'വരു, വാഴച്ചേട്ടന്റെ വാഴ​ഗ്രാമത്തിലേക്ക്!'- അപൂർവ ഇനങ്ങളുടെ കലവറ, പൈതൃകം സംരക്ഷിക്കുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മ

അമൂല്യമായ ഔഷധ ​ഗുണങ്ങളടക്കമുള്ള പ്രാദേശിക വാഴപ്പഴങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടായ്മ ഓർമപ്പെടുത്തുന്നു
A digital community is digging in to secure country's banana heritage
വിനോദ്, വിവിധ വാഴപ്പഴങ്ങൾ
Updated on

കൊച്ചി: കേരളത്തിൽ ഒരു വാഴ വിപ്ലവം തന്നെ നടന്നാലോ! വാഴ വൈവിധ്യങ്ങൾ പരീക്ഷിച്ചും പരിപോഷിപ്പിച്ചും സംരക്ഷിച്ചും നടക്കുന്നവരുടെ കൂട്ടായ്മ. ഫെയ്സ്ബുക്കിൽ വാഴ പ്രേമികളുടെ ഒരു കൂട്ടായ്മയുണ്ട്. വാഴ​ഗ്രാമം എന്നാണ് ആ പേജിന്റെ പേര്. തിരുവനന്തപുരം പാറശാല സ്വദേശിയായ വിനോദ് എസ് ആണ് ഈ ​ഗ്രൂപ്പ് തുടങ്ങിയത്. വാഴ ചേട്ടൻ എന്നാണ് വിനോദ് അറിയപ്പെടുന്നതു തന്നെ.

നിരവധി വാഴ വൈവിധ്യങ്ങൾ കൃഷി ചെയ്യുന്നവരടക്കമുള്ള 17,000ത്തിനു മുകളിൽ അം​ഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ലോകത്തിലെ വിവിധയിടങ്ങളിലുള്ളവർ ​ഗ്രൂപ്പിലുണ്ട്. വാഴ കൃഷി ഇന്ന് പലരും കൂടുതലായി പരീക്ഷിക്കുന്നുണ്ട്. അമൂല്യമായ ഔഷധ ​ഗുണങ്ങളടക്കമുള്ള പ്രാദേശിക വാഴപ്പഴങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടായ്മ ഓർമപ്പെടുത്തുന്നു.

12 വയസിൽ തുടങ്ങിയതാണ് താൻ വാഴ കൃ‍ഷിയെന്നു വിനോദ് പറയുന്നു. 'തുടക്കത്തിൽ വാഴപ്പഴത്തെക്കുറിച്ച് കൂടുതൽ അറിയാനും അതു സംരക്ഷിക്കാനുള്ള ആ​ഗ്രഹ​വുമാണ് കൃഷിയിലേക്ക് നയിച്ചത്. ചിക്കൻപോക്സിനുള്ള പ്രതിവിധി എന്ന നിലയിൽ പേരെടുത്ത ചിങ്ങൻ പഴത്തിനായുള്ള തിരച്ചിൽ താത്പര്യം കൂട്ടി. കുറേക്കൂടി ആഴത്തിൽ പഠിക്കാൻ തുടങ്ങിയപ്പോൾ അനേകം വൈവിധ്യങ്ങൾ വാഴയിലുണ്ടെന്നു കണ്ടെത്തി. ഓരോന്നിനും അപാര ​ഗുണങ്ങളുമുണ്ട്.'

ഇന്ന് നാലേക്കറുള്ള കൃഷിയിടത്തിൽ വിനോദ് 600ലധികം ഇനം വാഴകൾ കൃഷി ചെയ്യുന്നു. എല്ലായിടങ്ങളിലും വാഴകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ​ഗ്രൂപ്പിനു പിന്നിലെ പ്രചോദനമെന്നു വിനോദ് വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പേജ് ലോകമെങ്ങും വ്യാപിച്ചിട്ടുണ്ട്. പക്ഷേ കേരളത്തിലുള്ള ​ഗ്രൂപ്പ് അം​ഗങ്ങൾ തമ്മിൽ ആശയങ്ങളും അറിവുകളും കൂടുതലായി പങ്കിടുന്നു. വംശ നാശത്തിലേക്കു പോകുന്ന വാഴ ഇനങ്ങൾ തിരിച്ചറിയുന്നതിലും സംരക്ഷിക്കുന്നതിലും കൂട്ടായ്മ നിർണായക പ​ങ്കു വഹിച്ചിട്ടുണ്ട്.

'തിരുവന്തപുരം, കന്യാകുമാരി ജില്ലകൾ ഒരുകാലത്ത് വാഴ കൃഷിയുടെ പ്രധാന മേഖലകളായിരുന്നു. വാഴഗ്രാമം വാഴപ്പഴത്തോട് അഭിനിവേശമുള്ളവരുടെ ഒരു സജീവ കൂട്ടായ്മയാണ്. കേരളത്തിൽ നമുക്ക് വിരലിലെണ്ണാവുന്ന ഇനങ്ങൾ മാത്രമേ പരിചയമുള്ളൂ. പക്ഷേ രുചികരവും പോഷകസമൃദ്ധവും ആരോഗ്യകരവുമായ നൂറുകണക്കിന് ഇനങ്ങൾ വേറെയുമുണ്ട്'- വയനാട്ടിൽ നിന്നുള്ള വാഴ കർഷകനായ നിശാന്ത് എംകെ പറയുന്നു.

നിശാന്ത് തന്റെ കൃഷിയിടത്തിൽ 300ലധികം ഇനങ്ങൾ കൃഷി ചെയ്യുന്നു. വംശനാശത്തിന്റെ വക്കിലെത്തിയ 'ഗ്രാന്ത പച്ച', പത്തനംതിട്ട മേഖലയിൽ കാണപ്പെടുന്ന കുട്ടികൾക്ക് ഗുണകരമായ ഔഷധ ഗുണങ്ങൾ ഉള്ളതായി വിശ്വസിക്കപ്പെടുന്ന 'കരിങ്കടലി' തുടങ്ങിയ അപൂർവ ഇനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നിശാന്ത് എടുത്തു പറഞ്ഞു.

സമ​ഗ്രമായ ഡാറ്റബേസ് സൃഷ്ടിച്ച് വിവിധ വാഴ ഇനങ്ങൾ രേഖപ്പെടുത്തുന്നതു ഉൾപ്പെടെയുള്ള ഭാവി ശ്രമങ്ങളുടെ ആവശ്യകത നിഷാന്ത് എടുത്തു പറഞ്ഞു. സാമൂഹിക കൂട്ടായ്മയാണിത്. എന്നാൽ ശാസ്ത്രീയ ​ഗവേഷണങ്ങൾ നടന്നിട്ടില്ല. ഇക്കാര്യങ്ങളിൽ മുന്നേറ്റം വേണമെന്നാണ് നിഷാന്ത് പറയുന്നത്. കൂട്ടായ്മ വിത്തുത്സവങ്ങൾ നടത്താറുണ്ടെന്നും നിഷാന്ത് വ്യക്തമാക്കി.

ചെറിയ ജീവിതചക്രമാണ് വാഴപ്പഴത്തിനു. പോഷക സമൃദ്ധവും സാമ്പത്തിക അഭിവൃദ്ധിക്കു ഉതകുന്നതുമായ വാഴ സുസ്ഥിര വികസനത്തിനും അനുയോജ്യമായ വിളയാണെന്നും നിശാന്ത് കൂട്ടിച്ചേർത്തു.

തെക്കു കിഴക്കൻ ഏഷ്യയിലെ ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് വാഴപ്പഴം ഉത്ഭവിച്ചത്. ഇന്ത്യ അതിന്റെ പ്രാഥമിക ഉത്ഭവ കേന്ദ്രങ്ങളിലൊന്നാണ്. തെക്കു കിഴക്കൻ ഏഷ്യയിലെ മഴക്കാടുകളിൽ ആദ്യമായി കണ്ടെത്തിയ മുസ അക്യുമിനേറ്റ, മുസ ബാൽബിസിയാന എന്നീ രണ്ട് ഇനങ്ങളിൽ നിന്നു അവയുടെ സ്വാഭാവിക സങ്കരയിനങ്ങളിൽ നിന്നുമാണ് ആധുനിക ഭക്ഷ്യയോഗ്യമായ ഇനങ്ങൾ പരിണമിച്ചത്.

ആ​ഗോളതലത്തിൽ പ്രതിവർഷം വാഴപ്പഴ ഉത്പാദനം ഏകദേശം 86 ദശലക്ഷം ടൺ ആണെന്ന് കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏകദേശം 14.2 ദശലക്ഷം ടൺ വാർഷിക ഉത്പാദനം ഇന്ത്യയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com