
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ കൈപ്പന്തത്തിനുള്ള തുണി ഒരുക്കി തുടങ്ങി. തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി മന്ദാരകടവില്‍ വെച്ച് പുഴുങ്ങി അലക്കുന്ന പണികളാണ് ആരംഭിച്ചത്. വലിയ 2 ചെമ്പുകളില്‍ കാരവും സോപ്പും ഉപയോഗിച്ച് പുഴുങ്ങിയ തുണികള്‍ കല്‍പ്പടവുകളില്‍ തല്ലിതിരുമ്പി. തുണിയിലെ കഞ്ഞിപ്പശ ഒഴിവാക്കുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നത്. ഇത്തരം തുണികള്‍ ഉപയോഗിച്ചു ഉണ്ടാക്കുന്ന കൈപ്പന്തങ്ങള്‍ കൂടുതല്‍ തെളിമയോടെ കൂടുതല്‍ സമയം കത്തും. തുണികള്‍ ക്ഷേത്രമുറ്റത്തിട്ട് ഉണക്കി സൂക്ഷിക്കും.
ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ നൂറോളം യുവാക്കളാണ് ഇതില്‍ പങ്കാളികളായത്. രണ്ട് ഒറ്റപ്പന്തങ്ങളും രണ്ട് മുപ്പന്തവും 18 ആറ് നാഴി പന്തങ്ങളുമാണ് ആറാട്ടുപുഴ ക്ഷേത്രത്തിലുള്ളത്. ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടര്‍ന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കല്‍ പൂരം, ആറാട്ടുപുഴ പൂരം എന്നീ ദിവസങ്ങളിലും പന്തം കത്തിക്കും. ശാസ്താവിന്റെ തിരുമുമ്പില്‍ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക.
ഓടില്‍ തീര്‍ത്ത പന്തത്തിന്റെ നാഴികള്‍ ഓരോ വര്‍ഷവും പോളീഷ് ചെയ്യും. മുല്ലമൊട്ടിന്റെ ആകൃതിയില്‍ പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലത്ത് വൃശ്ചികത്തില്‍ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വെയ്ക്കാറുണ്ടായിരുന്നു. ഇതില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാന്‍ ഉപയോഗിക്കാറ്.
ഊരകം എം.എസ്. ഭരതന്റെ നേതൃത്വത്തില്‍ ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയില്‍ വെച്ചാണ് കൈപ്പന്തങ്ങള്‍ ഒരുക്കുക.കൊടിയേറ്റം ഏപ്രില്‍ 3നും തിരുവാതിര വിളക്ക് ഏപ്രില്‍ 5ന് വെളുപ്പിനും പെരുവനം പൂരം ഏപ്രില്‍ 6നും ആറാട്ടുപുഴ തറക്കല്‍ പൂരം ഏപ്രില്‍ 8നും ആറാട്ടുപുഴ പൂരം ഏപ്രില്‍ 9നുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക