പ്രസവം വീട്ടില്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി, വിവാദം

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോട്ടൂളി സ്വദേശിയായ ഷറഫാത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്
Newborn baby
നവജാതു /ശിശു ഫയല്‍ ചിത്രം
Updated on
2 min read

കോഴിക്കോട്: വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. 2024 നവംബര്‍ 2ന് ജനിച്ച തന്റെ കുഞ്ഞിന് നാല് മാസം കഴിഞ്ഞിട്ടും കോഴിക്കോട് കോര്‍പ്പറേഷന്‍ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോട്ടൂളി സ്വദേശിയായ ഷറഫാത്ത് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

ഷറഫാത്തിന്റെ പരാതി ഈ വിഷയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഒരു വിഭാഗം ആളുകള്‍ ആധുനിക വൈദ്യശാസ്ത്രത്തോടും പ്രതിരോധ കുത്തിവയ്പ്പുകളോടും മുഖം തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വൈദ്യപരിചരണം ഇല്ലാതെയുള്ള പ്രസവങ്ങള്‍ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയുള്‍പ്പെടെ ഉയരുമ്പോഴാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.

'ഞങ്ങള്‍ വാക്‌സിനേഷനില്‍ വിശ്വസിക്കുന്നില്ല. മരുന്നുകള്‍ കഴിക്കാന്‍ ആഗ്രഹിക്കാത്തതിനാലുമാണ് പ്രസവത്തിന് വീട് തെരഞ്ഞെടുത്തത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ ബ്ലേഡ് ഉപയോഗിച്ചാണ് പ്രസവശേഷം പൊക്കിള്‍ക്കൊടി മുറിച്ചത്. പ്രസവ സമയത്ത് രക്തസ്രാവമുണ്ടായിരുന്നു, കുഞ്ഞ് എളുപ്പത്തില്‍ പുറത്തുവന്നില്ല. പക്ഷേ ഞങ്ങള്‍ പരിഭ്രാന്തരായില്ല,' ഷറഫാത്ത് പറയുന്നു.

എന്നാല്‍, വീട്ടിലെ പ്രസവം ഈ മേഖലയില്‍ ഒരു ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് കരിക്കംകുളം മേഖലയിലെ ആശ വര്‍ക്കറായ സിന്ധു പറയുന്നത്. ഇത്തരത്തില്‍ പത്തിലധികം ദമ്പതികള്‍ ഇവിടെയുണ്ട്. നിയമപരമായ സങ്കീര്‍ണതകള്‍ കാരണം അവരില്‍ രണ്ടുപേര്‍ക്ക് ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും സിന്ധു ചൂണ്ടിക്കാട്ടുന്നു.

'ഷറഫാത്തിന്റെ കുഞ്ഞ് ജനിച്ച് നാല് ദിവസത്തിന് ശേഷം നവംബര്‍ 6 നാണ് ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ച് അറിഞ്ഞത്. നേരത്തെ, വിവരങ്ങള്‍ ശേഖരിക്കാന്‍ അവരുടെ വീട്ടിലെത്തിയിരുന്നു. പക്ഷേ അപൂര്‍ണ്ണമായ വിവരങ്ങളാണ് നല്‍കിയത്. കുഞ്ഞ് ജനിച്ചപ്പോള്‍, ആവശ്യമായ വാക്‌സിനുകള്‍ എടുക്കാനും നിര്‍ദേശിച്ചു, പക്ഷേ അവര്‍ തയ്യാറായില്ല.' ആശവര്‍ക്കര്‍ പറഞ്ഞു. ആശുപത്രി പ്രസവങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നതായും കോട്ടൂളിയിലെ മറ്റൊരു ആശാ വര്‍ക്കര്‍ ആശ ആന്‍സി പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷന്‍/ ഫെയ്സ്ബുക്ക് ചിത്രം
കോഴിക്കോട് കോര്‍പ്പറേഷന്‍/ ഫെയ്സ്ബുക്ക് ചിത്രം

അതേസമയം, ജനനം രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ജനനത്തെ കുറിച്ച് ആശാ വര്‍ക്കര്‍മാരെയോ അംഗന്‍വാടി വര്‍ക്കര്‍മാരെയോ അറിയിച്ചിരുന്നില്ല. നടപടിക്രമങ്ങള്‍ പാലിച്ചില്ല, ംഭവത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തുകയാണ് എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങളിലെ അപകടസാധ്യത ചൂണ്ടിക്കാട്ടുകയാണ് ആരോഗ്യ വിദഗ്ധർ. രണ്ട് ജീവനെ അപടകടത്തിലാക്കുന്ന നടപടിയാണ് വീട്ടിലെ പ്രസവം എന്ന് ഡോ. മനോജ് വെള്ളനാട് വ്യക്തമാക്കുന്നു. കേരളത്തിലെ മാതൃ-ശിശു മരണനിരക്ക് കുറയാനുള്ള പ്രധാന കാരണം വൈദ്യ സഹായം ലഭിക്കുന്നു എന്നത് കൂടിയാണ്. ഒരു നവജാത ശിശുവിന്റെ കരച്ചില്‍ അഞ്ച് മിനിറ്റ് വൈകിയാല്‍, ശരിയായ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ അത് ഹൈപ്പോക്‌സിക് ഇസ്‌കെമിക് എന്‍സെഫലോപ്പതി എന്ന അവസ്ഥയുണ്ടാക്കിയേക്കും. ഇത് ആജീവനാന്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. ഗര്‍ഭധാരണവും പ്രസവവും വളരെ ഗൗരവമുള്ള കാര്യങ്ങളാണ്, അവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമൈന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

വീട്ടിലെ പ്രസവങ്ങള്‍ സുരക്ഷിതമല്ലെന്ന് സ്ത്രീകള്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക ഷാഹിറ എടക്കാട് ചൂണ്ടിക്കാട്ടുന്നു. മുന്‍കാലങ്ങളില്‍ ചില അക്യുപങ്ചറിസ്റ്റുകള്‍ വാക്‌സിനേഷനുകള്‍ക്കും മാസ്‌കുകള്‍ക്കും എതിരെ പ്രചാരണം നടത്തിയിരുന്നു, ഇപ്പോള്‍ അവര്‍ വീട്ടില്‍ പ്രസവം പ്രോത്സാഹിപ്പിക്കുകയാണ്. അത്തരം സുരക്ഷിതമല്ലാത്ത രീതികള്‍ തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.' എന്നും അവര്‍ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com