
കൊച്ചി: വെടിയുണ്ട ചട്ടിയില്‍ ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ മാസം 10 നായിരുന്നു സംഭവം. എറണാകുളം എആര്‍ ക്യാംപിന്റെ അടുക്കളയിലാണ് പൊട്ടിത്തെറിയുണ്ടായത്.
വെടിമരുന്നിന് തീ പിടിച്ചതോടെ ഉണ്ടകള്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ആകാശത്തേക്ക് വെടിയുതിര്‍ക്കാറുണ്ട്. ബ്ലാങ്ക് അമ്യൂണിഷന്‍ എന്നാണ് ഇതിനെ പറയുന്നത്. സാധാരണ ഗതിയില്‍ വെയിലത്ത് ചൂടാക്കിയ ശേഷം വൃത്തിയാക്കിയാണ് ഉപയോഗിക്കുന്നത്.
സംഭവദിവസം ഇടപ്പള്ളി സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് വെടിയുണ്ട എടുത്തപ്പോള്‍ ചൂടാക്കിയിട്ടില്ല എന്ന് മനസ്സിലായി. തുടര്‍ന്ന് വേഗത്തില്‍ ചൂടാക്കാനായി ചട്ടിയില്‍ വറുത്തു. ഇതിനിടെ വെടിയുണ്ട പൊട്ടിത്തെറിക്കുകയായിരുന്നു. പിച്ചള കാട്രിജിനുള്ളില്‍ വെടിമരുന്ന് നിറച്ചാണ് ബ്ലാങ്ക് അമ്യൂണിഷന്‍ നിര്‍മ്മിക്കുന്നത്.
സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമുള്ള മേഖലയില്‍ തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക