
തൃശൂര്‍: നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതെ പ്രതിസന്ധിയിലായതോടെ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നീക്കവുമായി കരുവന്നൂര്‍ സഹകരണ ബാങ്ക്. മാര്‍ച്ച് 31 നകം 1,000 പുതിയ നിക്ഷേപകരെ എത്തിക്കുകയാണ് ലക്ഷ്യം. ബാങ്കില്‍ നിലവില്‍ നിക്ഷേപമുള്ളവര്‍ക്ക് പണം തിരികെ നല്‍കുന്നത് പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ഭരണസമിതിയുടെ നീക്കം.
100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന സിപിഎം ഭരിക്കുന്ന ബാങ്ക് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിയാതെ പ്രതിന്ധിയിലാണ്. ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ച് ലഭിക്കാന്‍ കഴിയാതെ വന്നതോടെ നിക്ഷേപകരുടെ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമാണ് അടിയന്തരമായി പണം ആവശ്യമുള്ള നിക്ഷേപകര്‍ക്ക് ബാങ്ക് ഇടക്കാല ഫണ്ട് വിതരണം ചെയ്യാന്‍ തുടങ്ങിയത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍, പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ബാങ്ക് ഭരണ സമിതി ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടിയാണ് നടത്തുന്നത്. 'ഇപ്പോള്‍, ബാങ്കിങ് സാധ്യമല്ലാത്ത ഒരു സാഹചര്യത്തിലാണ്, വായ്പ തിരിച്ചടവിനായി എല്ലാ മാസവും ബാങ്കിന് ലഭിക്കുന്ന 3.5 കോടി രൂപയുടെ ഫണ്ട് തികയുന്നില്ല. അതിനാല്‍ മാര്‍ച്ച് 31 നകം 1,000 പുതിയ നിക്ഷേപകരെ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സാമ്പത്തിക വര്‍ഷാവസാനത്തോടെ എല്ലാ ബാങ്കുകളും ഒരു നിക്ഷേപ ക്യംപെയ്ന്‍ നടത്തുന്നു, ഇത് വലിയ രീതിയില്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു' അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എല്‍ ശ്രീലാല്‍ പറഞ്ഞു. ഇതുവരെ 500-ലധികം പുതിയ നിക്ഷേപകര്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 1000 നിക്ഷേപകരെന്ന ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,അദ്ദേഹം പറഞ്ഞു.
'കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപത്തിന് ആളുകളെ പ്രേരിപ്പിക്കുക എന്നത് ഞങ്ങളുടെ ജീവനക്കാര്‍ക്ക് തീര്‍ച്ചയായും ഒരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. എന്നാല്‍ ഇപ്പോള്‍ തട്ടിപ്പ് പുറത്തുവരികയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തതിനാല്‍, ആളുകളെ നേരിട്ട് കണ്ട് അവരുടെ ആശങ്കകള്‍ പരിഹരിക്കുകയും അവരുടെ വിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നു,' ശ്രീലാല്‍ പറഞ്ഞു. ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി- ആകെ നിക്ഷേപം: 266.35 കോടി രൂപ, ആകെ വായ്പ: 389.17 കോടി രൂപ സ്വര്‍ണ്ണ വായ്പ: 2.64 കോടി രൂപ, എന്നിങ്ങനെയാണെന്നും അധികൃതര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക