5 പഞ്ചായത്തുകളുടെ ജീവ നാഡിയായി ഒഴുകി; മണലിപ്പുഴ മരണ ശയ്യയിൽ

പുഴയെ വീണ്ടെടുക്കാനുള്ള പദ്ധതികൾ വേണമെന്നു നാട്ടുകാർ
Manalipuzha dying a slow death
മലിനമായി ഒഴുകുന്ന മണലിപ്പുഴഎക്സ്പ്രസ്
Updated on

തൃശൂർ: പാലിയേക്കരയ്ക്കടുത്ത് തലോറിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ആളുകളുടെ ജീവിതത്തിന്റെ ഭാ​ഗമാണ് മണലിപ്പുഴ. മതപരമായ ചടങ്ങൾക്കു മുതൽ ദൈനംദിന ജോലികൾക്കു വരെ ആളുകൾ ആശ്രയിക്കുന്ന പുഴയാണിത്. എന്നാൽ മണലിപ്പുഴ ഇന്ന് മരണ ശയ്യയിലാണ്. നദിയെ സംരക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കണമെന്നു പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും അധികാരികളോടു അഭ്യർഥിക്കുന്നു.

50 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന മണലിപ്പുഴ കരുവന്നൂർ നദിയുടെ പോഷക നദിയാണ്. നെൻമണിക്കര, പാണഞ്ചേരി, പുത്തൂർ, തൃക്കൂർ, നടത്തറ പഞ്ചായത്തുകളിലൂടെയാണ് പുഴ ഒഴുകുന്നത്. മണലിപ്പുഴലാണ് പീച്ചി അണക്കെട്ട്. അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് ഈ നദിയാണ്.

നദികളെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ലോകം ആചരിക്കുന്ന ദിവസമാണിന്ന്. പ്രിയപ്പെട്ട പുഴയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഈ ​ദിവസത്തിൽ മുന്നോട്ടു വയ്ക്കുന്നത്.

പുഴയിലേക്ക് മാലിന്യം വലിയ തോതിൽ ഒഴുകിയെത്തിയതോടെയാണ് തകർച്ച തുടങ്ങിയത്. കുറച്ചു വർഷങ്ങൾക്കു മുൻപ് പ്രദേശത്തെ കിണറുകളിലെ വെള്ളം മോശമാകാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ഇക്കാര്യം ശ്രദ്ധിച്ചു തുടങ്ങിയത്. കിണറിൽ വെള്ളമുണ്ടെങ്കിലും അസഹനീയമായ ദുർ​ഗന്ധമാണ്. ഒരു ​​ദിവസം മുൻപ് വെള്ളം ശേഖരിച്ചു പിറ്റേദിവസം തിളപ്പിച്ചു ഉപയോ​ഗിക്കും. പഞ്ചായത്തിൽ നിന്നുള്ള കുടി വെള്ളമാണ് ഇപ്പോൾ ഇവിടെയുള്ളവർ ആശ്രയിക്കുന്നതെന്നു പ്രദേശവാസിയായ 64കാരിയായ മേരി പറയുന്നു.

മഴക്കാലത്ത് മാലിന്യങ്ങൾ കലർന്ന കറത്തതും രൂക്ഷ ​ഗന്ധമുള്ളതുമായ കനാൽ വെള്ളം നദിയിലേക്ക് ഒഴുകുന്നു. പഞ്ചായത്ത് അധികാരികളോടും ജലസേചന വകുപ്പിനോടും പരാതിപ്പെട്ടിട്ടും ഒരു നടപടിയും ആരും എടുത്തില്ല. പുഴ നശിക്കാൻ കാത്തിരിക്കുകയാണോ അധികൃതരെന്നും മേരി ചോദിക്കുന്നു.

പുഴയിലേക്ക് തള്ളിയ മാലിന്യം
പുഴയിലേക്ക് തള്ളിയ മാലിന്യം
പുഴയിലൂടെ ഒഴുകുന്ന മലിന ജലം
പുഴയിലൂടെ ഒഴുകുന്ന മലിന ജലം

ഒരു കാലത്ത് ഈ പുഴയിൽ നിന്നു നിരവധി പേർ മീൻ പിടിച്ചിരുന്നു. എന്നാൽ ഇന്ന് ആരും അതിനു തയ്യാറാകുന്നില്ല. വെള്ളം അത്രമാത്രം മലിനമാണ്. അപ്പോൾ എങ്ങനെ ഇതിൽ നിന്നു പിടിക്കുന്ന മീൻ ധൈര്യമായി കഴിക്കും- പ്രദേശവാസിയായ പ്രകാശൻ ചോദിക്കുന്നു.

മണലിപ്പുഴയെ പനരുജ്ജീവിപ്പിക്കാൻ എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങൾ എല്ലാ വർഷം ഫണ്ട് അനുവദിക്കാറുണ്ട്. എന്നാൽ മഴക്കാലത്ത് ജലശായത്തിന്റെ ഒഴുക്ക് തടയുക മാത്രമാണ് അവർ ചെയ്യുന്നത്. ഇത്തരം തടയിണകൾ നദി കരകവിഞ്ഞൊഴുകുന്നതിനും മഴക്കാലത്ത് വെള്ളപ്പൊക്കം പോലുള്ള അവസ്ഥയിലേക്ക് നയിക്കുന്നതിനു കാരണമാകുന്നു. പുഴയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് സമ​ഗ്രമായ പഠനം നടത്താനും അതിന്റെ യഥാർഥ സംരക്ഷണത്തിനായി പദ്ധതികൾ ആവിഷ്കരിക്കാനും അഞ്ച് പഞ്ചായത്തുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നെന്മണിക്കര യൂണിറ്റ് കൺവീനർ ശ്രീനാഥ് ടി പറഞ്ഞു.

2020ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മണലിപ്പുഴയെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. മലിനീകരണം, അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ, കൈയേറ്റം എന്നിവ കാരണം പുഴയെ നാശത്തിന്റെ വക്കിലാണെന്നു കണ്ടെത്തി. ദേശീയ പാതയോരത്തെ വാണിജ്യ സംരഭങ്ങൾ മലിനമായ വെള്ളം നദിയിലേക്കു തുറന്നുവിടുന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. മാലിന്യമുക്ത നവകേരളം പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്ന സമയത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്നും ശ്രീനാഥ് പറയുന്നു.

മാലിന ജല സംസ്കരണ പ്ലാന്റുകളടക്കം നിർമിച്ച് പുഴയിലേക്കുള്ള മാലിന്യത്തിന്റെ ഒഴുക്ക് തടയണം. മണൽ ഖനനവും പുഴ നശിക്കുന്നതിനു കാരണമായിട്ടുണ്ട്. ഈയടുത്ത ദിവസം നദിയുടെ തീരത്തുള്ള പ്രധാന റിസോർട്ട് പുഴ കൈയേറിയതായി ഒരു പ്രാദേശിക കോൺ​ഗ്രസ് നേതാവ് ആരോപണമുന്നയിച്ചിരുന്നു. നദിയുടെ വീതി 100 മീറ്ററിൽ നിന്നു 40 മീറ്ററായി കുറഞ്ഞെന്നും ആരോപണമുണ്ട്.

കൈയേറ്റങ്ങൾ ഒഴിപ്പിക്കേണ്ടത് മണലിപ്പുഴയെ പഴയ ഭം​ഗിയിലേക്ക് തിരികെ കൊണ്ടുവരാൻ അത്യാവശ്യമാണെന്നു നെന്മണിക്കര ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിഎസ് ബൈജു പറയുന്നു. പഞ്ചായത്ത് സർവേ നടത്തിയ കൈയേറ്റക്കാരെ തിരിച്ചറിഞ്ഞു. എന്നാൽ പലരും കോടതിയെ സമീപിച്ചതിനാൽ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്റ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com