
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളികളില്‍ വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ ആണ് നിര്‍ദേശം. ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്‌കൂളികളിലെ അവസാന ദിനത്തില്‍ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന നിലയിലുള്ള ആഘോഷപരിപാടികള്‍ പാടില്ലെന്നും മന്ത്രി നിര്‍ദേശിച്ചു.
സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കൊമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം എന്നും മന്ത്രി നിര്‍ദേശിച്ചു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനം,സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അവധിക്കാല അധ്യാപക പരിശീലനം, പാഠപുസ്തക വിതരണം എന്നിവയാണ് യോഗം പരിഗണിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, എല്ലാ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡി പി സി മാര്‍, കൈറ്റ് കോഡിനേറ്റര്‍മാര്‍, ജില്ലാ വിദ്യാകരണം കോഡിനേറ്റര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2025 - 26 വര്‍ഷത്തെ അവധിക്കാല അധ്യാപക സംഗമം പ്രീസ്‌കൂള്‍, എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കും. പൊതു പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന എച്ച് എസ്,എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗം അധ്യാപകര്‍ക്ക് അതിനനുസരിച്ചുള്ള ബാച്ചുകള്‍ ക്രമീകരിച്ച് പരിശീലനം നല്‍കും.
2025 - 26 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാം വാരം മുഖ്യമന്ത്രി നിര്‍വഹിക്കും. അതിനു മുന്നോടിയായി പത്താം ക്ലാസിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ ഇന്ന് (മാര്‍ച്ച് 25) ഉച്ചയ്ക്ക് 12.30ന് ഒമ്പതാം ക്ലാസില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് നിയമസഭാ മന്ദിരത്തിലെ ചേംബറില്‍ വച്ച് മുഖ്യമന്ത്രി വിതരണം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക