'പ്രൊഫൈല്‍ ചിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു, സെക്രട്ടേറിയറ്റില്‍ എടുക്കാത്തതില്‍ ഇച്ഛാഭംഗമോ പ്രയാസമോ ഇല്ല'

പാര്‍ട്ടി കാലാകാലങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറെ സത്യസന്ധതയോടെയും ത്യാഗമനോഭാവത്തോടെയും ഏറ്റെടുത്ത ആളാണ് താന്‍
Facebook images misinterpreted kadakampally surendran against media
കടകംപള്ളി സുരേന്ദ്രന്‍ഫെയ്സ്ബുക്ക്
Updated on

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെടുക്കാത്തതില്‍ അതൃപ്തനാണെന്ന വാര്‍ത്തകള്‍ തളളി സംസ്ഥാനസമിതി അംഗം കടകംപള്ളി സുരേന്ദ്രന്‍. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചിത്രവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തള്ളിയ അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തി. ഫെയ്സ്ബുക്കിലെ കവര്‍ ചിത്രം മാറ്റിയതില്‍ ദുരുപദിഷ്ടമായ ഒന്നുമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടി കാലാകാലങ്ങളില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഏറെ സത്യസന്ധതയോടെയും ത്യാഗമനോഭാവത്തോടെയും ഏറ്റെടുത്ത ആളാണ് താന്‍. നാളിതുവരെയുള്ള സമ്മേളനങ്ങളില്‍ നിന്നും വ്യത്യസ്തമായി വിഭാഗീയ പൂര്‍ണമായും ഇല്ലാതായ സമ്മേളനമായിരുന്നു കൊല്ലം സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവരും ഒറ്റക്കെട്ടായി പാര്‍ട്ടിക്കൊപ്പം നിന്ന സമ്മേളനം. ഒരു കുറ്റവും മാധ്യമങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. എന്നെ ഉപയോഗിച്ച് പാര്‍ട്ടിയെ ആക്രമിക്കാന്‍ അനുവദിക്കില്ല. എനിക്ക് അര്‍ഹിക്കുന്നതിലേറെ പാര്‍ട്ടി തന്നുവെന്ന് വിശ്വസിക്കുന്നതായാളാണെന്നും' കടകംപള്ളി പറഞ്ഞു.

'സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെടുത്തില്ല എന്നതില്‍ ഒരു ശതമാനം പ്രയാസമില്ല, ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയതില്‍ യാതൊരു ദുരുദ്ദേശ്യവുമില്ല. ഫെയ്‌സ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഞാന്‍ നേരിട്ടല്ല. അഭിമാനപൂര്‍വ്വം എനിക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുന്ന ചിത്രമാണ് ഫെയ്സുബുക്കില്‍ പങ്കുവെച്ചത്. അന്നത്തെ നവകേരള മാര്‍ച്ചിന്റെ സമാപനം കുറിച്ച് തലസ്ഥാനത്ത്, അന്ന് മാധ്യമങ്ങള്‍ തന്നെ ഞെട്ടിപ്പോയ, ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത മഹാസമ്മേളനത്തില്‍ അതിന്റെ സംഘാടകനെന്ന നിലയില്‍ ഏറ്റവും മനോഹരമായി എനിക്ക് കുറച്ചുനേരം സംസാരിക്കാന്‍ കിട്ടിയ സന്ദര്‍ഭം ഞാന്‍ വിനിയോഗിക്കുന്ന ചിത്രമാണത്', കടകംപള്ളി പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ എടുക്കാത്തതില്‍ ഒരു ശതമാനമോ അതിന്റെ ലക്ഷത്തിലൊരംശം ഇച്ഛാഭംഗമോ പ്രയാസമോ ഇല്ല. പാര്‍ട്ടിയില്‍ പരിവര്‍ത്തനം നടക്കുന്ന കാലമാണ്. പഴയതുപോലെ പോകേണ്ട പാര്‍ട്ടിയല്ല. പുതിയ രക്തം പാര്‍ട്ടി നേതൃതലത്തിലേക്ക് വരണം. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ബന്ധമാണ്. കാരണം, അത്, ആരോഗ്യവകുപ്പിനും പാര്‍ട്ടിക്കും ഗുണം ചെയ്യുമെന്നും കടകംപളളി പറഞ്ഞു. പാര്‍ട്ടി വിരുദ്ധരാണ് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നത്. അതില്‍ നിന്നും മാധ്യമങ്ങള്‍ മാറി നില്‍ക്കണമെന്നും കടകംപള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com