ഫ്‌ളൈ ഓവര്‍ കയറണ്ട, പതിനെട്ടാം പടി കയറി നേരിട്ട് ദര്‍ശനം; ശബരിമലയില്‍ പുതിയ ക്രമീകരണം ഇന്നുമുതല്‍

മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
New arrangements at Sabarimala from today
മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കുംഫയല്‍
Updated on

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകരും. ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും.

നാളെ പുലര്‍ച്ചെ 5ന് നടതുറന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടത്തും. തുടര്‍ന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നടയടയ്ക്കും. വൈകീട്ട് 5ന് നടതുറന്ന് 6.30ന് ദീപാരാധന, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടത്തും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി 19 ന് രാത്രി 10ന് നടയടയ്ക്കും.

വെര്‍ച്വല്‍ ക്യൂ വഴിയും സ്പോട്ട് ബുക്കിങ്ങിലൂടെയും ദര്‍ശനം നടത്താം. പതിനെട്ടാംപടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ളൈ ഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലാണ് ഇന്നുമുതല്‍ ആരംഭിക്കുക.

ശബരിമലയില്‍ പതിനെട്ടാംപടി ചവിട്ടി കൊടിമരച്ചുവട്ടിലൂടെ നേരെ സോപാനത്ത് കയറി ദര്‍ശനം നടത്താവുന്നതാണ് പുതിയ രീതി. ഫ്‌ളൈ ഓവര്‍ ഒഴിവാക്കി കൊടിമരത്തിന് ഇരുവശങ്ങളിലൂടെ ബലിക്കല്‍പ്പുര കയറി ദര്‍ശനം നടത്താവുന്ന തരത്തിലാണ് പുതിയ ക്രമീകരണം. ഇതിനാവശ്യമായ നിര്‍മാണം പൂര്‍ത്തിയായി.

സോപാനത്തിനുമുന്നില്‍ പല ഉയരത്തില്‍ സ്ഥാപിച്ചിരുന്ന പ്ലാറ്റ്‌ഫോം പൂര്‍ണമായി നീക്കി. കിഴക്കേ മണ്ഡപത്തിന്റെ വാതില്‍മുതല്‍ സോപാനംവരെ രണ്ടു വരിയായി കയറിപ്പോകാനുള്ള പ്ലാറ്റ്ഫോമിന്റെ നിര്‍മാണം പൂര്‍ത്തിയായി. തീര്‍ഥാടകര്‍ ബലിക്കല്ലില്‍ സ്പര്‍ശിക്കാതിരിക്കാന്‍ പ്രത്യേക മൂടിയും സ്ഥാപിച്ചു. ബലിക്കല്ലിന്റെ ഇരുവശങ്ങളിലൂടെ വരിയായി കടന്ന് കിഴക്കേ വാതില്‍ പ്രവേശിക്കുമ്പോള്‍ മുതല്‍ ദര്‍ശനം ലഭിക്കുന്ന വിധമാണ് പുതിയ സംവിധാനം.

രണ്ടു വരികള്‍ തമ്മില്‍ വേര്‍തിരിക്കാന്‍ പ്രത്യേക രീതിയില്‍ കാണിക്കവഞ്ചി സ്ഥാപിച്ചു. ഇതോടെ തീര്‍ഥാടകര്‍ക്ക് ശ്രീകോവിലിനുമുന്നില്‍ കാണിക്കയര്‍പ്പിക്കാം. 15 മീറ്ററുള്ള പുതിയ ക്യൂവില്‍ കുറഞ്ഞത് 30 സെക്കന്‍ഡ് തൊഴുത് സുഗമമായി നടന്നുനീങ്ങാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നത്. പുതിയ സംവിധാനത്തിലൂടെ എല്ലാ തീര്‍ഥാടകര്‍ക്കും ഒരുപോലെ ദര്‍ശനം സാധ്യമാകും. ഇരുമുടിക്കെട്ടില്ലാത്ത തീര്‍ഥാടകരെ വടക്കുഭാഗത്തുകൂടി ഇതേ ക്യൂവിലേക്കുതന്നെ കടത്തിവിട്ട് ദര്‍ശനം ഒരുക്കാനാണ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com