

തിരുവനന്തപുരം: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന് പിന്തുണയുമായി മുഖ്യമന്ത്രി. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്.
ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയുടെ റീസെന്‍സറിംഗിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല.
ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates