ഒരേ നമ്പറില്‍ വോട്ടര്‍ ഐഡി കാര്‍ഡ്: 3 മാസത്തിനകം പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരട്ട വോട്ടര്‍ ഐഡി നമ്പര്‍ കിട്ടിയവരും യഥാര്‍ഥ വോട്ടര്‍മാര്‍ തന്നെയാണെന്ന് കമ്മീഷന്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു
Voter ID card with same number: Election Commission says it will resolve the issue within 3 months
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: ഒരേ നമ്പര്‍ ഉള്ള വോട്ടര്‍ ഐ ഡി കാര്‍ഡ് വോട്ടര്‍മാര്‍ക്കു നല്‍കിയതില്‍ മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ട വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ഉള്ള വോട്ടര്‍മാര്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സവിശേഷ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ലഭ്യമാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഭാവിയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്കും ഇത്തരത്തില്‍ സവിശേഷ നമ്പര്‍ ഉറപ്പാക്കുമെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇരട്ട വോട്ടര്‍ ഐഡി നമ്പര്‍ കിട്ടിയവരും യഥാര്‍ഥ വോട്ടര്‍മാര്‍ തന്നെയാണെന്ന് കമ്മീഷന്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. വോട്ടര്‍ ഐഡി സീരീസ് അനുവദിച്ചപ്പോള്‍ ചില രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തെറ്റായ സീരീസ് നല്‍കിയതാണ് പിഴവിന് കാരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരവരുടെ വോട്ടര്‍ പട്ടിക സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് കൊണ്ടാണ് ഇതുവരെ പിശക് കണ്ടുപിടിക്കപ്പെടാതെ പോയത്. സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തി ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐ ഡി നമ്പര്‍ ഏതാണെങ്കിലും, ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍ക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വിശദമായ പ്രക്രിയയിലൂടെയാണ് കമ്മീഷന്‍ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതും അന്തിമമാക്കുന്നതും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിക്കുന്ന ബൂത്ത് ഏജന്റുമാര്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. വീട് തോറും കയറിയുള്ള സ്ഥിരീകരണത്തിനും വിശദമായ പരിശോധനകള്‍ക്കും കരട് വോട്ടര്‍ പട്ടിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. പരാതികള്‍ അറിയിക്കാന്‍ ഒരു മാസത്തെ സമയവും അനുവദിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ അപാകത ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍, ജില്ലാ മജിസ്ട്രേട്ടിനോ ജില്ലാ കലക്ടര്‍ക്കോ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനോ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. തീരുമാനം തൃപ്തികരമല്ലെങ്കില്‍ അതാത് സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണപ്രദേശത്തിന്റെയോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കാനും സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com