നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യയുടേത് ആസൂത്രിത നീക്കം

ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം
pp divya- naveen babu
പിപി ദിവ്യ- എഡിഎം നവീന്‍ ബാബുഫയല്‍
Updated on

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍. കലക്ട്രേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായാണ് മൊഴികള്‍. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി എന്നായിരുന്നു ദിവ്യയുടെ പ്രസംഗം. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വിഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികള്‍ നല്‍കിയ മൊഴി. പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നവീന്‍ ബാബുവിനെതിരെ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് വിജിലന്‍സ് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ കിട്ടിയിട്ടില്ലെന്നായിരുന്നു വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നായിരുന്നു നേരത്തെ പെട്രോള്‍ പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്ത് ഉയര്‍ത്തിയ വാദം. ഇത് വ്യാജ പരാതിയെന്ന് പിന്നീട് തെളിഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വിജിലന്‍സിന്റെ മറുപടിയും. നവീന്‍ ബാബുവിനെതിരെ റവന്യു വകുപ്പിലും പരാതികളില്ലെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഒരു പരാതിയും എഡിഎമ്മിനെതിരെ കിട്ടിയിട്ടില്ലെന്ന് റവന്യു സെക്രട്ടറിയും കണ്ണൂര്‍ കലക്ടറേറ്റും മറുപടി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com