയറി. മുതിര്‍ന്ന നേതാവ് ലോറന്‍സിന് ഒരുവോട്ടിന്റെ പിന്‍ബലത്തില്‍ സംസ്ഥാനസമിതിയില്‍.
1998 ജനുവരി ആദ്യവാരത്തില്‍ പാലക്കാട് നടന്ന സമ്മേളനം വിഭാഗീയതയുടെ കൂത്തരങ്ങായി മാറി. പതിനാറാം സംസ്ഥാന സമ്മേളനത്തില്‍ 537 പ്രതിനിധികള്‍ പങ്കെടുത്തു. 80 അംഗ സംസ്ഥാന സമിതിയെ തെരഞ്ഞെടുക്കുമ്പോള്‍ വിഎസ് ഒന്‍പതുപേരുടെ പേര് അവതരിപ്പിച്ചു. പത്തുമണിക്കൂറിലേറെ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവില്‍ വിഎസ് അവതരിപ്പിച്ച പാനലിലെ ഏഴുപേര്‍ സംസ്ഥാന സമിതിയില്‍. ചടയനെ രണ്ടാമതും സെക്രട്ടറി. സിഐടിയു നേതാക്കളായ ലോറന്‍സ്, കെഎന്‍ രവീന്ദ്രനാഥ്, വിബി ചെറിയാന്‍. അപ്പുക്കുട്ടന്‍ എന്നിവര്‍ പുറത്ത്. മന്ത്രിമാരായ ടികെ രാമകൃഷ്ണനും സുശീലാ ഗോപാലനും നേര്‍ത്ത വോട്ട് വ്യത്യാസത്തില്‍ സമിതിയിലെത്തി. വോട്ടെടുപ്പില്‍ ഇഎംഎസിനെക്കാള്‍ പിന്തുണ ലഭിച്ചത് നായനാര്‍ക്ക്. ചടയന്‍ ഗോവിന്ദന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് 1998 സെപ്റ്റംബര്‍ 25ന് സെക്രട്ടറി സ്ഥാനം പിണാറായി ഏറ്റെടുത്തു
2002 ഫെബ്രുവരി 18ന് കണ്ണൂരില്‍ സമാപിച്ച സമ്മേളനം പിണറായി വിജയനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ വിഎസ് ആണ് പിണറായിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പാലൊളി മുഹമ്മദ് കുട്ടി പിന്താങ്ങി. ഔദ്യോഗിക പാനല്‍ സമ്മേളന പ്രതിനിധികള്‍ ഏകകണ്ഠമായി അംഗീകരിച്ചു. ഈ സമ്മേളനം വരെ കാര്യങ്ങള്‍ വിഎസിന്റെ കൈയിലായിരുന്നു. വൈകാതെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പിണറായി വിജയന്‍ പാര്‍ട്ടിയില്‍ പുതിയ ശക്തികേന്ദ്രമായി.
പിണറായി പക്ഷം നിര്‍ണായകവിജയം നേടിയ സമ്മേളനമായിരുന്നു 2005 ഫെബ്രുവരി 19 മുതല്‍ 22വരെ മലപ്പുറത്ത് നടന്ന പതിനെട്ടാം സംസ്ഥാന സമ്മേളനം. അക്ഷരാര്‍ഥത്തില്‍ വിഎസിനെയും കൂട്ടരെയും വെട്ടിത്തിരുത്തിയ സമ്മേളനം. 76 അംഗ സംസ്ഥാന സമിതിയെ തെരഞ്ഞെടുത്ത് വോട്ടെടുപ്പിലൂടെ. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച മുഴുവന്‍ പേരും തോറ്റു. വിഎസ് പക്ഷത്തിനായി മത്സരിച്ച എ പ്രദീപ് കുമാര്‍, ടി ശശിധരന്‍ തുടങ്ങി 12 പേര്‍ പരാജയപ്പെട്ട ചാവേറുകളായി. പിന്നീട് ഇങ്ങോട്ട് വിഎസ് - പിണറായി പരസ്യ പോരാട്ടത്തിന്റെ നാളുകള്‍
2008ല്‍ കോട്ടയത്ത് നടന്ന സമ്മേളനം മൂന്നാമതും പിണറായി വിജയനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിണറായി പക്ഷത്തിന് സംസ്ഥാന സമിതിയില്‍ ശക്തമായ മേല്‍ക്കൈ. പൊതുസമ്മേളനത്തിലെ അച്ചടക്ക രാഹിത്യം കണ്ട് ക്ഷുഭിതാനായ പിണറായി ഇത് ഉഷ ഉതുപ്പിന്റെ ഗാനമേളയല്ലെന്ന് ഉപമിക്കുകയും ചെയ്തു. പൊതുസമ്മേളനം നടപടി ക്രമം പൂര്‍ത്തിയാകും മുന്‍പെ അവസാനിപ്പിക്കുയും ചെയ്തു
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന് തുടര്‍ഭരണം നഷ്ടമായതിന് പിന്നാലെയാണ് 2012ല്‍ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമ്മേളനം നടന്നത്. പാര്‍ട്ടിക്കുള്ളിലെ കടുത്ത വിഭാഗീയത അവസാനിപ്പിക്കണമെന്ന പിബിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്തേക്ക് വിഎസ് പിണറായിയുടെ പേര് നിര്‍ദേശിച്ചു. 84 അംഗസമിതിയില്‍ 12 പുതുമുഖങ്ങള്‍. പിണറായി നാലാമതും സെക്രട്ടറി.
തനിക്കെതിരായ പ്രമേയത്തിലും ചര്‍ച്ചയിലും പ്രതിഷേധിച്ച് വിഎസ് 2015ലെ ആലപ്പുഴയിലെ സംസ്ഥാന സമ്മേളന വേദി വിട്ടിറങ്ങി. തലസ്ഥാനത്തേക്ക് മടങ്ങിയ വിഎസിനെ തിരിച്ചെത്തിക്കാന്‍ ദേശീയ നേതൃത്വം കിണഞ്ഞു ശ്രമിച്ചെങ്കിലും വിഎസ് വഴങ്ങിയില്ല. 88 അംഗ സംസ്ഥാന സമിതിയിലേക്ക് 87 പേരെ തെരഞ്ഞെടുത്തു. സിപിഎം രൂപീകരണത്തിനു ശേഷം ആദ്യമായി വിഎസ് ഇല്ലാത്ത സംസ്ഥാന കമ്മിറ്റി. ഒരെണ്ണം ഒഴിച്ചിട്ടു. പിണറായിക്ക് ശേഷം വീണ്ടും കണ്ണൂരില്‍ നിന്ന് കോടിയേരി സെക്രട്ടറി സ്ഥാനത്ത്.
2018 തൃശൂരില്‍ നടന്ന സമ്മേളനം കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയില്‍ വിഎസ് പ്രത്യേക ക്ഷണിതാവ്. സ്വാഭാവ ദൂഷ്യത്തെ തുടര്‍ന്ന് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയ ഗോപി കോട്ടമുറിക്കല്‍ തിരിച്ചെത്തി
നേതൃസമതിയില്‍ തലമുറമാറ്റം വന്ന സമ്മേളനമായിരുന്നു 2022ല്‍ എറണാകുളത്ത് നടന്നത്. യുവനിരയില്‍ നിന്ന് മുഹമ്മദ് റിയാസ്, എം സ്വരാജ്, പികെ ബിജു എന്നിവര്‍ സെക്രട്ടേറിയറ്റില്‍ എത്തി. 75 വയസ്സ് പ്രായപരിധി കര്‍ശനമാക്കിയതോടെ 13 പേര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവായി. മുഖ്യമന്ത്രി പിണറായി വിജയനു മാത്രം ഇളവ് നല്‍കി. വിഎസ് പ്രത്യേക ക്ഷണിതാവായി തുടരാനും തീരുമാനിച്ചു. കോടിയേരി മൂന്നാം തവണയും സെക്രട്ടറി. 25 വര്‍ഷത്തെ വികസനം ലക്ഷ്യമിട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖ സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.
2025: 1995ന് ശേഷം വീണ്ടും കൊല്ലം സംസ്ഥാന സമ്മേളന വേദി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക