'വെറും മൂന്നാം ടേം അല്ല; പാർട്ടി മുന്നോട്ടുവെക്കുന്നത് വലിയ വികസന കാഴ്ചപ്പാട്'

വികസിത, അര്‍ദ്ധ വികസിത രാജ്യങ്ങളുടേതിന് സമാനമായി കേരളീയരുടെ ജീവിത നിലവാരം ഉയര്‍ത്തും
m v govindan
എം വി ഗോവിന്ദന്‍ ഫെയ്‌സ്ബുക്ക്
Updated on
2 min read

കൊല്ലം: തുടര്‍ച്ചയായ മൂന്നാം ഇടതുസര്‍ക്കാര്‍ എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വികസിത, അര്‍ദ്ധ വികസിത രാജ്യങ്ങളുടേതിന് സമാനമായി കേരളീയരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികളുമായാണ് ഇടതുസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നിലുള്ള വെല്ലുവിളികളെ തരണം ചെയ്ത് പാര്‍ട്ടിയെ മുന്നോട്ടു നയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ ഏക ശത്രു നിലവില്‍ സിപിഎം ആണ്. ഫാസിസ്റ്റ് സമീപനങ്ങളെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളെയും നേരിടേണ്ടതുണ്ട്. അത് മറ്റൊരു വലിയ വെല്ലുവിളിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രധാനപ്പെട്ട രണ്ടു തെരഞ്ഞെടുപ്പുകളാണ് വരാന്‍ പോകുന്നത്. ഓരോ തെരഞ്ഞെടുപ്പും പ്രധാനപ്പെട്ടതാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

രാജ്യത്തെ ഏക ഇടതുപക്ഷ ബദല്‍ കേരളം മാത്രമാണ്. അതുകൊണ്ടുതന്നെ, രാജ്യത്തെ ഏക ബദല്‍ മാതൃകയെന്ന നിലയില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തേണ്ടത് ജനങ്ങള്‍ക്കും പാര്‍ട്ടിക്കും പ്രധാനമാണ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍, സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമായ പല പ്രധാന സംരംഭങ്ങളും പൂര്‍ത്തിയാകുമായിരുന്നില്ല. തീരദേശ, മലയോര പാതകള്‍, ഗെയില്‍ പൈപ്പ്ലൈന്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ ഇടതുപക്ഷം വിജയകരമായി നടപ്പിലാക്കി.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍, വ്യാവസായിക മേഖലയിലും മറ്റ് രംഗത്തും സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമം. വിജ്ഞാന സമ്പദ്വ്യവസ്ഥ എന്ന നിലയിലും വിജ്ഞാനാധിഷ്ഠിത സമൂഹം എന്ന നിലയിലും കേരളം മുന്നേറുകയാണ്. സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വളര്‍ച്ച ഉദാഹരണമാണ്. നവംബര്‍ ഒന്നാം തീയതിയോടെ കേരളം കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി പ്രഖ്യാപിക്കപ്പെടും. ദേശീയ തലത്തില്‍ അത്തരമൊരു പ്രഖ്യാപനത്തിനായി എത്ര വര്‍ഷം കാത്തിരിക്കേണ്ടിവരും? മൊത്തത്തിലുള്ള ഒരു വികസന സമീപനമാണ് ഇടതുപക്ഷത്തിനുള്ളതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വ്യത്യസ്ത തലങ്ങളില്‍ എണ്ണമറ്റ നേട്ടങ്ങള്‍ നമുക്ക് കൈവരിക്കാനായിട്ടുണ്ട്. ഇനിയും നമുക്ക് എത്രത്തോളം മുന്നോട്ട് പോകാന്‍ കഴിയും? അതാണ് പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്തത്. സഹകരണ മേഖലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തിന് അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. മൂന്നാമത്തെ സര്‍ക്കാരിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വലിയ ഒരു വികസന കാഴ്ചപ്പാട് പാര്‍ട്ടിക്കുണ്ട്. വെറും മൂന്നാം ടേം എന്നല്ല, മറിച്ച് സര്‍ക്കാര്‍ ജനങ്ങളെ പരിപാലിക്കും എന്നതാണ്. കേരളീയരുടെ ജീവിത നിലവാരം വികസിത, അര്‍ദ്ധ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് ആഗ്രഹിക്കുന്നത്.

കഴിഞ്ഞ തവണത്തേതിന് സമാനമായി ഇത്തവണ കൂടുതല്‍ യുവനേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ചും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. യുവനേതാക്കള്‍ നിലവില്‍ തന്നെ സെക്രട്ടേറിയറ്റിലുണ്ട്. എല്ലാ വിഭാഗത്തിലുമുള്ളവര്‍ ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റാണ് രൂപീകരിച്ചത്. ഇതില്‍ മുതിര്‍ന്ന നേതാക്കളും യുവാക്കളും ഉള്‍പ്പെടുന്നു എന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CPM state secretary M V Govindan having refreshments from a tea stall set up near the venue of the extended state committee meet in Kozhikode
mv govindan
MV Govindan
TK Govindan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com