
കണ്ണൂർ: ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ച തിരുവനന്തപുരം സ്വദേശിനിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി കണ്ണൂർ ഗവ മെഡിക്കൽ കോളജ്. പതിമൂന്നാമത്തെ വയസിൽ വീഴ്ചയിൽ ഉണ്ടായ ഗുരുതര പരിക്ക് മൂലം വലതു കാലിൽ ഇടുപ്പെല്ലിന് ക്ഷതം സംഭവിച്ച ആറ്റിങ്ങലിലെ വീട്ടമ്മയുടെ ദുരിത ജീവിതത്തിനാണ് അറുപത്തിമൂന്നാം വയസ്സിൽ ആശ്വാസമായത്. ശസ്ത്രക്രിയയിലൂടെ ഒരു പുനർജന്മമാണ് ഇവർക്ക് ലഭിച്ചത്.
വീട്ടുജോലികൾ ചെയ്ത് കുടുംബം പോറ്റുന്ന ഗിരിജയാണ് പരിയാരം മെഡിക്കൽ കോളജിലെ അസ്ഥിരോഗവിഭാഗം ഡോക്ടർമാരുടെ വിദഗ്ദ്ധചികിത്സ കൊണ്ട് പുതിയ ജീവിതത്തിലേക്ക് നടന്നുകയറിയത്. അസ്ഥിരോഗവിഭാഗം മേധാവി ഡോ സുനിൽ, ഡോ റിയാസ്, ഡോ അൻസാരി, അനസ്തേഷ്യ വിഭാഗം മേധാവി ഡോ അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോകട്ർമാർ മറ്റു ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരടങ്ങുന്ന ഒരു മെഡിക്കൽ ടീം ഈ മാസം അഞ്ചിനാണ് ഗിരിജയുടെ വലതു കാലിൽ ഇടുപ്പെല്ല് പൂർണ്ണമായും മാറ്റിവച്ചുകൊണ്ടുള്ള (ടോട്ടൽ ഹിപ് റീപ്ലേസ്മെന്റ്) ശസ്ത്രക്രിയ നടത്തിയത്.
ഫെബ്രുവരി മാസം 28നാണ് സ്വദേശമായ ആറ്റിങ്ങലിൽ നിന്ന് വന്ന രോഗിയെ കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തത്. ചെറുപ്പത്തിൽ സംഭവിച്ച വീഴ്ച്ചയുടെ ആഘാതത്താൽ വലതുകാലിലെ ഇടുപ്പെല്ലിന് ക്ഷതം വന്ന് ദ്രവിച്ച് തിരിഞ്ഞുപോയ നിലയിൽ ആയിരുന്നു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവശ്യമായ മറ്റു പരിശോധനകൾക്ക് ശേഷം മാർച്ച് 5ന് സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് രോഗിയെ വിധേയയാക്കി.
ശസ്ത്രക്രിയ്ക്ക് ആവശ്യമുള്ള ഇമ്പ്ലാന്റ്, മരുന്നുകൾ, ഭക്ഷണം, റൂമിലെ താമസം എല്ലാം തന്നെ പൂർണ്ണമായും സൗജന്യമായാണ് രോഗിക്ക് ലഭ്യമാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോ സുദീപ് അറിയിച്ചു. സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രിയയ്ക്കും മറ്റുമായി ഭീമമായ തുക ചെലവ് വരുമ്പോഴാണ് കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു രൂപ പോലും ചെലവ് വരാതെ ചികിത്സ ലഭ്യമാക്കിയത്.
മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം മാർച്ച് 20ന് വൈകീട്ടോടെ രോഗിയെ മെഡിക്കൽ കോളജ് അധികൃതരുടെ അഭ്യർഥന പ്രകാരം പരിയാരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി ഏർപ്പെടുത്തിയ ആംബുലൻസിൽ സ്വദേശത്തേയ്ക്ക് യാത്രയാക്കി. കണ്ണൂർ ഗവ മെഡിക്കൽ പ്രിൻസിപ്പൽ ഡോ സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ സുദീപ്, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ എന്നിവരോടുള്ള സ്നേഹവും കടപ്പാടും നന്ദിയും അറിയിച്ചു കൊണ്ടാണ് രോഗിയും കുടുംബാംഗങ്ങളും നിറഞ്ഞ മനസോടെ യാത്രയായത്.
സർക്കാർ ആതുരാലയങ്ങൾക്കെതിരെ പരാതിയും പരിഭവങ്ങളും നെഗറ്റീവ് പ്രചരണങ്ങളും സോഷ്യൽ മീഡിയയിലും മറ്റും നിറയുമ്പോഴും നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരായ രോഗികളുടെ കൈയ്യടി നേടുകയാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക