Gold-bearing soil:സ്വര്‍ണത്തരിയടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്തു; തട്ടിപ്പില്‍ നഷ്ടമായത് അരക്കോടി, പ്രതികള്‍ അറസ്റ്റില്‍

പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്.
gold-bearing soil
പൊലീസിന്റെ പിടിയിലായ പ്രതികള്‍
Updated on

കൊച്ചി: സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയ ഗുജറാത്ത് സംഘത്തെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ സ്വര്‍ണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും 18 ലക്ഷം രൂപയുടെ രണ്ട് ചെക്കും വാങ്ങി തട്ടിപ്പ് നടത്തിയ സൂറത്ത് സ്വദേശികളായ സന്ദീപ് ഹസ്മുഖ് ഭായ് (37), വിപുള്‍ മഞ്ചി ഭായ് (43), ധര്‍മേഷ് ഭായ് (38), കൃപേഷ് ഭായ് (35) എന്നിവരാണ് പിടിയിലായത്.

പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണാഭരണ ഫാക്ടറിയില്‍നിന്ന് ശേഖരിച്ച സ്വര്‍ണത്തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചുവച്ച മണ്ണില്‍നിന്ന് തമിഴ്‌നാട് സ്വദേശികളെക്കൊണ്ട് ഇവര്‍ അഞ്ചുകിലോ സാമ്പിള്‍ എടുപ്പിച്ചു.

തുടര്‍ന്ന് ഒരു മുറിയില്‍ പ്രത്യേകം തയ്യാറാക്കിയ മേശയ്ക്കുമുകളില്‍ വച്ച ത്രാസില്‍ സാമ്പിള്‍ തൂക്കി. ഈ സമയം ടേബിളിനടിയില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ടേബിളിലും ത്രാസിലും നേരത്തേ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വര്‍ണലായനി കുത്തിവച്ചു. ഈ സാമ്പിളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായതോടെ നാമക്കല്‍ സ്വദേശികള്‍ക്ക് വിശ്വാസമായി.

പ്രതികള്‍ക്ക് 50 ലക്ഷം രൂപയും രണ്ട് ചെക്കുകളും നല്‍കി അഞ്ചു ടണ്‍ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്. എന്നാല്‍, സാമ്പിളായി എടുത്ത മണ്ണില്‍നിന്ന് സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ അളവില്‍ സ്വര്‍ണം ലഭിച്ചതോടെ സംശയം തോന്നിയ തമിഴ്‌നാട് സ്വദേശികള്‍ പാലാരിവട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇവരുടെ പേരില്‍ നാമക്കല്ലിനുസമീപത്തെ സേന്തമംഗലം സ്റ്റേഷനിലും എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.

പാലാരിവട്ടം ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രൂപേഷ്, എസ്ഐമാരായ ഒ എസ് ഹരിശങ്കര്‍, ജി കലേശന്‍, എഎസ്ഐമാരായ പി വി സിഷോഷ്, ടി എം ഷാനിവാസ്, എസ്സിപിഒമാരായ കെ പി ജോസി, എന്‍ എ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com