Children missing in Tanur; Youth who was travelling with them arrested
താനൂരില്‍ കുട്ടികളെ കാണാതായ സംഭവം

താനൂരില്‍ കുട്ടികളെ കാണാതായ സംഭവം; ഒപ്പം സഞ്ചരിച്ച യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടികള്‍ക്കൊപ്പം കോഴിക്കോട് നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത അക്ബര്‍ റഹീമിനെ ഇന്ന് രാവിലെ അഞ്ച് മണിയോടെ തിരൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്
Published on

മലപ്പുറം: താനൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ തട്ടികൊണ്ട് പോകല്‍,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

പെണ്‍കുട്ടികള്‍ക്കൊപ്പം കോഴിക്കോട് നിന്നും മുംബൈയിലേക്ക് യാത്ര ചെയ്ത അക്ബര്‍ റഹീമിനെ ഇന്ന് രാവിലെ അഞ്ച് മണിയോടെ തിരൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ യുവാവിനെ ചോദ്യം ചെയ്തു. കുട്ടികളെ യുവാവ് എങ്ങനെയാണ് സഹായിച്ചത് എന്നാണ് പൊലീസ് പരിശോധിച്ചത്. സ്വര്‍ണം വില്‍പ്പന നടത്തിയാണ് കുട്ടികള്‍ പണം കണ്ടെത്തിയത്. റഹീമും കുട്ടികളും ആദ്യമായാണ് മുബൈയില്‍ പോകുന്നത്. കുട്ടികള്‍ ബ്യൂട്ടിപാര്‍ലറില്‍ എത്തിയതില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റിലായ യുവാവ് റഹീം അസ്ലം എന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടി പാര്‍ലറില്‍ എത്തിയത് യാദൃശ്ചികമെന്നും പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഇന്നലെ പൂനെയില്‍നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് കേരളത്തിലെത്തിച്ചത്. ഗരിബ് എക്സ്പ്രസില്‍ 12 മണിക്കാണ് പെണ്‍കുട്ടികളും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

കഴിഞ്ഞ ബുധനനാഴ്ചയാണ് താനൂര്‍ ദേവദാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ കുട്ടികളെ കാണാതായത്. സ്‌കൂളില്‍ പരീക്ഷയെഴുതാനായി പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്‌കൂളില്‍ കുട്ടികള്‍ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയില്‍ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com