
തൃശൂര്‍: ചാലക്കുടിയില്‍ പുലിയെ കണ്ട സംഭവുത്തില്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് മന്ത്രി കെ രാജന്‍. തെർമൽ ഡ്രോൺ ഉപയോഗിച്ച് ഇന്ന് രാത്രി തന്നെ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ തിരച്ചിൽ നടത്തണമെന്നും പുലിയുടെ സഞ്ചാര ദിശ നോക്കി കൂടുതൽ കൂടുകൾ സ്ഥാപിക്കണമെന്നും യോഗത്തില്‍ മന്ത്രി ഡിഎഫ്ഒയ്ക്ക് നിർദേശം നല്‍കി.
പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശത്ത് ഒരേ സമയം കൂടുതൽ ഉദ്യോഗസ്ഥരെ വിന്ന്യസിച്ച് തിരച്ചിൽ ഊർജിതമാക്കും. പുലിയെ പിടികൂടുന്നതില്‍ ഉടന്‍ തന്നെ ഒരു ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും മന്ത്രി ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കി. കൂടാതെ പ്രദേശത്ത് കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനും തിങ്കളാഴ്ച ജനകീയ തിരച്ചില്‍ നടത്താനും യോഗം നിര്‍ദേശിച്ചു. ആർആർടി സംഘടനകളെ കൂടുതൽ വേണമെങ്കിൽ ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
ചാലക്കുടിയിൽ 24 മണിക്കൂർ സജ്ജമായ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പുലിയെ കണ്ടാൽ ഉടൻ 9188407529 എന്ന നമ്പറിലേക്ക് വിളിച്ചു വിവരം അറിയിക്കാനും ഡിഎഫ്ഒ അറിയിച്ചു. രാമനിലയം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തില്‍ സനീഷ് കുമാർ ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, എഡിഎം ടി മുരളി, ചാലക്കുടി ഡിഎഫ്ഒ എം വെങ്കടേശ്വരൻ, വാഴച്ചാൽ ഡിഎഫ്ഒ ആർ ലക്ഷ്മി, ആർഎഫ്ഒ ഉദ്യോഗസ്ഥർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കൺഠരു മഠത്തിൽ, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക