
തിരുവനന്തപുരം: മുന്‍ഗാമിയില്‍ നിന്ന് വ്യത്യസ്തമായി, അസ്വാരസ്യം നിറഞ്ഞ കേന്ദ്ര സംസ്ഥാന ബന്ധങ്ങങളില്‍ നയതന്ത്രത്തിന്റെ പുതുചരിത്രം രചിച്ച് സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കഴിഞ്ഞ എഴ് വര്‍ഷത്തോളമായി സംഘര്‍ഷഭരിതവും ആരോപണ പ്രത്യാരോപണങ്ങളാല്‍ മുഖരിതവുമാണ് മോദി - പിണറായി വിജയന്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം. അതേസമയം ജനുവരി രണ്ടിന് ഗവര്‍ണറായി ചുമതലയേറ്റ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംസ്ഥാന സര്‍ക്കാരുമായി സൗഹാര്‍ദ്ദപരമായ സമീപനം സ്വീകരിക്കുകയായിരുന്നു.
സംസ്ഥാന നിയമസഭയില്‍ ഇടതു മുന്നണി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിച്ച ഗവര്‍ണര്‍ തന്റെ സമീപനം മുന്‍ഗാമി ആരിഫ് മുഹമ്മദ് ഖാനില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്ന സന്ദേശമാണ് നല്‍കിയത്. അതേസമയം തന്നെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്ന ബില്ലില്‍ അടക്കം വിട്ടു വീഴ്ച പ്രകടമാക്കിയതുമില്ല.
ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച നീക്കം അനാവരണം ചെയ്തത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എപിമാര്‍ക്കും അത്താഴവിരുന്നൊരുക്കിയ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ ആ ദിവസം സിപിഎം പിബിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കുക കൂടി ചെയ്തു. കൂടാതെ പ്രോട്ടോക്കോള്‍ ചട്ടങ്ങളെല്ലാം മാറ്റിവെച്ച് ബുധനാഴ്ച രാവിലെ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ പ്രാതല്‍ വിരുന്നിലും കൂടികാഴ്ചയിലും സന്നിഹതനായി. മുന്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചതില്‍ നിന്ന് വ്യത്യസ്തമായ നയസീപനമാണ് കേരളത്തിന്റെ പൊതുവായ വികസന കാര്യങ്ങളില്‍ തനിക്കെന്ന് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നയം വ്യക്തമാക്കിയതോടെ രാഷ്ട്രീയ നേതാക്കള്‍ കക്ഷി രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന് അപ്പുറമായി ഒത്തുചേരുകയായിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി കെവി തോമസിന്റെ ഇടപെടലാണ് നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്. കഴിഞ്ഞ ആഴ്ച രാഷ്ട്രപതി തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാക്കും സംസ്ഥാന അധിപര്‍ക്കുമായി ഒരുക്കിയ വിരുന്നിടെ ഗവര്‍ണറും കെവി തോമസും തമ്മില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനിടെ കേരളത്തിന്റെ വികസന പ്രശ്‌നവും കടന്നുവന്നു. 'സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളും കേന്ദ്ര ധന സഹായം ലഭിക്കുന്നതിലെ പ്രയാസവും ഞാന്‍ ഗവര്‍ണറോട് പറഞ്ഞു്,' -കെവി തോമസ് സമകാലിക മലയാളത്തോട് പറഞ്ഞു. 'കേരളത്തിന്റെ വികസന കാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് പോകാമെന്ന് അദ്ദേഹം അറിയിച്ചു. എംപിമാരുമായി സംസാരിക്കാമെന്നും വ്യക്തമാക്കി,'- അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് 11ന് വൈകിട്ട് ഗവര്‍ണറുടെ ഓഫീസ് കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാരെയും കേരള ഹൗസിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ചു. ഒപ്പം ആ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെയും ഗവര്‍ണര്‍ ക്ഷണിച്ച. കേന്ദ്ര മന്ത്രിമാരായ ജോര്‍ജ്ജ് കുര്യനും സുരേഷ് ഗോപിയും കോണ്‍ഗ്രസിന്റെ വയനാട് എംപി പ്രിയങ്കാ ഗാന്ധിയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും വിട്ടുനിന്നപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പങ്കെടുത്തു.
വിരുന്നിന് മുന്നോടിയായി നടന്ന യോഗത്തില്‍ സംസാരിച്ച ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്ന് വ്യക്തമാക്കി. 'കേരളത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്. രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാവരും മുന്നോട്ട് ഐക്യത്തോടെ പോകണം. കേന്ദ്രത്തിന് മുമ്പാകെ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം ഞാനും ഒപ്പം ഉണ്ടാവും,' - അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ ഉദ്യമത്തില്‍ സന്തോഷം പ്രകടമാക്കിയ മുഖ്യമന്ത്രി ടീം കേരളയോടൊപ്പം കേരള ഗവര്‍ണറും ഉണ്ടെന്നത് ആഹ്ലാദകരവും ആവശേകരവും ആണെന്ന് പറഞ്ഞു.് ഇതൊരു നല്ല തുടക്കമാണെന്നും നല്ല അന്തരീക്ഷമാണ് സംജാതമായിരിക്കുന്നതെന്നും പിണറായി വിജയന്‍ വ്യകതമാക്കി.
യോഗത്തില്‍ സംസാരിച്ച മുഴവന്‍ എംപിമാരും വികസന പ്രശ്‌നങ്ങളെ കുറിച്ചും കേന്ദ്രം ധനസഹായം നിഷേധിക്കുന്നതും ഉദാഹരണ സഹിതം എണ്ണിയെണ്ണി പറഞ്ഞു. വയനാട് ദുരന്തത്തിനുള്ള സഹായം, വിഴിഞ്ഞം തുറമുഖത്തിനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട്, എയിംസ്, കെ റെയില്‍ അഥവാ ഹൈ സപീഡ് റെയില്‍ സംവിധാനം, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് അടക്കം എംപിമാര്‍ വിശദീകരിച്ചു. സിപി.എം എംപി ജോണ്‍ ബ്രിട്ടാസ് രണ്ട് കേന്ദ്ര മന്ത്രിമാര്‍ വിട്ടു നിന്നത് ചൂണ്ടിക്കാട്ടി. യോഗത്തില്‍ സംസാരിച്ച പിടി ഉഷയാവട്ടെ തനിക്ക് രാഷ്ട്രീയം ഇല്ലെന്ന് പറഞ്ഞു.
മാര്‍ച്ച് ആറിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധി കെവി തോമസ് ബുധനാഴ്ചത്തെ പ്രാതലിനായി മുഖ്യമന്ത്രിക്ക് വേണ്ടി ക്ഷണിച്ചു. വയനാടിന് കേന്ദ്ര ധനസഹായം പൂര്‍ണമായി ലഭിക്കാത്ത വിഷയം, ഇപ്പോള്‍ പ്രഖ്യാപിച്ച തുക മാര്‍ച്ച് 31 ന് മുമ്പ് ചെലവഴിക്കണമെന്ന നിര്‍ദ്ദേശത്തിലെ അപ്രായോഗികത, ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം, അതിവേഗ റെയില്‍വേ സംവിധാനത്തിനായി ഇ ശ്രീധരന്‍ നല്‍കിയ പദ്ധതി എന്നിവയില്‍ അനുകൂല നടപടി എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ധനമന്ത്രിയുമായുള്ള തീയതി നിശ്ചയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഗവര്‍ണറെ ബന്ധപ്പെട്ടു. ഗവര്‍ണര്‍ പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കി. ബുധനാഴ്ച രാവിലെ കേരളഹൗസില്‍ എത്തിയ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളം നേരിടുന്ന വിഷയങ്ങള്‍ അവതരിപ്പിച്ച മുഖ്യമന്ത്രി സംസ്ഥാനത്തിന്റ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനവും കേന്ദ്ര മന്ത്രിക്ക് കൈമാറി.
'കേരളത്തിന്റെ വികസനത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാറിന്റെ സമീപനം,' സി.പി.എം എംപി ജോണ്‍ ബ്രിട്ടാസ് സമകാലിക മലയാളത്തോട് പറഞ്ഞു 'സംസ്ഥാനത്തിന്റെ പ്രഥമ പൗരന്‍ എന്ന നനിലയില്‍ ഗവര്‍ണര്‍ക്കും അതിലൊരു ഉത്തരവാദിത്തമുണ്ട്. ടീം കേരളയോടെപ്പം നമ്മുടെ ഗവര്‍ണര്‍ ചേര്‍ന്നു,' അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക