
കോഴിക്കോട്: തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെള്ളറക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) പിടികൂടിയത്. ഹിന്ദി സംസാരിക്കുന്ന ഇയാൾ ചന്ദ്രു എന്നാണ് പേരു പറഞ്ഞിട്ടുള്ളത്.
മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതേത്തുടർന്ന് ഇയാളെ കോഴിക്കോട് കുതിരവട്ടത്തുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ്, തിക്കോടിക്കും നന്ദി ബസാറിനുമിടയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേർക്ക് കല്ലേറുണ്ടായത്. ആക്രമണത്തിൽ മുൻവശത്തും പിൻവശത്തുമുള്ള രണ്ട് ഗ്ലാസ് പാനലുകൾ തകർന്നു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക