
കൊല്ലം: 'നവകേരളത്തിന് ഒരു പുതിയ വഴി' എന്ന ദര്‍ശന രേഖയുടെ അവതരണത്തോടെ, രണ്ടര പതിറ്റാണ്ടിലേറെ നീണ്ട കാലയളവിനു ശേഷം കേരളത്തിലെ സിപിഎം അതിന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖ, പാര്‍ട്ടിയുടെ പുതിയ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടും വ്യക്തമാക്കുന്നു.
ഇടതുമുന്നണിയിലും വ്യാപക ചര്‍ച്ചയ്ക്ക് വിധേയമാകുന്ന നിര്‍ദ്ദേശങ്ങള്‍, ഫെഡറല്‍ അവകാശങ്ങള്‍ക്കെതിരെ സംസ്ഥാനം നേരിടുന്ന പുതിയ വെല്ലുവിളികള്‍ക്കുള്ള സാധ്യമായ ഉത്തരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കില്‍ സെസ് ഈടാക്കുക, വ്യക്തികളില്‍ നിന്നുള്ള ആഭ്യന്തര വിഭവ സമാഹരണം തുടങ്ങിയവ പാര്‍ട്ടിയില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ പ്രവര്‍ത്തിപ്പിക്കാനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും നയരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതെല്ലാം പാര്‍ട്ടിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കുന്നു. 'സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഫീസ് അടിസ്ഥാനമാക്കിയുള്ള വിഭവ സമാഹരണം ഒരു വഴിത്തിരിവാണ്.' ഒരു മുന്‍ കേന്ദ്രകമ്മിറ്റി അംഗം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
'സാര്‍വത്രിക റേഷന്‍ സമ്പ്രദായം അവസാനിപ്പിച്ചപ്പോള്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടി. 'അര്‍ഹതയില്ലാത്ത നിരവധി ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കുമെങ്കിലും, അര്‍ഹരായവര്‍ ഒരാള്‍ പോലും പദ്ധതിക്ക് പുറത്താകരുത് എന്നതായിരുന്നു എതിര്‍ക്കാനുള്ള കാരണം. ' അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉദാരവല്‍ക്കരണത്തിനും ഓഹരി വിറ്റഴിക്കലിനും വഴി തുറന്നതിനുശേഷം, സിപിഎം നവലിബറല്‍ ആഗോളവല്‍ക്കരണ വിരുദ്ധ നയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. സമ്പന്നര്‍ക്ക് സൗജന്യങ്ങള്‍ നല്‍കണമോ എന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖ നിര്‍ദ്ദേശിക്കുന്നു. പരിഹാരമായി വ്യത്യസ്ത നിരക്കുകള്‍ ഈടാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. കിഫ്ബി നിര്‍മ്മിച്ച റോഡുകളില്‍ ടോള്‍ ഫീസ് നടപ്പിലാക്കുന്നതും പരിഗണനയിലാണ്.
'ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ വളരെക്കാലമായി ഉന്നയിച്ച വാദങ്ങളായിരുന്നു ഇവ. എന്നാല്‍ ഇതിനെ ഒരു നവലിബറല്‍ അജണ്ടയായി കണക്കാക്കി ഇടതുപാര്‍ട്ടികള്‍ ഇതിനെ എതിര്‍ത്തു. മുന്‍ കേന്ദ്രകമ്മിറ്റി അംഗം പറഞ്ഞു. വ്യക്തികളുടെ നിക്ഷേപം വിഭവങ്ങളായി സമാഹരിക്കുന്നതിന്റെ പ്രായോഗികതയും, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ച പിപിപി മോഡലിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
ഇതിന്റെ രാഷ്ട്രീയ തിരിച്ചടികളെക്കുറിച്ച് ബോധ്യമുള്ള സിപിഎം നേതൃത്വം, എല്ലാ കുറ്റവും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ബിജെപി നയിക്കുന്ന സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടും സാമ്പത്തിക സഹായങ്ങള്‍ നിഷേധിക്കലുമാണ് അതിജീവനത്തിനുള്ള മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പ്രതികരിച്ചത്.
തൊഴിലാളികള്‍, വ്യാവസായിക തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ പാര്‍ട്ടിയുടെ ബഹുജന അടിത്തറ ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍, സിപിഎമ്മിന് മധ്യവര്‍ഗത്തെ അടിത്തറയായി ആവശ്യമുണ്ട്. പാര്‍ട്ടിക്ക് ഇപ്പോള്‍ ബഹുജന പിന്തുണയായി ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉണ്ടെന്നതില്‍ അതിശയിക്കാനില്ല' നേതാവ് കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക