
കൊച്ചി: 'ദേവി' എന്ന വാക്ക് ആണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെ പ്രേരിപ്പിച്ച ഘടകമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സാധാരണഗതിയില്‍ നാരീശക്തി, മഹിളാ എന്നി പേരുകളിലാണ് സ്ത്രീകള്‍ക്ക് അവാര്‍ഡ് നല്‍കാറ്. എന്നാല്‍ അവാര്‍ഡിന് ദേവി എന്ന പേര് നല്‍കിയതിലൂടെ, ഇതിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ഇവര്‍ക്ക് നല്‍കിയ ആദരവിന്റെയും സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന സ്ഥാനത്തിന്റെയും മഹത്വമാണ് വര്‍ധിച്ചിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച ദേവി അവാര്‍ഡിന്റെ 32-ാം പതിപ്പില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 15 മലയാളി സ്ത്രീ രത്‌നങ്ങളെ ആദരിക്കുന്ന ചടങ്ങിലാണ് ഗവര്‍ണറുടെ വാക്കുകള്‍.
'സ്ത്രീകളുടെ മുന്നേറ്റത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിവ്യത്വം കണ്ടത് കൊണ്ടാണ് ഈ പേര് നല്‍കിയത്. ആ ദിവ്യത്വമാണ് എന്നെ ഇവിടെ എത്തിച്ചത്. ദേവി അവാര്‍ഡ് നേടിയവരുടെ ദിവ്യത്വമാണ് അവരെ ആദരിക്കുന്നതിലേക്ക് നയിച്ചത്. നമ്മളും ഇവരും തമ്മിലുള്ള വ്യത്യാസമാണ് ഇവരെ ഇവിടെ എത്തിച്ചത്. ഇവരുടെ കഴിവുകളിലുള്ള ദിവ്യത്വമാണ് ഇവരെ അവാര്‍ഡിന് അര്‍ഹരാക്കിയത്. സമൂഹത്തിന് മാതൃകകളായി മാറിയവരാണ് ഇവര്‍. ഇന്നത്തെ പഴയ തലമുറയോട് രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ? പുതിയ തലമുറയെ കുറിച്ചോ ചോദിച്ചാല്‍ ഒരു പോസിറ്റീവ് മറുപടി ലഭിക്കണമെന്നില്ല. കാരണമെന്താണ്? പുതിയ തലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മാതൃകാ വ്യക്തിത്വങ്ങള്‍ ഇല്ലാത്തതാണ് കാരണം. എന്നാല്‍ അവരെ വെല്ലുവിളിച്ച് കൊണ്ട് ഇതാ സമൂഹത്തിന് പുതിയ ദിശാബോധം പകരാന്‍ കഴിയുന്ന ദിവ്യത്വമുള്ള വ്യക്തിത്വങ്ങള്‍ എന്ന് കാണിക്കാന്‍ സാധിക്കും.'- ഗവര്‍ണര്‍ പറഞ്ഞു.
'ഇപ്പോഴത്തെ പുതിയ തലമുറയോട് എന്തിനാണ് പഠിക്കുന്നത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരമില്ല. എന്തിനാണ് കോളജില്‍ പോകുന്നത് എന്ന് പോലും പലര്‍ക്കും അറിയില്ല. ഇതിന് പരിഹാരം എന്ന നിലയില്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ ഇത്തരത്തിലുള്ള മാതൃകാ വ്യക്തിത്വങ്ങളെ കാണിച്ച് കൊടുക്കണം. അവര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന ആളുകളെ കാണിച്ച് കൊടുക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ജീവിതലക്ഷ്യം ഉണ്ടാവും. ഇത് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവരെ പ്രേരിപ്പിക്കും. അതാണ് ആവശ്യം. ഈ അവാര്‍ഡ് പുതിയ തലമുറയ്ക്ക് ലക്ഷ്യബോധ്യത്തോടെ മുന്നോട്ടുപോകാന്‍ കരുത്തുപകരുന്നതാണ്. ഇവരാണ് സമൂഹത്തെ മുന്നോട്ടുനയിക്കുന്നവര്‍ എന്ന ബോധ്യം പുതിയ തലമുറയുടെ മനസില്‍ സൃഷ്ടിക്കാന്‍ ഈ അവാര്‍ഡ് സഹായിക്കും. അല്ലെങ്കില്‍ പുതിയ തലമുറയില്‍ നിന്ന് പ്രതീക്ഷ ഇല്ലാത്ത അവസ്ഥയാകും. ഇതിന് ഉത്തരവാദികള്‍ യഥാര്‍ഥത്തില്‍ നമ്മള്‍ തന്നെയാണ്. ലഹരി മരുന്നിന്റെ ഉപയോഗമാണ് ഇപ്പോള്‍ ഭീഷണിയായി നില്‍ക്കുന്നത്. പുതിയ തലമുറ എങ്ങോട്ടാണ് പോകുന്നത് എന്നതിനെ കുറിച്ച് ആശങ്ക നിലനില്‍ക്കുകയാണ്. ഇതിനെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ സമൂഹത്തില്‍ ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാവും.'- ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
'ഇതിന് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളോടും ലഹരി മരുന്നിന്റെ വിപത്തില്‍ നിന്ന് പുതിയ തലമുറയെ രക്ഷിക്കാന്‍ കര്‍മ പരിപാടിക്ക് രൂപം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഇത് തുടങ്ങാന്‍ കഴിയുമെന്ന് കരുതുന്നു. എന്നാല്‍ ഈ ഉത്തരവാദിത്തം സര്‍വകലാശാലകളിലും വൈസ് ചാന്‍സലര്‍മാരിലും മാത്രം ഒതുങ്ങുന്നില്ല. ഇത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ആര്‍ക്കും ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഇത് എന്റെ ഉത്തരവാദിത്തമാണ് എന്ന് കരുതി മുന്‍കൈ എടുക്കാന്‍ എല്ലാവരും തയ്യാറാകണം. നമുക്ക് അറിയില്ല നമ്മുടെ കൂടെയുള്ള കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന്? സ്‌കൂളിലേക്ക് വിടുന്ന കുട്ടികള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന്? നമ്മള്‍ ഒരു തവണ വീട്ടിലെ അന്തരീക്ഷം നോക്കാന്‍ ശ്രമിക്കുക. കുട്ടികളെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടോ? മേശയില്‍ പുസ്തകങ്ങള്‍ ഉണ്ടോ? കുട്ടികളില്‍ പുസ്തകം വായിപ്പിക്കുന്ന ശീലം ഉണ്ടാക്കണം. നമ്മള്‍ അത് ചെയ്തില്ലെങ്കില്‍ മറ്റാരും അത് ചെയ്യാന്‍ ഉണ്ടാവില്ല. ജനിച്ചപ്പോള്‍ തന്നെ നേട്ടങ്ങള്‍ സ്വന്തമാക്കിയവരല്ല ഇവിടെ ഇരിക്കുന്ന അവാര്‍ഡ് ജേതാക്കള്‍. അവരുടെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ടാണ് ഉയരങ്ങളില്‍ എത്തിയത്. കുട്ടികളില്‍ പുസ്തകം വായിക്കുന്ന ശീലം ഉണ്ടാക്കണം. പുസ്തകത്തെ സുഹൃത്തായി കാണുന്ന തരത്തിലേക്ക് വളര്‍ത്തണം. പുസ്തകം മാര്‍ഗദര്‍ശികളാണ്. മയക്കുമരുന്ന് പോലെ നാടിന് വിപത്തായ കാര്യങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിന് കായിക ഇനങ്ങളിലേക്കും പുസ്തക വായനയിലേക്കും കുട്ടികളെ വഴിതിരിച്ചുവിടാന്‍ കഴിയണം.'- ഗവര്‍ണര്‍ കുട്ടിച്ചേര്‍ത്തു.
'മുന്‍പ് താന്‍ ഗവര്‍ണര്‍ ആയിരുന്ന ബിഹാറിനെ അപേക്ഷിച്ച് കേരളത്തിന്റെ പ്രത്യേകത കേരളത്തില്‍ കൂടുതല്‍ മനുഷ്യത്വം ഉണ്ട് എന്നതാണ്. ഐഎഎസ്, ഐപിഎസ്, ജഡ്ജി, വക്കീല്‍ എന്നിങ്ങനെ ആര് തന്നെയായാലും മനുഷ്യന്‍ ആയില്ലെങ്കില്‍ ഏത് സ്ഥാനത്തിരുന്നിട്ടും കാര്യമില്ല. ഏതുകാര്യങ്ങളെ കുറിച്ചും അറിവ് ഉണ്ടായിട്ടും മനുഷ്യന്‍ അല്ലെങ്കില്‍ ആര്‍ക്കും ഒരു ഗുണവുമില്ല. ഇതാണ് ദേവി അവാര്‍ഡ് നേടിയവരെ വ്യത്യസ്തരാക്കുന്നത്. ഇവര്‍ക്ക് നല്ല ഹൃദയമുണ്ട്. അതുകൊണ്ടാണ് അവര്‍ ഇവിടെ ഇരിക്കുന്നത്. അവര്‍ക്ക് മനുഷ്യത്വമുണ്ട്. അതുകൊണ്ടാണ് അവര്‍ മാതൃകാ വ്യക്തിത്വങ്ങള്‍ ആയത്. ജിഡിപിയില്‍ ഇവര്‍ ഒരു സാമ്പത്തിക വിഹിതവും സംഭാവന നല്‍കിയിട്ടുണ്ടാവില്ല. എന്നാല്‍ സമൂഹത്തിന്റെ വികാസത്തിന് ഇവര്‍ നല്‍കിയ സംഭാവനകളാണ് മാനിക്കേണ്ടത്. ജിഡിപി എന്നത് പാശ്ചാത്യ സംഗതിയാണ്. അതില്‍ സാമ്പത്തിക വശങ്ങള്‍ മാത്രമേ പരിഗണിക്കൂ. 2047 ഓടേ ഇന്ത്യ വികസിത രാജ്യമാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. ഇത് ജിഡിപിയെ അടിസ്ഥാനമാക്കിയാണ് എന്നാണോ നിങ്ങള്‍ കരുതുന്നത്. തീര്‍ത്തും അല്ല. സാമ്പത്തിക സംഭാവനയെ അപേക്ഷിച്ച് സമൂഹത്തില്‍ ഉണ്ടാകുന്ന മുന്നേറ്റങ്ങള്‍ക്ക് ഇത്തരം ആളുകള്‍ നല്‍കുന്ന സംഭാവനകളാണ് മാനിക്കുക. ഇത്തരം ആളുകളുടെ സംഭാവനയാണ് വികസിത ഭാരതത്തിന്റെ ഭാഗമായി വരിക'- ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കൊപ്പം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്ല, റെസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ് എന്നിവരും ഭദ്രദീപം കൊളുത്തി. പൂര്‍ണിമ ഇന്ദ്രജിത്ത് (ഡിസൈനര്‍, നടി), ശ്രീകുമാരി രാമചന്ദ്രന്‍ (എഴുത്തുകാരി), സ്വാതി സുബ്രഹ്മണ്യന്‍ (ആര്‍ക്കിടെക്റ്റ്), സവിത രാജന്‍ (ആര്‍ക്കിടെക്റ്റ്), ഋതു സാറ തോമസ് (ആര്‍ക്കിടെക്റ്റ്), ലത കെ (ഷെഫ്), മായ മോഹന്‍ (തത്വ സെന്റര്‍ ഓഫ് ലേണിംഗ്- എംഡി), സിസ്റ്റര്‍ റോസ്ലിന്‍ (സ്നേഹതീരം സ്ഥാപക), സുധാമ്മ ചന്ദ്രന്‍ (ഫോറസ്റ്റ് ഗൈഡ്), വി പി സുഹറ (സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയും), പി ജി ദീപമോള്‍ (ആംബുലന്‍സ് ഡ്രൈവര്‍), വി ജെ ജോഷിത (ക്രിക്കറ്റ് താരം), ഉഷ നങ്ങ്യാര്‍ (കൂടിയാട്ടം കലാകാരി), ഷീല കൊച്ചൗസേപ്പ് (ബിസിനസുകാരി), രജിത (ക്രെയിന്‍ ഓപ്പറേറ്റര്‍) എന്നിവര്‍ക്കാണ് ഗവര്‍ണര്‍ ദേവി അവാര്‍ഡ് സമ്മാനിച്ചത്. അഭിനയം, ആര്‍ക്കിടെക്റ്റ്, പാചകകല, നൃത്തം, സംരംഭം തുടങ്ങി വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച് സമൂഹത്തിന് പ്രചോദനമായവരാണ് ഇവര്‍
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ എഡിറ്റോറിയല്‍ ടീമും സ്വതന്ത്ര ജൂറിയും ചേര്‍ന്നാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. അദാനി, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, ക്വസ്റ്റ് ഗ്ലോബല്‍, അമൃത വിശ്വവിദ്യാപീഠം, കാനാറ ബാങ്ക്, യുഎല്‍സിസിഎസ് ലിമിറ്റഡ്, റാഡികോ എന്നിവയാണ് രാജ്യത്തിന്റെ ഭാവിയില്‍ ചാലക ശക്തിയാവുന്ന വനിതകള്‍ക്ക് ആദരമര്‍പ്പിച്ച ചടങ്ങിന്റെ പങ്കാളികള്‍. ഇതു രണ്ടാം തവണയാണ് കൊച്ചി ദേവി അവാര്‍ഡ് ചടങ്ങിനു വേദിയായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക