സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും, എന്‍ട്രന്‍സ് പരീക്ഷ പാടില്ല, തലവരിപ്പണം വാങ്ങിയാല്‍ നടപടി: വി ശിവന്‍കുട്ടി

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു
v sivankutty
മന്ത്രി വി ശിവന്‍കുട്ടി ഫയൽ
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസ്സാക്കും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നിലവില്‍ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം കേരളത്തില്‍ അഞ്ച് വയസ്സാണ്. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദ്ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിന് ശേഷമാണ് എന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിന് മുകളിലോ ആക്കുന്നത്. പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ 5 വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ 6 വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ 6 വയസ്സിന് ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണം. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസ്സാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

രണ്ടായിരത്തി ഒമ്പതിലെ വിദ്യാഭ്യാസ അവകാശ നിയമം അധ്യായം 4 ലെ വ്യവസ്ഥകള്‍ അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്താന്‍ പാടില്ല. ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുന്നത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സെക്ഷന്‍ പതിമൂന്നില്‍ ഒന്നില്‍ എ, ബി ക്ലോസ്സുകള്‍ ഈ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഈ നിയമം കാറ്റില്‍ പറത്തി ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയില്‍ അവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

ചോദ്യപേപ്പര്‍ നിര്‍മാണവും സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടു കൂടിയും അതിന്റെ വിശ്വാസ്യത നിലനിര്‍ത്തിയുമാണ് നടത്തുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതുപരീക്ഷകളും ടേം പരീക്ഷകളും ഈ രീതിയിലാണ് നടത്തുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ തെരഞ്ഞെടുക്കപ്പെട്ട ചോദ്യകര്‍ത്താക്കളാണ് തയ്യാറാക്കുന്നത്. ഈ വര്‍ഷം പത്താം ക്ലാസ്സിലെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയത് രണ്ടു ദിവസം ശില്‍പശാല നടത്തി അതില്‍ മികവ് തെളിയിച്ചവരെ മാത്രമാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ചോദ്യപേപ്പര്‍ നിര്‍മ്മാണം എസ്‌സിഇആര്‍ടിയുടെ അക്കാദമിക മാര്‍ഗ്ഗരേഖയും ഹയര്‍ സെക്കണ്ടറി പരീക്ഷാ മാന്വലും പ്രകാരമാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓരോ വിഷയത്തിനും നാലു സെറ്റ് വീതമുള്ള ചോദ്യ പേപ്പറുകള്‍ തയ്യാറാക്കിയതില്‍ നിന്നും പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്റ് ചെയ്യാന്‍ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പോലും ചോദ്യങ്ങള്‍ കാണാന്‍ കഴിയില്ല എന്നതാണ് വസ്തുത. രഹസ്യ സ്വഭാവത്തോടുകൂടിയാണ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി നല്‍കുന്നത്. ഈ വര്‍ഷത്തെ ചില ചോദ്യപേപ്പറുകളില്‍ ചില തെറ്റുകള്‍ സംഭവിച്ചു എന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണം നടത്തി എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന് മനസ്സിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പൊതു പരീക്ഷയുടെ വിശ്വാസ്യതയും രഹസ്യ സ്വഭാവവും നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകും. അന്വേഷണത്തിന് ശേഷം പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് പൊതുസമൂഹത്തിനോട് പറയാനുള്ളത് മാത്രം അറിയിക്കുകയും ആഭ്യന്തരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെ പരിക്ഷാ പരിഷ്‌കരണം നടപ്പിലാക്കും. നിരന്തര മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ നിര്‍മ്മാണം, പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം, ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ അധ്യാപകകര്‍ക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കല്‍ എന്നിവയും ഈ വര്‍ഷം തന്നെ നടപ്പിലാക്കും. ഇവയ്ക്കുളള വിശദമായ മാര്‍ഗ്ഗരേഖ ഏപ്രില്‍ മാസം പ്രസിദ്ധീകരിക്കും.പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃകയും എസ്‌സിഇആര്‍ടി തയ്യാറാക്കി പ്രസിദ്ധീകരിക്കും. പരീക്ഷാരീതിയില്‍ ആധുനിക സാങ്കേതിക വിദ്യ പ്രയോജപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com