
കൊല്ലം: വിദേശത്തു നിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കൽ കമ്പംകോടിനു സമീപം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാർ ഡ്രൈവർ ബൈജു ജോർജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
10 വർഷമായി ദുബായിൽ ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായി കരുതുന്നതെന്നു പൊലീസ് വ്യക്തമാക്കി.
മെയ് നാലിനു കൂദാശ നടത്താൻ നിശ്ചയിച്ചിരുന്ന പുതിയ വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്കായി നാല് ദിവസത്തെ അവധിക്കാണ് അവർ നാട്ടിലേക്ക് വന്നത്. ഭർത്താവ് അജി പി വർഗീസ് രണ്ട് വർഷം മുൻപ മരിച്ചു.
മക്കൾ: എയ്ഞ്ചലീന (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ അവസാന വർഷ വിദ്യാർഥിനി, ദുബായ്), വീനസ് അജി (ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി, എസ്‍യുടി മെഡിക്കൽ കോളജ്, തിരുവന്തപുരം). സംസ്കാരം നാളെ 11നു ചന്ദനപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക