
കണ്ണൂര്‍: രാജീവ് ചന്ദ്രശേഖറിനെ പുതിയ പ്രസിഡന്റാക്കിയത് ഒരു പരീക്ഷണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സികെ പത്മനാഭന്‍. രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ പ്രസിഡന്റായി വന്നതിനെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്നും ഇതൊരു പരീക്ഷണം കൂടിയാണന്നും മുന്‍ സംസ്ഥാന പ്രസിഡന്റായ സി കെ പത്മനാഭന്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
ബിജെപി കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയില്‍ നിന്ന് മാറി ഒരു പരീക്ഷണത്തിനിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്. രാജീവ് ചന്ദ്രശേഖര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് ശരീരിക ക്ഷീണവും മറ്റ് അസൗകര്യങ്ങള്‍ കൊണ്ടാണെന്നും അതില്‍ മറ്റ് അര്‍ത്ഥങ്ങള്‍ കാണേണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ഒരു ടെക്‌നോ ക്രാറ്റാണ്. അത്തരം ഒരാളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരിക എന്നത് പരീക്ഷണമാണ്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും സികെപി പറഞ്ഞു. പക്ഷേ സംഘടനാ പ്രവര്‍ത്തനവുമായി ഇണങ്ങി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കേണ്ടി വരുമെന്നും സികെ പത്മനാഭന്‍ പറഞ്ഞു.
ഇനി പഴയരീതിയില്‍ മുന്നോട്ടുപോകാനാവില്ല. പരമ്പരാഗതമായ രാഷ്ട്രീയ പ്രവര്‍ത്തനം അതിന്റെ രീതി അതുകൊണ്ട് ഈ ഡിജിറ്റില്‍ യുഗത്തില്‍ വിജയിക്കണമെന്നില്ല. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെ മറ്റെല്ലാം രംഗത്തും പ്രയോജനപ്പെടുത്തുന്നതുപോലെ രാഷ്ട്രീയ രംഗത്തും പ്രയോജനപ്പെടുത്തിയാലേ അത് വിജയിക്കാന്‍ കഴിയുകയുള്ളു. അത് പ്രധാന നരേന്ദ്രമോദി അക്കാര്യത്തില്‍ വിജയകരമായ നേതൃത്വം കൊടുത്തിരിക്കുകയാണ്. അത് കേരളത്തിലും വരണം. രാജീവ് ചന്ദ്രശേഖരന്‍ നേതൃത്വത്തിലേക്ക് വരുന്നത് പുതിയ പ്രചോദനമാകുമെന്നും സികെപി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക