'ജോസഫ്' സിനിമ അവയവദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്'; ഡോ ജോസ് ചാക്കോ പെരിയപ്പുറം

മസ്തിഷ്ക മരണത്തേക്കുറിച്ചുള്ള ഒരു കൺഫ്യൂഷനാണത്.
Dr Jose Chacko Periappuram
ഡോ ജോസ് ചാക്കോ പെരിയപ്പുറംഎക്സ്പ്രസ്
Updated on

കൊച്ചി: മസ്തിഷ്ക മരണത്തേക്കുറിച്ച് തെറ്റായ കുറേ വിവരങ്ങൾ നമ്മുടെ സമൂഹത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഇത് കേരളത്തിലെ അവയവദാനത്തെ ബാധിച്ചിട്ടുണ്ടെന്നും പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനും ഹാർട്ട് കെയർ ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോ ജോസ് ചാക്കോ പെരിയപ്പുറം. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"കഴിഞ്ഞ അഞ്ചാറ് വർഷമായിട്ട് സമൂഹത്തിലേക്ക് വളരെ തെറ്റായ ഒരു വിവരം കടന്നു കൂടിയിട്ടുണ്ട്. മസ്തിഷ്ക മരണത്തേക്കുറിച്ചുള്ള ഒരു കൺഫ്യൂഷനാണത്. ആരാണ് മസ്തിഷക മരണത്തിന് വിധേയരാകുന്നവർ, മസ്തിഷ്ക മരണം എങ്ങനെ സ്ഥിരീകരിക്കും ഇങ്ങനെയുള്ള കുറേ സംശയങ്ങൾ ചില വ്യക്തികൾ സമൂഹത്തിലേക്ക് അനാവശ്യമായി കൊടുത്തിട്ടുണ്ട്.

മസ്തിഷ്ക മരണം സംഭവിക്കാത്ത യുവാക്കളിൽ നിന്ന്, മസ്തിഷ്ക മരണം സംഭവിച്ചു എന്ന് പറഞ്ഞ് ഡോക്ടർ‌മാർ അവയവം കച്ചവടത്തിനും പണത്തിനുമായി എടുക്കുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ സമൂഹത്തിന് നൽകിയിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ സിനിമ മാധ്യമങ്ങളുണ്ട്. ഉദാഹരണത്തിന് ജോസഫ് എന്നൊരു സിനിമ അവയവദാനത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. ആശുപത്രിക്കാർ അപകടങ്ങൾ ഉണ്ടാക്കി അവയവം മോഷ്ടിക്കുന്നതായിട്ടുള്ള കഥകൾ.

പിന്നെ ചില സിനിമാ താരങ്ങൾ അവയവദാനം കളിപ്പാരാണെന്ന തരത്തിൽ സന്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ, ഞങ്ങളുടെ വിഭാ​ഗത്തിൽപ്പെട്ട ‍ഡോക്ടർമാർ തന്നെ അവയവദാനത്തിനെതിരായിട്ട് കോടതിയിൽ കേസ് കൊടുക്കുകയുമൊക്കെ ചെയ്തത് മാധ്യമങ്ങളിലൂടെ വരുകയുമൊക്കെ ചെയ്തു. ഇങ്ങനെ പല കാരണങ്ങളാൽ നമ്മുടെ നാട്ടിലിപ്പോൾ അവയവദാനം വളരെ കുറവാണ്.

അതുകൊണ്ടാണ് ഇത് വളരെ ശക്തമായി മുന്നോട്ട് പോകാത്തത്. രാജ്യത്ത് തന്നെ ഏറ്റവും മികച്ച ഹൃദയശസ്ത്രക്രിയയാണ് കേരളത്തിൽ നടക്കുന്നത്. ഡോക്ടർമാരുമുണ്ട, ഹൃദയം സ്വീകരിക്കാനായി രോ​ഗികളുമുണ്ട്. കഴിഞ്ഞ മാസം നാല് രോ​ഗികളെയാണ് ഹൃദയം സ്വീകരിക്കാനായി ഞാൻ കേരളത്തിന് പുറത്തേക്ക് വിട്ടത്. നമ്മൾ വിചാരിക്കുന്നതുപോലെ കേരളത്തിലിപ്പോൾ അവയവദാനം നടക്കുന്നില്ല. ഒരിടയ്ക്ക് അത് വളരെ സാധാരണമായിരുന്നു.

നമുക്ക് വേണ്ടാത്ത ഒരു ​ഗ്രൂപ്പ് ഉണ്ടെങ്കിൽ പോലും നമ്മളത് മറ്റു സംസ്ഥാനങ്ങളുമായി ഷെയർ ചെയ്യുമായിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം അവയവദാനം നടത്താൻ ഡോക്ടർമാരും ആശുപത്രികളും ഇല്ലാത്തതല്ല. ഹൃദയം സ്വീകരിക്കാൻ ആളുകളില്ലാ എന്നതുമല്ല ഇപ്പോഴത്തെ പ്രശ്നം. ഇപ്പോഴത്തെ പ്രശ്നം ദാതാക്കളില്ല എന്നുള്ളതാണ്". - ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ഒരേ രക്ത​ഗ്രൂപ്പിൽപ്പെട്ടയാൾ ആയിരിക്കണം എന്നതിനേക്കാളുപരി ദാതാവിനും സ്വീകർത്താവിനും ശരീരഭാരവും ഒരുപോലെയായിരിക്കണമെന്നും ഡോ ജോസ് ചാക്കോ പറഞ്ഞു. "രണ്ടാമതായി ഇരുവരുടെയും പ്രായവും ഏകദേശം ഒരുപോലെയായിരിക്കണം. മറ്റ് അവയവങ്ങൾക്ക് ആ പ്രശ്നമില്ല. ഹൃദയത്തിന്റെ സൈസ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് കാരണം, ദാനം ചെയ്യുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും ശരീരഭാരം ഏകദേശം ഒരുപോലെ വരണം.

മാത്രമല്ല നാല് മണിക്കൂറിനുള്ളിൽ ഹൃദയം സ്വീകർത്താവിൽ വച്ചു പിടിപ്പിക്കുകയും വേണം. അതുകൊണ്ടാണ് ഹെലികോപ്റ്ററിലും മറ്റും ഹൃദയം കൊണ്ടുവരുന്നതും റോഡ് ആംബുലൻസിൽ കൊണ്ടുവരുന്നതുമൊക്കെ. ലിവർ, കിഡ്നി ഒക്കെ നമുക്ക് 10 മണിക്കൂർ വരെയൊക്കെ ഐസിൽ സൂക്ഷിക്കാനാകുമെന്നും" ഡോ ജോസ് ചാക്കോ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com