
തൃശൂര്‍: നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ 2 പേര്‍ അറസ്റ്റില്‍. കാടുകുറ്റി സാമ്പാളൂര്‍ സ്വദേശി മാടപ്പിള്ളി വീട്ടില്‍ ഷിജോ (45) കറുകുറ്റി അന്നനാട് സ്വദേശിയായ അനന്തഭവന്‍ വീട്ടില്‍ ബാബു പരമേശ്വരന്‍ നായര്‍ (55) എന്നിവരാണ് അറസ്റ്റിലായത്. കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷിനെയാണ് ഇവര്‍ കബളിപ്പിച്ചത്. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇരുവരും ഇയാളില്‍ നിന്ന് അഞ്ച് ലക്ഷം കൈപ്പറ്റിയിരുന്നു.
പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്. അതിനിടെ പരാതിക്കാരന് പുരാവസ്തുക്കളോടുള്ള താല്പര്യം മനസിലാക്കിയാണ് പഞ്ചലോഹ നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് ഷിജോ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 17ന് പഞ്ചലോഹ വിഗ്രഹമാണെന്ന് വിശ്വസിപ്പ് ഇവര്‍ ഒരു ദേവി വിഗ്രഹം പരാതിക്കാരന് നല്‍കി. നടരാജ വിഗ്രഹത്തിന് പകരം ദേവി വിഗ്രഹം ലഭിച്ച പരാതിക്കാരന്‍ അതിനെക്കുറിച്ച് ഇവരോട് ചോദിച്ചപ്പോള്‍ ഈ വിഗ്രഹം വീട്ടില്‍ വെച്ചിട്ട് ഐശ്വര്യം ഉണ്ടായില്ലെങ്കില്‍ കോട്ടയം പാല സ്വദേശിയായ ഒരാള്‍ ദേവി വിഗ്രഹം 15 കോടി രൂപക്ക് വാങ്ങുമെന്നും ഇവര്‍ പരാതിക്കാരനോട് പറഞ്ഞിരുന്നു.
സംശയം തോന്നിയ പരാതിക്കാരന്‍ ദേവി വിഗ്രഹം ജ്വല്ലറിയില്‍ കൊണ്ട് പോയി പരിശോധിച്ചപ്പോള്‍ വിഗ്രഹം പഞ്ചലോഹമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കൊരട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസ് എടുത്തെന്ന് മനസിലാക്കി ഒളിവില്‍ പോയ പ്രതികളെ കുറിച്ച് തൃശ്ശൂര്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കാടുകുറ്റി, അന്നനാട് എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കൊരട്ടി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അമൃത രംഗന്‍, സബ് ഇന്‍സ്‌പെക്ടര്‍ റെജിമോന്‍, എഎസ്‌ഐ മാരായ ഷീബ, നാഗേഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ് ഐ രഞ്ജിത്ത് വി ആര്‍ എസ് സിപിഒ മാരായ സജീഷ്, ഫൈസല്‍, സിപിഒ മണികുട്ടന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക